കളത്തിലായാലും കളത്തിന് പുറത്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് (Yuvraj Singh) എപ്പോഴും അത്ഭുതപ്പെടുത്തും. ഒരു ഓവറിലെ ആറ് ബോളിലും സിക്‌സ് അടിക്കുകയും, അര്‍ബുദ ബാധിതനായിട്ടും വിട്ടുകൊടുക്കാതെ ഇന്ത്യക്ക് ലോകകപ്പ് നേടി തരുകയും ചെയ്ത യുവി ഇപ്പോള്‍ ഒരു പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതേ, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ യുവരാജ് സിംഗ് വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നുവെന്നാണ് ആ പ്രഖ്യാപനം. ഈ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്.
2022 ഫെബ്രുവരിയില്‍ താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുമെന്നാണ് യുവരാജ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ''ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്!! ആരാധകരുടെ ആവശ്യപ്രകാരം ഞാന്‍ ഫെബ്രുവരിയില്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി! ഇന്ത്യയെ പിന്തുണയ്ക്കുന്നത് തുടരുക, ഇത് നമ്മുടെ ടീമാണ്, തന്റെ ടീമിനെ അവരുടെ താഴ്ച്ചകളിലും പിന്തുണയ്ക്കുന്നവരാണ് യഥാർത്ഥ ആരാധകർ.'' എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
നിലവില്‍ 39 വയസ്സുള്ള യുവി, 2017 ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്റെ വീഡിയോ പങ്കുവെച്ചാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാറി നിന്നിരുന്ന യുവി, ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിച്ചു. ജിടി20 ലീഗില്‍ ടൊറന്റോ നാഷണല്‍സിനെ പ്രതിനിധീകരിച്ച യുവരാജ് സിങ് അബുദാബി ടി10യില്‍ മറാഠ അറേബ്യന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2021 മാര്‍ച്ചില്‍ റോഡ് സേഫ്റ്റി സീരീസിനിടെയാണ് യുവരാജിനെ ഒടുവിൽമൈതാനത്ത് കണ്ടത്. പ്രായം ഏറിയത് അദ്ദേഹത്തിന്റെ കളിയില്‍ പ്രതിഫലിക്കുമോയെന്നത് മൈതാനത്തെ പ്രകടനം കണ്ട് തന്നെ വിലയിരുത്തേണ്ടി വരും.
Also read- Yuvraj Singh |ഓരോവറില്‍ ആറ് സിക്‌സറുമായി വീണ്ടും യുവി; തകര്‍പ്പന്‍ പ്രകടനം പുനരാവിഷ്‌കരിച്ച് വീഡിയോ2011 ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തിയ യുവരാജിന്റെ മികവിലായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. 90.50 ശരാശരിയില്‍ 362 റണ്‍സ് നേടിയ യുവരാജ് ആ സീരീസിൽ 15 വിക്കറ്റുകളും സ്വന്തമാക്കി. അന്നത്തെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് കിരീടവും യുവിക്കായിരുന്നു. 2011 ലോകകപ്പിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവി ക്യാന്‍സര്‍ ബാധിതനായി എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടിത്തരിച്ചുപോയിരുന്നു. 2019 ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.
17 വര്‍ഷം ഇന്ത്യന്‍ ടീമില്‍ കളിച്ച താരം, 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി20കളിലുമായി 17 സെഞ്ചുറികളും 71 അര്‍ധസെഞ്ചുറികളും സഹിതം 11,000 റണ്‍സ് തികച്ചിട്ടുണ്ട്. കൂടാതെ 148 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2000 ല്‍ നെയ്‌റോബിയിലെ ഐസിസി നോക്കൗട്ട് ട്രോഫിയിലായിന്നു ആദ്യ അന്താരാഷ്ട്ര മത്സരം. 2017 ജൂണ്‍ 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നോര്‍ത്ത് സൗണ്ടില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു യുവി അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലെത്തിയത്. 2012-ല്‍ അര്‍ജുന അവാര്‍ഡും, 2014-ല്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.