ജര്‍മ്മന്‍ ഫുട്‌ബോളിന് സംഭവിച്ചതെന്ത്?; തിരിച്ചുവരുമോ യോക്കിം ലോയുടെ കുട്ടികള്‍
Last Updated:
#അനൂപ് എ
ജര്‍മന്‍ ഫുട്‌ബോളിന് തിരിച്ചടികളുടെ സമയമാണ്. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ മുന്‍ ലോക ചാമ്പ്യന്‍മാര്‍ യുവേഫ നേഷന്‍സ് ലീഗിലും തുടര്‍ തോല്‍വികള്‍ നേരിടുകയാണ്. എന്നാല്‍ ലോകകപ്പിനു മുമ്പുള്ള ജര്‍മ്മനിയുടെ അവസ്ഥ ഇതായിരുന്നില്ല. 2016 ജൂലൈ ഏഴിന് നടന്ന യൂറോകപ്പ് സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നെങ്കിലും അതിനു ശേഷവും ശക്തമായി തിരിച്ച വരാന്‍ ജര്‍മ്മന്‍ പടയ്ക്ക് കഴിഞ്ഞിരുന്നു.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യൂറോപ്യന്‍ ടീമുകളുടെ പോരാട്ടമായിരുന്നു യൂറോകപ്പ് സെമിഫൈനല്‍. ലോക ചാംപ്യന്‍മാരായ ജര്‍മനിയെ യുവാക്കളുടെ കരുത്തുമായി എത്തിയ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. എന്നാല്‍ പിന്നീട് റിയൊ ഒളിംപിക്‌സില്‍ ജര്‍മ്മനിയുടെ അണ്ടര്‍ 23 ടീം രണ്ടാമതെത്തി. 21 വയസില്‍ താഴെയുള്ളവരുടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയുടെ യുവനിര ജേതാക്കളുമായി. രണ്ടാം നിര ടീമിനെ അയച്ചിട്ടുപോലും 2017ലെ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കിരീടവും ബെര്‍ലിന്‍ നഗരത്തിലെത്തി.
advertisement
ലോകകപ്പ് യോഗ്യത റൗണ്ടില്‍ പത്ത് കളിയിലും ജയിച്ചാണ് ജര്‍മ്മനി ലോകകപ്പിനെത്തിയത്. അടിച്ചുകൂട്ടിയത് 39 ഗോളുകളും. യൂത്ത് ടീമും റിസര്‍വ് നിരയുമെല്ലാം പൂര്‍ണ സജ്ജവുമായിരുന്നു. ലോകകപ്പിനൊരുങ്ങുമ്പോള്‍ ശുഭ സൂചനകളാണ് ഇതെല്ലാം ജര്‍മനിക്ക് നല്‍കിയത്. ബി ടീമിനെ ഇറക്കിയാല്‍ പോലും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാണെന്നായിരുന്നു ആരാധകരുടെ അവകാശവാദം. പക്ഷെ റഷ്യയില്‍ ജര്‍മനിയെ കാത്തിരുന്നത് വലിയ ദുരന്തമാണ്. ആദ്യമായി ടീം ഒന്നാം റൗണ്ടില്‍ പുറത്തായി. 2016 യൂറോ സെമിയില്‍ ജര്‍മനിയെ തോല്‍പിച്ച ഫ്രാന്‍സ് 2018 ല്‍ ലോകചാംപ്യന്‍മാരായി.
advertisement
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു നിലവിലെ ചാംപ്യന്‍മാരുടെ മടക്കം. അപ്രതീക്ഷിത പുറത്താകല്‍ ജര്‍മനിയെയും ഉലച്ചു. എങ്കിലും ഒരു ടൂര്‍ണമെന്റിലെ മോശം പ്രകടനം മാത്രമാണെന്നായിരുന്നു ആരാധകരും ഫുട്‌ബോള്‍ ലോകവും കരുതിയത്. ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തി ഏതാനം യുവതാരങ്ങളെ ഉള്‍പ്പെടുത്തി അഴിച്ചുപണി നടത്തിയാല്‍ ഏല്ലാം പഴയപടി ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അതിന് ശേഷം ഇപ്പോള്‍ യുവേഫ നേഷന്‍സ് ലീഗിലും ജര്‍മന്‍ പട പരുങ്ങുകയാണ്.
