ലോകകപ്പ് വിജയത്തിന് ശേഷം ക്ലബ് ഫുട്ബോളിൽ കളിക്കാനായി ഫ്രാൻസിൽ തിരിച്ചെത്തിയ ലയണൽ മെസിക്ക് ആവേശകരമായ സ്വീകരണമൊരുക്കി പി.എസ്.ജി താരങ്ങൾ. ഗാർഡ് ഓഫ് ഓണർ നൽകിയാണ് പി.എസ്.ജി താരങ്ങൾ മെസിയെ വരവേറ്റത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഫിഫ ലോകകപ്പ് 2022 വിജയം ആഘോഷിച്ച ശേഷമാണ് മെസി അർജന്‍റീനയിൽനിന്ന് പാരീസിൽ തിരിച്ചെത്തിയത്.
പി.എസ്.ജി ആസ്ഥാനമായ പാർക് ഡെസ് പ്രിൻസസിൽ പരിശീലനത്തിന് എത്തിയ പി.എസ്.ജി താരങ്ങളും സപ്പോർട്ട് സ്റ്റാഫും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി. ക്ലബ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അദ്ദേഹത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു.
കഴിഞ്ഞ ദിവസം പാരീസ് വിമാനത്താവളത്തിലെത്തിയ മെസിക്ക് വീരോചിതമായ സ്വീകരണം നൽകിയിരുന്നു. ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ മികവിൽ അർജന്‍റീന ലോകകിരീടം നേടിയപ്പോൾ, അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വപ്നസാക്ഷാത്കാരമായിരുന്നു.
Also Read- മെസിയും നെയ്മറുമില്ലാതെ കളിച്ച പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി
മെസി ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ഈ സീസണിലെ ആദ്യ തോൽവി വഴങ്ങേണ്ടിവന്നിരുന്നു. ജനുവരി രണ്ടിന് ലെൻസിനെതിരെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി തോറ്റത്. തോൽവി നേരിട്ടെങ്കിലും ഫ്രഞ്ച് ലീഗ് വണ്ണിൽ 44 പോയിന്‍റുമായി പിഎസ്ജി തന്നെയാണ് ഒന്നാമത്. 40 പോയിന്‍റുമായി ലെൻസ് ആണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.