IND vs SL, 2nd Test | ഒറ്റയ്ക്ക് പൊരുതി അയ്യർ (92); ചിന്നസ്വാമിയിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 252ന് പുറത്ത്
- Published by:Naveen
- news18-malayalam
Last Updated:
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അയ്യരുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്
ശ്രീലങ്കയ്‌ക്കെതിരായ (IND vs SL, 2nd Test) രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ (India) 252 റൺസിന് പുറത്ത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരുടെ കൂടെ നിന്നതോടെ ബാറ്റർമാർ പ്രതിരോധത്തിലാവുകയായിരുന്നു. പിച്ചിൽ നിന്നും ലഭിച്ച പിന്തുണയുടെ ബലത്തിൽ ലങ്കൻ ബൗളർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. മറ്റ് ബാറ്റർമാർ പതറിയ പിച്ചിൽ യുവതാരം ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് തുണയായത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അയ്യരുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. 98 പന്തുകളിൽ നിന്നും 10 ഫോറും നാല് സിക്സറുകളും കണ്ടെത്തിയ അയ്യർ അർഹിച്ച സെഞ്ചുറിക്ക് എട്ട് റൺസകലെ 92ൽ പുറത്താവുകയായിരുന്നു. ബൗളിങ്ങിൽ ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ലസിത് എംബുൾഡെനിയ, പ്രവീൺ ജയവിക്രമ എന്നിവർ തിളങ്ങി.
Innings Break!
Final wicket of @ShreyasIyer15 falls for 92 as #TeamIndia are all out for 252 in the first innings of the 2nd Test. This will also be the Dinner break.
Scorecard - https://t.co/t74OLq7xoO #INDvSL @Paytm pic.twitter.com/BgSVrpyafO
— BCCI (@BCCI) March 12, 2022
advertisement
ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 29 റൺസ് ചേർക്കുന്നതിനിടെ അവർക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറയാണ് ലങ്കയുടെ മുൻനിരയെ തകർത്തത്.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള ധാരണപ്പിശകിനെ തുടർന്ന് മായങ്ക് അഗർവാൾ (4) റൺ ഔട്ട് ആവുകയായിരുന്നു. മായങ്ക് പുറത്തായി അധികം വൈകാതെ 10-ാം ഓവറിൽ രോഹിത്തിനെ മടക്കി എംബിൽഡെനിയ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 25 പന്തുകളിൽ നിന്ന് ഒരു സിക്സും ഫോറുമടക്കം 15 റൺസ് എടുത്ത രോഹിത്തിനെ ലങ്കൻ സ്പിന്നർ ധനഞ്ജയ ഡിസിൽവയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
Also read- Mithali Raj | 'സബാഷ് മിതാലി'; വനിതാ ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്യാപ്റ്റൻ; സ്വന്തമായത് അപൂർവ റെക്കോർഡ്
പിന്നീട് ക്രീസിൽ ഒന്നിച്ച ഹനുമ വിഹാരി - വിരാട് കോഹ്ലി സഖ്യം ഇന്ത്യയെ തുടക്കത്തിലേ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 47 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 81 പന്തുകളിൽ നിന്നും നാല് ബൗണ്ടറിയടക്കം 31 റൺസെടുത്ത വിഹാരിയെ മടക്കി പ്രവീൺ ജയവിക്രമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുരുക്കി ധനഞ്ജയ ഡിസിൽവ ഇന്ത്യക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. 48 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 23 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. ഇതോടെ ഒരു അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള കോഹ്‌ലിയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു.
advertisement
പിന്നീട് ശ്രേയസ് അയ്യരും ഋഷഭ് പന്തും ക്രീസിൽ ഒന്നിക്കുകയായിരുന്നു. ടെസ്റ്റ് മത്സരം ടി20യാക്കി മാറ്റിയ പന്ത് തകർത്തടിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ ഉയരാൻ തുടങ്ങി. എന്നാൽ തകർത്തടിച്ച് മുന്നേറുകയായിരുന്ന പന്തിനെ ബൗൾഡാക്കി എംബുൾഡെനിയ ലങ്കയ്ക്ക് ബ്രേക്ത്രൂ നൽകി. 26 പന്തുകളിൽ നിന്ന് ഏഴ് ഫോറുകൾ സഹിതം 39 റൺസ് നേടിയാണ് പന്ത് പുറത്തായത്. പിന്നീട് ക്രീസിൽ എത്തിയത് കഴിഞ്ഞ മത്സരത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ആറടി ജഡേജയായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ പ്രകടനം ആവർത്തിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞില്ല. എംബുൾഡെനിയയുടെ പന്തിലെ ബൗൺസ് മനസിലാക്കാതെ കളിച്ച താരം തിരിമനെയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. കേവലം നാല് റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്.
advertisement
അശ്വിനും (13), അക്സറും (9) കാര്യമായ സംഭാവനകൾ നൽകാൻ കഴിയാതെ മടങ്ങിയതോടെയാണ് അയ്യർ വാലറ്റത്തിന്റെ സഹായത്തോടെ ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. വാലറ്റത്തെ മറുപുറത്ത് നിർത്തി തകർത്തടിച്ച അയ്യർ ഒടുവിൽ പത്തമനായാണ് പുറത്തായത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2022 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SL, 2nd Test | ഒറ്റയ്ക്ക് പൊരുതി അയ്യർ (92); ചിന്നസ്വാമിയിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 252ന് പുറത്ത്