• HOME
  • »
  • NEWS
  • »
  • sports
  • »
  • പതിനൊന്നാം വയസില്‍ 90 കിലോ തൂക്കം; തടി കുറയ്ക്കാന്‍ ജിമ്മിലേക്കുള്ള ബസ്സ് യാത്ര ചെന്നെത്തിയത് ഒളിമ്പിക് സ്വര്‍ണമെഡലില്‍

പതിനൊന്നാം വയസില്‍ 90 കിലോ തൂക്കം; തടി കുറയ്ക്കാന്‍ ജിമ്മിലേക്കുള്ള ബസ്സ് യാത്ര ചെന്നെത്തിയത് ഒളിമ്പിക് സ്വര്‍ണമെഡലില്‍

തടി കുറയ്ക്കാനായി ജിമ്മിലേക്ക് ബസില്‍ പോകുമ്പോള്‍ കണ്ട കാഴ്ചയാണ് നീരജിന്റെ ചിന്തകളില്‍ മാറ്റം വരുത്തിയത്. ശിവാജി സ്റ്റേഡിയം വഴിയാണ് ബസ് ജിമ്മിലേക്ക് പോകുന്നത്.

Reuters Photo

Reuters Photo

  • Share this:
    ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യന്‍ അത്‌ലറ്റിക്സിന്റെ ചരിത്രത്തെ തന്നെ മാറ്റി എഴുതിയിരിക്കുകയാണ് നീരജ് ചോപ്ര എന്ന ഹരിയാനയിലെ പാനിപത്ത് സ്വദേശി. ഹരിയാനയിലെ പാനിപത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടു കുടുംബത്തിലാണ് നീരജിന്റെ ജനനം. ചെറുപ്പത്തില്‍ പൊണ്ണത്തടിയനായിരുന്നു നീരജ്. മധുര പലഹാരങ്ങളിലാണ് കമ്പം കൂടുതല്‍. പതിനൊന്നാം വയസ്സില്‍ തന്നെ ശരീരഭാരം 90 കിലോ വരെയെത്തി. ഇതോടെ വീട്ടുകാര്‍ അവനെ പാനിപ്പത്തിലെ സായ് ജിമ്മിലേക്കയച്ചു.

    കാന്ദ്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ആയിരുന്നു ജിം. കുട്ടി കുറച്ചു ഭാരം കുറയട്ടെ എന്നതു മാത്രമായിരുന്നു വീട്ടുകാരുടെ ചിന്ത.
    തടി കുറയ്ക്കാനായി ജിമ്മിലേക്ക് ബസില്‍ പോകുമ്പോള്‍ കണ്ട കാഴ്ചയാണ് നീരജിന്റെ ചിന്തകളില്‍ മാറ്റം വരുത്തിയത്. ശിവാജി സ്റ്റേഡിയം വഴിയാണ് ബസ് ജിമ്മിലേക്ക് പോകുന്നത്. സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ജിമ്മിലേക്കുള്ള യാത്ര ശിവാജി സ്റ്റേഡിയത്തിലേക്ക് മാറ്റി നീരജ് തന്റെ വഴി ഇതാണെന്ന് ഉറപ്പിച്ചു.

    തടി കുറയുകയും ജാവലിനില്‍ ശ്രദ്ധ വയ്ക്കുകയും ചെയ്ത ചോപ്ര ചുരുങ്ങിയ കാലയളവില്‍ രാജ്യാന്തര ശ്രദ്ധ നേടി. 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 82.23 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തി. 2016ല്‍ ഐഎഎഫ് വേള്‍ഡ് അണ്ടര്‍ 20 ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ജൂനിയര്‍ തലത്തില്‍ ലോകറെക്കോര്‍ഡിട്ടു. എന്നാല്‍ 2016ല്‍ സമ്മര്‍ ഒളിംപിക്സിലേക്ക് താരത്തിന് യോഗ്യത നേടാനായില്ല.

    2017 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 2018ല്‍ ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ എറിഞ്ഞ് ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. ഇതേ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ നേടിയ 88.06 മീറ്ററാണ് കരിയര്‍ ബെസ്റ്റ്. ഈ വര്‍ഷം ഫിന്‍ലന്‍ഡില്‍ നടന്ന കൗര്‍ടനെ ഗെയിംസില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് നീരജ് ടോക്യോയിലേക്ക് വിമാനം കയറിയത്.

    Also read: ഉവെ ഹോണ്‍; 23ആം വയസില്‍ തനിക്കു നഷ്ടപ്പെട്ട ഒളിമ്പിക് സ്വര്‍ണമെഡല്‍ 37 വര്‍ഷത്തിനു ശേഷം ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച്

    ഇത്തവണ ഒളിമ്പിക്‌സ് ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതോടെ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യില്‍ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്പിക് മെഡലുകള്‍ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്ലറ്റിക്സില്‍ ഒരു മെഡല്‍ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
    Published by:Sarath Mohanan
    First published: