ഇന്ത്യൻ ടീമിൽ കളിക്കാൻ ഇനി ഡെക്‌സ സ്കാൻ നിർബന്ധം; എന്താണ് BCCIയുടെ ഈ പുതിയ സെലക്ഷൻ മാനദണ്ഡം
- Published by:Vishnupriya S
- news18-malayalam
Last Updated:
ശരീരത്തിലെ എല്ലുകളുടെ ശക്തി പരിശോധിക്കുന്നതിന് എക്സ്-റേ സഹായത്തോടെ നടത്തുന്ന ഒരു സ്കാനിങ്ങാണ് ഡെക്സ സ്കാൻ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതാ പരിശോധനക്കുള്ള മാനദണ്ഡമായിരുന്ന യോയോ ടെസ്റ്റ് (Yo-Yo Test) തിരികെ കൊണ്ട് വരാൻ ബിസിസിഐ (BCCI) തീരുമാനം. ടീമിൽ തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർ യോയോ ടെസ്റ്റ് കൂടി പാസ്സായാൽ മാത്രമേ മത്സരത്തിൽ കളിക്കാൻ യോഗ്യരാവുകയുള്ളൂ. യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ (DEXA Scan) എന്ന പുതിയൊരു മാനദണ്ഡം കൂടി ഇപ്പോൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്.
യോയോ ടെസ്റ്റ് എന്നത് ഇന്ത്യൻ ക്രിക്കറ്റർമാരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ കുറച്ച് വർഷം മുമ്പ് വരെ യോയോ ടെസ്റ്റിൽ മികച്ച സ്കോർ നേടുകയെന്നത് ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡം ആയിരുന്നു. യോയോ ടെസ്റ്റ് പാസ്സാകാത്തവർ ഫിറ്റ്നസ് ശരിയാക്കി വീണ്ടും ടെസ്റ്റ് പാസ്സായാൽ മാത്രമേ ഉൾപ്പെടുത്താറുള്ളൂ.
എന്താണ് ഡെക്സ?
ഇപ്പോഴിതാ യോയോ ടെസ്റ്റിന് പുറമെ ഡെക്സ സ്കാൻ എന്ന പുതിയ കടമ്പ കൂടി കടന്നാൽ മാത്രമേ കളിക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. ശരീരത്തിലെ എല്ലുകളുടെ ശക്തി പരിശോധിക്കുന്നതിന് വേണ്ടി എക്സ്-റേ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഒരു സ്കാനിങ്ങാണ് ഡെക്സ സ്കാൻ എന്ന് പറയുന്നത്. എല്ലിനുള്ള ഒടിവോ ചതവോ ഇതിൽ പെട്ടെന്ന് മനസ്സിലാവും. ചെറിയ തരത്തിലുള്ള എല്ല് പൊട്ടലിൻെറയും മറ്റും തുടക്കവും ഈ സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും. എല്ലിൻെറ സാന്ദ്രതയും കട്ടിയുമൊക്കെ ഈ സാങ്കേതിക വിദ്യ വഴി പരിശോധിച്ച് ഉറപ്പിക്കാൻ സാധിക്കും.
advertisement
ലോകകപ്പ് റിവ്യൂ മീറ്റിങ്
കഴിഞ്ഞ വർഷത്തെ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ബിസിസിഐയുടെ അവലോകനയോഗം നടന്നു. മുംബൈയിൽ നടന്ന യോഗത്തിൽ ബിസിസിഐ പ്രസിഡൻറ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, എൻസിഎ മേധാവി വിവിഎസ് ലക്ഷ്മൺ, ചീഫ് സെലക്ടർ ചേതൻ ശർമ എന്നിവർ പങ്കെടുത്തു.
advertisement
വരുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പും യോഗത്തിൽ നടന്നിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. ടീമിലേക്ക് പരിഗണിക്കേണ്ട 20 കളിക്കാരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ നിന്നായിരിക്കും ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് പുറത്തായിരുന്നു. പിന്നീട് നടന്ന രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യക്ക് കിരീടം നേടാൻ സാധിച്ചില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ തോൽക്കുകയാണ് ചെയ്തത്. ന്യൂസിലൻഡ് തന്നെയായിരുന്നു ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. അടുത്ത ലോകകപ്പിൽ വിജയം നേടാനുള്ള എല്ലാ തയ്യാറെടുപ്പും ഇന്ത്യ നടത്തുന്നുണ്ട്. 2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നേടിയിരുന്നു. എംഎസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ കപ്പുയർത്തിയത്. അതിന് ശേഷം ഇത് വരെ സമാനമായ ഒരു നേട്ടം ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 02, 2023 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ടീമിൽ കളിക്കാൻ ഇനി ഡെക്‌സ സ്കാൻ നിർബന്ധം; എന്താണ് BCCIയുടെ ഈ പുതിയ സെലക്ഷൻ മാനദണ്ഡം