advertisement
ലീഗില്‍ 3 മത്സരം കഴിഞ്ഞപ്പോള്‍ ജര്‍മനിക്കുള്ളത് ഒറ്റ പോയിന്റ് മാത്രം. ഇതുവരെ ഒരു ഗോള്‍ പോലുമടിക്കാന്‍ കഴിഞ്ഞുമില്ല. ആദ്യ മത്സരത്തില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ തിരിച്ചുവരവിന്റെ തുടക്കമാണെന്നാണ് ആരാധകര്‍ കരുതിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ തകര്‍ന്നടിഞ്ഞു ജര്‍മന്‍ സംഘം. ഏറ്റവുമൊടുവില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങി തരംതാഴ്ത്തലിന്റെ വക്കിലെത്തി നില്‍ക്കുകയാണ് മുന്‍ ലോക ചാംപ്യന്‍മാര്‍
ലോകകപ്പിലെ തിരിച്ചടി തുടക്കം മാത്രമായിരുന്നു എന്നതിന്റെ സൂചനകളാണ് നേഷന്‍സ് ലീഗില്‍ ജര്‍മനിയുടെ പ്രകടനം നല്‍കുന്നത്. ലോകകപ്പിന് മുന്‍പ് തന്നെ പലരും ജര്‍മനിയുടെ തകര്‍ച്ച പ്രവചിച്ചിരുന്നു. അവരുടെ മധ്യനിരക്ക് പ്രായമേറിത്തുടങ്ങിയിരുന്നു. ഷ്വാന്‍സ്റ്റീഗര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ഒരു മികച്ച സ്‌ട്രൈക്കറില്ല. വ്യക്തിഗതമികവിലും താരങ്ങള്‍ പിന്നോട്ടുപോയി. യൂറോ കപ്പിന് മുമ്പുള്ള രണ്ട് വര്‍ഷം ബുണ്ടസ് ലീഗയില്‍ 33 ഗോളടിച്ച തോമസ് മുള്ളര്‍ക്ക് അടുത്ത രണ്ട് വര്‍ഷം കൊണ്ട് അതിന്റെ പകുതി പോലും നേടാനായില്ല.
advertisement
ഭാവിയുടെ താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും നിരാശപ്പെടുത്തുകയും ചെയ്തു. അതിനര്‍ത്ഥം ജര്‍മനിയുടെ വീഴ്ച അപ്രതീക്ഷിതമായിരുന്നില്ല എന്ന് തന്നെയാണ്. നേഷന്‍സ് ലീഗിന്റെ വരവാണ് അവസ്ഥ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നത്. ഇതിന് മുമ്പ് ലോകകപ്പിന് ശേഷം അടുത്ത യൂറോ കപ്പിലാണ് ടീമുകളുടെ മികവ് വെളിപ്പെടുത്തുന്ന മത്സരങ്ങള്‍ നടന്നിരുന്നത്. ഇതിനിടെ ചില സൗഹൃദമത്സരങ്ങള്‍ കളിക്കുമെങ്കിലും മിക്കപ്പോഴും ദുര്‍ബലര്‍ക്കെതിരെയാണ് ആ പോരാട്ടങ്ങള്‍ നടന്നിരുന്നതും.
advertisement
ലോകകപ്പ് യോഗത്യ റൗണ്ടിലും ജര്‍മനി നേരിട്ടത് വടക്കന്‍ അയര്‍ലന്‍ഡ്, നോര്‍വേ, അസര്‍ബെജാന്‍, സാന്‍ മരിനോ തുടങ്ങിയ ടീമുകളെയാണ്. ഇപ്പോഴും ജര്‍മനിയുടെ ബി ടീമിന് പോലും ഇവരെ തോല്‍പിക്കുന്നത് അത്ര ബുദ്ധിമുട്ടുമല്ല. എന്നാല്‍ നേഷന്‍സ് ലീഗിന്റെ വരവോടെ പഴയ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് അടക്കമുള്ള കരുത്തരയാണ് ടൂര്‍ണമെന്റില്‍ ജര്‍മനി നേരിട്ടത്. ടീമിന്റെ പാളിച്ചകളും പിഴവുകളും തിരിച്ചറിയാന്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണ്. ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ ഈ തോല്‍വികള്‍ സഹായകമായെന്ന് ജര്‍മന്‍ കോച്ച് യോക്കിം ലോ തന്നെ പറയുകയുണ്ടായി
advertisement
ഏതായാലും അടുത്ത യൂറോ കപ്പിന് ഒന്നരവര്‍ഷത്തിലേറെ ബാക്കിയുണ്ട്. ലോകകപ്പിന് നാല് വര്‍ഷവും. പ്രതിഭാദാരിദ്ര്യം ഒട്ടുമില്ലാത്ത ഒരു രാജ്യത്തിന് മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ആവശ്യത്തിന് സമയമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ജര്‍മ്മന്‍ ഫുട്‌ബോളിന് സംഭവിച്ചതെന്ത്?; തിരിച്ചുവരുമോ യോക്കിം ലോയുടെ കുട്ടികള്‍