ടോക്യോയിലെ ടെന്നീസ് കോർട്ടിൽ അട്ടിമറികൾ ഒഴിയുന്നില്ല. ഗോൾഡൻ സ്ലാം നേടി ചരിത്രം കുറിക്കാൻ എത്തിയ സെർബിയൻ താരമായ നൊവാക് ജോക്കോവിച്ചിനാണ് തിരിച്ചടിയേറ്റത്. ഒളിമ്പിക്സിൽ പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സ് പോരാട്ടത്തിന്റെ സെമിയിലാണ് ജോക്കോ വീണത്. സെമിയിൽ ജർമൻ താരമായ അലക്സാണ്ടർ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സെർബിയൻ താരം തോൽവി അറിഞ്ഞത്.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യം മുന്നിലെത്തിയത് ജോക്കോ ആയിരുന്നു. ആദ്യ സെറ്റ് 6-1 എന്ന സ്‌കോറിൽ അനായാസം നേടിയ ലോക ഒന്നാം നമ്പർ താരത്തിന് പിന്നീടുള്ള രണ്ട് സെറ്റുകളിൽ തന്റെ ഫോം നിലനിർത്താൻ കഴിഞ്ഞില്ല. രണ്ടാം സെറ്റ് 6-3ന് നേടി മത്സരത്തിലേക്ക് തിരിച്ചുവന്ന സ്വരേവ്, മൂന്നാം സെറ്റിൽ ജോക്കോയെ നിലം തൊടീച്ചില്ല. സെറ്റ് 6-1ന് സ്വന്തമാക്കിയ ജർമൻ താരം ജോക്കോവിച്ചിന്റെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ഫൈനലിലേക്ക് കടക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് മത്സരം നീണ്ടുനിന്നത്.
ടെന്നീസിൽ ഒരു സീസണിലെ എല്ലാ മേജർ കിരീട നേട്ടങ്ങളും സ്വന്തമാക്കുന്നതിനെയാണ് ഗോൾഡൻ സ്ലാം എന്ന് പറയുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടി മിന്നും ഫോമിൽ നിൽക്കുകയായിരുന്ന ജോക്കോവിച്ച് ഒളിമ്പിക്സിലെ സ്വർണവും ഒപ്പം ഈ വർഷം തന്നെ നടക്കുന്ന യുഎസ് ഓപ്പൺ കിരീടവും കൂടി നേടി ചരിത്രനേട്ടം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ടെന്നീസിൽ സ്റ്റെഫി ഗ്രാഫിന് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. 1993-94 വർഷത്തിലായിരുന്നു ടെന്നീസിലെ ഇതിഹാസ താരമായ സ്റ്റെഫിയുടെ ഈ ചരിത്ര നേട്ടം പിറന്നത്. അതിന് ശേഷം പുരുഷ - വനിതാ വിഭാഗത്തിൽ ഇതുവരെ ആയിട്ടും ആർക്കും ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ മികച്ച ഫോമിൽ കളിക്കുന്ന ജോക്കോവിച്ച് ഈ നേട്ടം സ്വന്തമാക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. ആ മോഹങ്ങൾക്ക് കൂടിയാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.