കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊൽക്കത്തയിൽ പുതിയ വീട് വാങ്ങി. ദക്ഷിണ-പടിഞ്ഞാറ് കൊൽക്കത്തയിലെ ബെഹാലയിലെ തറവാട്ട് വീട്ടിൽ താമസിച്ചിരുന്ന ഗാംഗുലി, ഇനി മുതൽ സെൻട്രൽ കൊൽക്കത്തയിലെ ബംഗ്ലാവിലായിരിക്കും താമസം. സെൻട്രൽ കൊൽക്കത്തയിലെ റൗഡൺ സ്ട്രീറ്റിൽ 42 കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവുമാണ് ഗാംഗുലി സ്വന്തമാക്കിയത്. 'മഹാരാജ' എന്നറിയപ്പെടുന്ന ഗാംഗുലിയുടെ ഇന്ത്യൻ അരങ്ങേറ്റം മുതൽ കൊൽക്കത്തയും അദ്ദേഹവും തമ്മിലുള്ള ആത്മബന്ധം ഏറെ പരസ്യമായ കാര്യമാണ്. ഇതേക്കുറിച്ച് നിരവധി വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
കൊൽക്കത്തയിലെ വ്യാപാരം നടത്തിയിരുന്ന ഒരു ഗുജറാത്തി കുടുംബത്തിൽ നിന്നാണ് ഗാംഗുലി പുതിയ വീട് വാങ്ങിയത്. ഈ വീട് അറ്റകുറ്റപ്പണികൾ തീർത്തശേഷമാകും ഗാംഗുലിയും കുടുംബവും താമസം തുടങ്ങുക. നിലവിൽ, 49 കാരനായ ഗാംഗുലി ബെഹാലയിൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്, ഗാംഗുലിയുടെ തറവാട് വീടായ ഇവിടെ കൂട്ടുകുടുംബ വ്യവസ്ഥിതിയിലാണ് അദ്ദേഹം താമസിക്കുന്നത്. ഗാംഗുലിയുടെ സഹോദരൻമാരുടെ കുടുംബം ഉൾപ്പടെ അമ്പതിലേറെ പേർ ഇവിടെ താമസിക്കുന്നുണ്ട്.
ഏതായാലും ഗാംഗുലി റൗഡൺ സ്ട്രീറ്റിൽ വീട് വാങ്ങിയ വിവരം അറിഞ്ഞു, ഈ പ്രദേശത്ത് താമസിക്കുന്നവർ വളരെ സന്തോഷത്തിലാണ്. തങ്ങൾ ഏറെ ആരാധിക്കുന്ന കായികതാരം ഇവിടേക്ക് എത്തുന്നതിൽ ഏറെ ത്രില്ലിലാണെന്ന് പ്രദേശവാസികൾ പറയുന്നു. ഗാംഗുലിയുടെ അയൽക്കാരാണെന്ന് പറയുന്നത് അഭിമാനകാരമായ കാര്യമാണെന്നും അവർ പറഞ്ഞു.
“ദാദ ഞങ്ങളോടൊപ്പമുണ്ടാകുമെന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹം ഇവിടെ താമസിക്കും, ഞങ്ങൾ ആവേശഭരിതരാണ്, ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.”- ഈ മേഖലയിൽ ഒരു കടയുള്ള പരിമൾ റോയ് ന്യൂസ് 18-നോട് പറഞ്ഞു.
ഭാര്യ ഡോണയ്‌ക്കൊപ്പം ഗാംഗുലി പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നതായും വൃത്തങ്ങൾ പറയുന്നു. എന്നാൽ വീട് നിർമ്മിക്കുന്നതിനേക്കാൾ ഒരു വീട് വാങ്ങി അത് അറ്റകുറ്റപ്പണികൾ തീർക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തിലേക്ക് വരികയായിരുന്നു. ഇതേത്തുടർന്നാണ് ഗാംഗുലി റൗഡൺ സ്ട്രീറ്റിൽ വീട് വാങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sourav ganguly