യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. അതിൽ ഫൈനൽ മത്സരം കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടേയും ചെൽസിയുടേയും ആരാധകർക്ക് തങ്ങളുടെ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്നത് അവർക്ക് ഒരു പടി കൂടി മുകളിൽ ആവേശം നൽകുന്നു. ഇന്ന് രാത്രി 12.30ക്കാണ് ഇരു ടീമുകളും പോർട്ടോയിൽ ഏറ്റുമുട്ടുന്നത്. ഇത്തരം ആവേശകരമായ മത്സരങ്ങൾ അരാധകർക്ക് നൽകുന്ന ആവേശം ചില്ലറയല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ പ്രശ്നങ്ങൾക്ക് ഇത്തരം മത്സരങ്ങൾ വഴിവെക്കാറുണ്ട്. പക്ഷേ ഇപ്പോഴിതാ കളത്തിന് പുറത്ത് ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ വലിയ ഏറ്റുമുട്ടൽ ആണ് നടന്നിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർ വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലിൽ ഏർപ്പെട്ടത്.
പോർച്ചുഗലിന്റെ തീരദേശ നഗരമായ എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിലാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക. ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്ന പോർച്ചുഗലിലെ പോർട്ടോ നഗരത്തിലെ സാവോ ബെന്റോ റെയിൽവേ സ്റ്റേഷനും ദ്യുറോ നദിക്കും സമീപമാണ് അക്രമങ്ങൾ നടന്നതെന്നാണ് വിദേശ മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലെ ബാറുകൾ നേരത്തെ അടച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ അവിടത്തെ ലോക്കൽ പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടത്.
കഴിഞ്ഞ രാത്രിയിലും അക്രമം നടന്നിരുന്ന സ്ഥലത്ത് വീണ്ടും ഒരു അക്രമ ഉണ്ടായതോടെ രാത്രി സംഭവ സ്ഥലത്ത് എത്തിയ പോർച്ചുഗീസ് പൊലീസിന് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പാട് പെടെണ്ടി വന്നു. ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലും ഇന്റർനെറ്റിലും പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ നഗരത്തിൽ റോഡ് നിറയെ പൊലീസ് കാറുകളും പരസ്പരം ഏറ്റുമുട്ടുന്ന ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരേയും കാണാൻ കഴിയും.
Also Read-
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ: കന്നിക്കിരീടം തേടി സിറ്റി, ചെൽസിക്ക് രണ്ടാമൂഴം; ജേതാക്കളെ ഇന്നറിയാംപ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച്, പ്രശ്നത്തിന് തുടക്കമായ ബാറിലെ വെയിറ്റർ ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നം അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ ഇരുവശങ്ങളിലേയും ഒരു കൂട്ടം ആൾക്കാർ പരസ്പരം കസേരകൾ എറിയുകയുണ്ടായി. ഇതേ തുടർന്ന് കൈവിട്ടു പോയ പ്രശ്നത്തെ ബാറിന് പുറത്ത് കയ്യാങ്കളിയിൽ വരെയെത്തി. പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും വഷളായ പ്രശ്നത്തിൽ ഒരാൾ അടിയേറ്റ് നിലത്ത് കിടക്കുകയായിരുന്നു. പിന്നീട് ഇയാളെ നഗരത്തിലെ സാൻ അന്റോണിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന യൂറോപ്പ ലീഗ് ഫൈനലിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ വിയ്യറയലിനോട് തോറ്റ് കിരീടം നഷ്ടപ്പെടുത്തിയിരുന്നു. ഇതിൽ നിരാശരായിരക്കുകയായിരുന്ന യുണൈറ്റഡ് ആരാധകരെ അവരുടെ ചിര വൈരികളായ സിറ്റി ആരാധകർ കളിയാക്കിയതിൽ നിന്നുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവിടെ നിന്ന് ആരംഭിച്ച ഉന്തും തള്ളും പിന്നീട് ചെൽസി ആരാധകരുടെ കൂടി ഇടയിലേക്ക് എത്തിയെന്നാണ് പ്രശ്നത്തിന് ദൃക്സാക്ഷിയായ ഒരു വ്യക്തി പറയുന്നത്. ഇയാൾ പറയുന്നത് അക്രമാസക്തരായ ആരാധകരെ അവസാനം തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ബാറ്റൺ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത് എന്നാണ്. പ്രശ്നം കൈവിട്ടു പോയെങ്കിലും സംഭവത്തിൽ ഇതുവരെയും പൊലീസ് അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവം വളരെ പെട്ടെന്ന് തന്നെ തീർപ്പാക്കി എന്നാണ് പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടം തേടിയിറങ്ങുന്ന സിറ്റിയും 2012ന് ശേഷം വീണ്ടും കിരീടം നേടാൻ ഇറങ്ങുന്ന ചെൽസിയും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആവേശം കൊടുമുടി കയറുമെന്ന് ഉറപ്പാണ്. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവയ്ക്കുന്നത്. പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റിക്ക് ഇന്ന് ജയിക്കാനായൽ സീസണിൽ ട്രെബിൾ കിരീട നേട്ടം ആഘോഷിക്കാം. അതോടൊപ്പം ചെൽസിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ബാഴ്സയിലും ബയേണിലും അത്ഭുതങ്ങൾ സൃഷ്ടിച്ച പെപ് ഗാർഡിയോളക്കും ഇതൊരു അവിസ്മരണീയ നേട്ടം തന്നെയാകും. പക്ഷേ മറുവശത്ത് തോമസ് ടുച്ചെൽ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ചെൽസിയും മികച്ച രീതിയിലാണ് കളിക്കുന്നത്. ടുച്ചലിന്റെ കീഴിലെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവർക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ എഫ് എ കപ്പിലെ ഫൈനൽ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് അവർ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഫൈനലിൽ വിജയം നേടുക എന്നത് അവർക്കും അനിവാര്യമായ കാര്യമാണ്.
Also Read-
സിദാന് പകരക്കാരനെ തേടുന്നു; പൊച്ചട്ടീനോ, കോണ്ടെ എന്നിവരെ ലക്ഷ്യം വെച്ച് റയൽ മാഡ്രിഡ്സൂപ്പർ താരങ്ങൾ തിങ്ങി നിറഞ്ഞ രണ്ടു ടീമുകൾ പരസ്പരം പോരാടുമ്പോൾ ആരാകും കിരീടം നേടുക എന്നത് പ്രവചനാതീതമാണ്. മത്സരത്തിൽ ആര് ജയിച്ചാലും കിരീടം ഇംഗ്ലണ്ടിലേക്ക് തന്നെയാണ് പോവുക, അത് സ്റ്റാംഫോർഡ് ബ്രിഡ്ജിലെക്കാണോ അതോ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്കാണോ പോവുക എന്നത് കാത്തിരുന്ന് കാണാം. ഇന്ത്യൻ സമയം രാത്രി 12 30 ന് മത്സരം സോണി ചാനലുകളിൽ തൽസമയം കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.