ജൂലൈയിൽ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സരങ്ങളുടെ തിയതികൾ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പരമ്പരയുടെ വേദികള്‍ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ജൂലൈ 13ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 16, 19 തിയതികളില്‍ അവശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ നടക്കും.
ജൂലൈ 22നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ജൂലൈ 24, 27 തിയ്യതികളിലാണ് ബാക്കിയുള്ള മത്സരങ്ങള്‍. പരമ്പരയില്‍ വിരാട് കോഹ് ലി, രോഹിത് ശർമ, ജസ്‌പ്രിത് ബുമ്ര തുടങ്ങി തങ്ങളുടെ മുൻനിര താരങ്ങളില്ലാതെയാവും ഇന്ത്യൻ ടീം യാത്രയാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരക്കുള്ള മാസങ്ങളാണ് വരാനിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് പറക്കും. 20 അംഗ ടീമിനെയും നാല് സ്റ്റാൻഡ്ബൈ താരങ്ങളെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
അതിനുശേഷം, ഇന്ത്യന്‍ ടീമിന് ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനവും, ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കേണ്ട സാഹചര്യത്തിൽ ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി പോകുന്ന ടീമിന് ശ്രീലങ്കൻ പര്യടനത്തിൽ പങ്കെടുക്കുക എന്നത് പ്രായോഗികമല്ല. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കഴിഞ്ഞേ ഇന്ത്യയിലേക്ക് തിരിച്ചെത്തൂ എന്നാണ് സൂചനകള്‍.
കേരളാ ബ്ലാസ്റ്റേഴ്‌സും രോഹിത് കുമാറും പരസ്പരധാരണയോടെ കരാര്‍ റദ്ദാക്കി; താരം ബെംഗളൂരു എഫ്‌സിയിലേക്ക്
രണ്ടാംനിര ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചാലും ഈ ടീമിന്റെ പരിശീലക ചുമതല ആരെ ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ബി സി സി ഐ വലിയ ആശയക്കുഴപ്പം നേരിടുന്നുണ്ട്. ടീമിന്റെ പ്രധാന പരിശീലക സംഘം ഇംഗ്ലണ്ടിൽ ആയിരിക്കുമെന്നതാണ് ഇതിന് കാരണം. ഇപ്പോളിതാ രണ്ടാംനിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്നതെങ്കില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും ഇന്ത്യന്‍ ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനെ ടീമിന്റെ പരിശീലക ചുമതല ഏല്‍പ്പിക്കാന്‍ ബി സി സി ഐ തീരുമാനിച്ചേക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരിക്കുന്നു. ദ്രാവിഡിനൊപ്പം എന്‍ സി എയിലെ കുറച്ച് പരിശീലകരും ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പറന്നേക്കുമെന്നും ബി സി സി ഐയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
1998ല്‍ ആണ് ഇന്ത്യ ഇത്തരത്തില്‍ രണ്ട് ടീമുകളെ ഇറക്കിയിട്ടുള്ളത്. കോലലംപൂരില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനും കാനഡയിലെ സഹാറ കപ്പിനുമായിരുന്നു ഇന്ത്യ മുമ്പ് ഇത്തരത്തില്‍ ടീമിനെ ഇറക്കിയത്.
ജൂലൈയില്‍ വേറെ മത്സരങ്ങള്‍ ഒന്നും ഇന്ത്യന്‍ ടീമിന് ഇല്ലാത്തതതിനാലാണ് ഇന്ത്യയുടെ രണ്ടാം ടീമിനെ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കാന്‍ ബി സി സി ഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ശ്രീലങ്കൻ പര്യടനത്തേക്കുറിച്ചുള്ള വാർത്തകൾ സൗരവ് ഗാംഗുലി പുറത്തു വിടുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി അടുത്തിടെ പ്രഖ്യാപിച്ച 20 അംഗ ടീമില്‍ ഉള്‍പ്പെടാത്ത താരങ്ങള്‍ക്കായിരിക്കും ശ്രീലങ്കന്‍ പര്യടനത്തിനായുള്ള ടീമില്‍ ഇടം ലഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.