News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 16, 2021, 7:57 AM IST
News18 Malayalam
ബ്രിസ്‌ബെയ്ന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 369ന് പുറത്ത്. ഇന്ത്യക്കായി ഷാർദൂൽ താക്കൂറും അരങ്ങേറ്റക്കാരായ ടി നടരാജനും വാഷിങ്ടൺ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 5ന് 274 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്.
ടിം പെയ്‌നും കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസിൽ. പെയ്ന്‍ 50 റണ്‍സും ഗ്രീന്‍ 47 റണ്‍സുമെടുത്ത് പുറത്തായി. ഗ്രീനിന്റെ വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തിയപ്പോള്‍ പെയ്‌നിനെ ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിനെ പെട്ടന്നു തന്നെ ഷാര്‍ദുല്‍ പുറത്താക്കിയെങ്കിലും അതിനുശേഷം ഒത്തുച്ചേര്‍ന്ന മിച്ചൽ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് സ്കോര്‍ 350 കടത്തി. 24 റണ്‍സെടുത്ത ലിയോണിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഓസിസിന് 9 വിക്കറ്റ് നഷ്ടമായി. പിന്നാലെ സ്കോർ 369ൽ നിൽക്കെ ഉഗ്രനൊരു പന്തിൽ ഹേസിൽവുഡ്ഡിനെ
ടി നടരാജൻ ക്ലീൻ ബൗൾഡാക്കി.
Also Read-
സയിദ് മുഷ്താഖ് അലി ടി20: ആദ്യപന്തിൽ അസ്ഹറുദ്ദീൻ പുറത്ത്; എങ്കിലും കേരളം ഡൽഹിയെ തകര്‍ത്തു
ആദ്യദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ചു റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ഷാര്‍ദുല്‍ താക്കൂറുമാണ് മടക്കിയത്. എന്നാല്‍, ഒന്‍പതാം ഓവര്‍ മുതല്‍ കൂട്ടുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷെയ്‌നും ഓസിസിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 36 റണ്‍സെടുത്ത സ്മിത്തിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി.
സ്മിത്തിനുശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ലബുഷെയ്‌നിനെ പുറത്താക്കാനുള്ള അവസരം നേരത്തേ ലഭിച്ചിരുന്നെങ്കിലും നായകന്‍ അജിങ്ക്യ രഹാനെ ക്യാച്ച് കൈവിട്ടതോടെ താരത്തിന് വീണ്ടും ജീവന്‍ ലഭിച്ചു. പിന്നാലെ ലബുഷെയ്ന്‍ സെഞ്ചുറിയും നേടി. താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. 195 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഒന്‍പത് ബൗണ്ടറികള്‍ ലബുഷെയ്‌നിന്റെ ബാറ്റില്‍ നിന്നും പിറന്നു.
Also Read-
ലൈംഗിക പീഡന ആരോപണം; പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസ്
പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യനിലയിലാണ്. അതുകൊണ്ടുതന്നെ ബ്രിസ്ബേനിലെ അവസാന ടെസ്റ്റ് നിര്‍ണായകമാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് സ്വന്തമാക്കിയപ്പോള്‍ മെല്‍ബണില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റ് ഇന്ത്യ അവിശ്വസനീയമായ പോരാട്ടത്തിലൂടെ സമനിലയിലാക്കുകയും ചെയ്തു.
Published by:
Rajesh V
First published:
January 16, 2021, 7:57 AM IST