ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ സിന്ധുവിന് ജയം. വനിതാ സിംഗിൾസ് ഇനത്തിലെ പ്രീക്വാർട്ടർ മത്സരത്തിൽ ജപ്പാന്റെ ലോക അഞ്ചാം നമ്പർ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പർ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ- 21-13, 22-20.
സെമിയിലേക്ക് മുന്നേറിയതോടെ ബാഡ്മിന്റണിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ റിയോയിൽ നേടിയ വെള്ളി ഇത്തവണ സ്വർണമാക്കാനുള്ള യാത്രയിലാണ് സിന്ധു. താരത്തിന്റെ ലക്ഷ്യം സഫലമാവാൻ കാത്തിരിക്കുകയാണ് രാജ്യം മുഴുവൻ.
ടോക്യോയിൽ സിന്ധുവിന്റെ തുടരെ അഞ്ചാമത്തെ ജയമായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിലും ഒരു സെറ്റ് പോലും കൈവിടാതെ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് ഇന്ത്യൻ താരം സെമിയിലേക്ക് മുന്നേറിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ജപ്പാൻ താരത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.
Also read- ടോക്യോ ഒളിമ്പിക്‌സ് 2020: ഇന്ത്യയുടെ ബോക്‌സിംഗ് മെഡല്‍ പ്രതീക്ഷ ലവ്ലിന ബോര്ഗോഹെയ്നെക്കുറിച്ചറിയാംആദ്യ സെറ്റിൽ തുടക്കത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ആറ് പോയിന്റ് വരെ തനിക്കൊപ്പം നിന്ന യമഗുച്ചിയെ പിന്നിലാക്കി സിന്ധു മുന്നോട്ട് കുതിക്കുകയായിരുന്നു. ജപ്പാൻ താരത്തിനെതിരെ മികച്ച കളി കാഴ്ചവെച്ച സിന്ധു മത്സരത്തിൽ പായിച്ച ഷോട്ടുകൾക്കൊപ്പം ഔട്ട് ലൈനിൽ എടുത്ത തീരുമാനങ്ങളിൽ കൂടി മികച്ച് നിന്നു. ലീഡ് നേടിയതിന് ശേഷം മുന്നോട്ട് കുതിച്ച സിന്ധു ഞൊടിയിടയിൽ പോയിന്റുകൾ നേടി സെറ്റ് സ്വന്തമാക്കുകയായിരുന്നു. തന്റെ ഉയരവും കരുത്തും മുതലാക്കി ജപ്പാൻ താരത്തെ ബുദ്ധിമുട്ടിച്ച സിന്ധു തന്റെ ക്രോസ് ഷോട്ടുകൾ കൊണ്ട് അക്ഷരാർത്ഥത്തിൽ പലപ്പോഴും താരത്തെ കോർട്ടിൽ മുട്ടുകുത്തിക്കുകയായിരുന്നു.
രണ്ടാം സെറ്റിലും ഇരുവരും ആദ്യ സെറ്റിലേതിന് സമാനമായി തുടക്കത്തിൽ ഒപ്പത്തിനൊപ്പം പോരാടി. പിന്നീട് ലീഡ് നേടി മുന്നോട്ട് കുതിച്ച സിന്ധു രണ്ടാം സെറ്റും അനായാസം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജപ്പാൻ താരം പിന്നിൽ നിന്ന് തിരിച്ചുവന്ന് സിന്ധുവിനെ 15-11 എന്ന നിലയിൽ നിന്നും 16-16 എന്ന നിലയിൽ ഒപ്പം പിടിച്ചു. പിന്നീട് കടുത്ത മത്സരമാണ് ഇരുവരും തമ്മിൽ നടന്നത്.
Also read- Tokyo Olympics | ബോക്സിങിൽ ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ച് ലവ്ലിന സെമിയിൽമികച്ച പോരാട്ടം പുറത്തെടുത്ത യമഗുച്ചി തുടരെ പോയിന്റുകൾ നേടി 20-18 എന്ന നിലയിൽ മുന്നിലെത്തി മത്സരം അടുത്ത സെറ്റിലേക്ക് നീട്ടിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച സ്മാഷുകളുമായി തുടരെ പോയിന്റുകൾ നേടി 22-20 എന്ന നിലയിൽ സിന്ധു സെറ്റും മത്സരവും ഒപ്പം സെമി യോഗ്യതയും കരസ്ഥമാക്കുകയായിരുന്നു.
ഇന്തോനേഷ്യയുടെ റാച്ചനോക് ഇന്റനോൺ - ചൈനീസ് തായ്‌പേയ് സു യിങ് തായ് ക്വാർട്ടർ മത്സര വിജയി ആയിരിക്കും സെമിയിൽ സിന്ധുവിന്റെ എതിരാളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.