ആദ്യ അന്താരാഷ്ട്ര കിരീടം; മെസി റൊണാൾഡോയ്‌ക്കൊപ്പം; ഇതിഹാസതാരങ്ങളുടെ കിരീടനേട്ടങ്ങൾ
- Published by:Joys Joy
- trending desk
Last Updated:
ഈ അവിസ്മരണീയമായ വിജയത്തിലൂടെ 34കാരനായ ആ ഇടങ്കാലൻ 'മിശിഹ'യുടെയും ആരാധകരുടെയും ഏറെക്കാലത്തെ മോഹം പൂവണിഞ്ഞു.
റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ വെച്ച് ഞായറാഴ്ച ബ്രസീലിനെ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തകർത്തു കൊണ്ട് അർജന്റീന കോപ്പ അമേരിക്ക സ്വന്തമാക്കിയതോടെ ലയണൽ മെസി തന്റെ രാജ്യം നേരിട്ടിരുന്ന 'കപ്പ് വരൾച്ചയ്ക്ക്' കൂടി വിരാമമിട്ടിരിക്കുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ദേശീയ ഫുട്‍ബോൾ ടീം ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടുന്നത്. ഇതോടെ ഉറുഗ്വേയോടൊപ്പം 15 കോപ്പ അമേരിക്ക കിരീടങ്ങൾ നേടിക്കൊണ്ട് അർജന്റീനയും ടോപ്പർ സ്ഥാനം പങ്കിടുന്നു. ബ്രസീൽ ഇതുവരെ ആകെ നേടിയിട്ടുള്ളത് 9 കോപ്പ അമേരിക്ക കിരീടങ്ങളാണ്.
ചിരവൈരികളായ അർജന്റീനയും ബ്രസീലും ഇത്തവണ കോപ്പ അമേരിക്കയുടെ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയുടെ കിരീട നേട്ടത്തിനായി ലോകത്തെമ്പാടുമുള്ള ആരാധകർ കൊതിക്കുകയായിരുന്നു. ക്ലബ് ഫുട്‍ബോളിൽ തന്റെ ടീമായ ബാഴ്‌സലോണയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലോക ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസിക്ക് തന്റെ ദേശീയ ടീമിന് ഒരു കപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് എക്കാലത്തെയും വലിയ സങ്കടമായിരുന്നു. ഈ അവിസ്മരണീയമായ വിജയത്തിലൂടെ 34കാരനായ ആ ഇടങ്കാലൻ 'മിശിഹ'യുടെയും ആരാധകരുടെയും ഏറെക്കാലത്തെ മോഹം പൂവണിഞ്ഞു.
advertisement
ഇതിനു മുമ്പ് അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ് മെസി കളിച്ച ഫൈനൽ മത്സരങ്ങളിലൊക്കെ തോൽക്കാൻ ആയിരുന്നു ടീമിന്റെ വിധി. മൂന്നു തവണ കോപ്പ അമേരിക്കയുടെയും ഒരു തവണ ലോകകപ്പിന്റെയും ഫൈനലിൽ ഇടം നേടിയെങ്കിലും മെസിക്കും കൂട്ടുകാർക്കും തോറ്റു മടങ്ങാനേ കഴിഞ്ഞുള്ളൂ. തുടർച്ചയായി കപ്പ് നേടാൻ കഴിയാതെ വന്നതോടെ ലയണൽ മെസിക്ക് സ്വന്തം രാജ്യത്തിന് വേണ്ടി കപ്പ് നേടാൻ കഴിയാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു. എന്നാൽ, ഞായറാഴ്ച ആ വിമർശകരുടെയൊക്കെ വായടപ്പിച്ചു കൊണ്ട് മിശിഹായും കൂട്ടരും കപ്പിൽ മുത്തമിട്ടു. എതിരാളികളായ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സമ്പൂർണമായ താരതമ്യത്തിന് വിധേയമാകാനുള്ള അവസരം കൂടിയാണ് ഈ വിജയത്തോടെ മെസി സൃഷ്ടിച്ചത്.
advertisement
റൊണാൾഡോ പോർച്ചുഗലിന് വേണ്ടി യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടി അഞ്ച് വർഷത്തിന് ശേഷമാണ് മെസി ഈ അന്താരാഷ്ട്രനേട്ടം സ്വന്തമാക്കുന്നതെങ്കിലും ക്ലബ് ഫുട്‍ബോളിലെ കിരീടനേട്ടത്തിൽ മെസി റൊണാൾഡോയെക്കാൾ മുന്നിലാണ്. ബാഴ്‌സലോണയ്ക്ക് വേണ്ടി 10 ആഭ്യന്തര ലീഗ് കിരീടങ്ങൾ മെസി നേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ മൂന്ന് കപ്പുകൾക്ക് റൊണാൾഡോയെക്കാൾ മുന്നിലാണ് മെസി.
എന്നാൽ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ കാര്യത്തിൽ റൊണാൾഡോ മെസിയെക്കാൾ മുന്നിലാണ്. റൊണാൾഡോക്ക് 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ കഴിഞ്ഞപ്പോൾ മെസിക്ക് നാലെണ്ണം മാത്രമേ സ്വന്തമായുള്ളൂ. ആകെ കരസ്ഥമാക്കിയ കപ്പുകളുടെ എണ്ണത്തിൽ ബാഴ്‌സലോണ താരമായ മെസി ജുവന്റസിന്റെ മുന്നേറ്റനിര നായകൻ റൊണാൾഡോയെക്കാൾ ഒരു കിരീടത്തിന് മുന്നിലാണ്. മെസി 25 കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ റൊണാൾഡോയുടെ അക്കൗണ്ടിൽ 24 കിരീടങ്ങളാണ് ഉള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യ അന്താരാഷ്ട്ര കിരീടം; മെസി റൊണാൾഡോയ്‌ക്കൊപ്പം; ഇതിഹാസതാരങ്ങളുടെ കിരീടനേട്ടങ്ങൾ


