വര്‍ഷങ്ങള്‍ കഴിയുന്തോറും എം എസ് ധോണി നേടുന്ന ട്രോഫികളുടെ എണ്ണത്തില്‍ കാര്യമായി കുറവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഈ നാല്‍പത്കാരന്റെ വ്യക്തി പ്രാഭവവത്തിനും ആരാധകരുടെ എണ്ണത്തിനും ഇന്നും മാറ്റമില്ല. ഉദാഹരണത്തിന് ചെന്നൈ സൂപ്പർ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന 2021ലെ ഐപിഎല്‍ ഫൈനല്‍ മാച്ച് തന്നെയെടുക്കുക. ടോസ് സമയത്ത് ഇയാന്‍ ബിഷപ്പ് എന്താണ് പറഞ്ഞതെന്ന് ധോണിയ്ക്ക് കേൾക്കാൻ പോലും സാധിച്ചിട്ടില്ല. അത്രോത്തോളമായിരുന്നു ഈ കളിക്കാരനായി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരാധകരില്‍ നിന്നുമുണ്ടായ ആര്‍പ്പുവിളികള്‍. കെകെആറിന്റെ 193ലേക്കുള്ള ചേസ് തുടര്‍ന്നപ്പോള്‍, ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിലയുറപ്പിച്ചിരുന്ന ഒരു ക്യാമറാ പേഴ്‌സണ്‍ ധോണിയുടെ ആരാധികയായി മാറുകയായിരുന്നു. ധോണിയുടെ പ്രകടനത്തില്‍ ആവേശഭരിതയായ ഇവരുടെ പ്രതികരണങ്ങള്‍ മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ധോണിയുടെ അരാധിക അവകാശപ്പെടുന്നത് ചെന്നൈ സൂപ്പർ കിംഗിന്റെ പ്രകടനം നേരിട്ട് കാണുന്നതിനായി താൻ ചെന്നൈയിൽ നിന്ന് ദുബായ് വരെ യാത്ര ചെയ്യുകയായിരുന്നു എന്നാണ്. “മഹി തും ജഹാ ഹം വഹാ (മഹി, നിങ്ങൾ എവിടെ പോകുന്നുവോ, ഞങ്ങൾ നിങ്ങളെ പിന്തുടരും) . . . ചെന്നൈയിൽ നിന്ന് ദുബായ് വരെ നിങ്ങളുടെ കളി കാണാൻ എത്തി. സിഎസ്കെ ദയവായി കപ്പ് നാട്ടിലേക്ക് കൊണ്ടു വരു,” എന്നെഴുതിയ ബാനർ “fangirlforever” എന്ന് എഴുതികൊണ്ടാണ് ധോണിയുടെ ആരാധിക അവസാനിപ്പിച്ചിരിക്കുന്നത്.
ഫൈനലിൽ ചെന്നൈക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും ജയത്തിന് 27 റൺസ് അകലെ അവർ വീഴുകയാണുണ്ടായത്. ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തയ്കായി ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും തകർപ്പൻ തുടക്കമാണ് നൽകിയത്. ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറിയ സഖ്യം ഒന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. എന്നാൽ ഇതിന് ശേഷം ചെന്നൈ ബൗളർമാർ കളം വാഴുന്ന കാഴ്ചയാണ് കണ്ടത്. കൊൽക്കത്തയുടെ ഫോം കണ്ടെത്താൻ വിഷമിക്കുന്ന മധ്യനിര ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ കൂടാരം കയറ്റുകയായിരുന്നു ചെന്നൈ ബൗളർമാർ. കൊൽക്കത്ത നിരയിൽ ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.
Also read- IPL 2021 Final| ദുബായിൽ വിസിൽ മുഴക്കം; കൊൽക്കത്തയെ തോൽപ്പിച്ച് ചെന്നൈ ഐപിഎൽ ചാമ്പ്യന്മാർചെന്നൈക്കായി ബൗളിങ്ങിൽ ശാർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ദീപക് ചാഹർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് എടുത്തത്. തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയ മുൻനിര ബാറ്റർമാരുടെ പ്രകടനത്തിന്റെ ബലത്തിലാണ് ചെന്നൈ കൂറ്റൻ സ്കോർ നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ ഡുപ്ലെസിസ് തകർത്തടിച്ചതോടെയാണ് ചെന്നൈ 192ൽ എത്തിയത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.
Also read- MS Dhoni | ഒരങ്കത്തിന് കൂടിയുള്ള ബാല്യമുണ്ട്; ധോണി അടുത്ത ഐപിഎല്ലിലും ചെന്നൈക്കായി കളിക്കണമെന്ന് സെവാഗ്ഡുപ്ലെസിസിന് പുറമെ മൊയീൻ അലി (20 പന്തിൽ പുറത്താകാതെ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31), ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.