സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ തർക്കം; വിമാനം ഒരു മണിക്കൂറോളം വൈകി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇ എസ് പി എന്‍ അവതാരകനും വിമാനത്തിലെ യാത്രക്കാരനുമായ ആഷ്‌ലി ബ്രൂവർ ടിക് ടോക്കിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
ഫ്ലൈറ്റ് അറ്റൻഡർമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് വിമാനം പുറപ്പെടാൻ ഒരു മണിക്കൂറോളം വൈകി. ലോസ് ഏഞ്ചൽസിൽ നിന്ന് ഹൂസ്റ്റണിലേക്കുള്ള സ്കൈവെസ്റ്റ് വിമാനമാണ് ജീവനക്കാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് വൈകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇ എസ് പി എന്‍ അവതാരകനും വിമാനത്തിലെ യാത്രക്കാരനുമായ ആഷ്‌ലി ബ്രൂവർ ടിക് ടോക്കിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാർച്ച് 12 നായിരുന്നു സംഭവം.
വിമാനത്തിൽ തന്റെ ഭർത്താവിനോടൊപ്പം ഇരിക്കാൻ വേണ്ടി ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിലെ ഒരു യാത്രക്കാരി തനിക്ക് അനുവദിച്ച സീറ്റിനു പകരം മറ്റൊരു സീറ്റ് അനുവദിക്കാൻ അഭ്യർത്ഥിച്ചു. എക്കണോമിക് ക്ലാസിലെ ഒരാളുമായി സീറ്റു മാറാൻ കഴിയുമോ എന്നായിരുന്നു യുവതി ആരാഞ്ഞത്. ഇതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. യാത്രക്കാരിയുടെ ഈ അഭ്യർത്ഥന വിമാനത്തിലെ ഒരു പുരുഷ ഫ്ലൈറ്റ് അറ്റൻഡർ അംഗീകരിച്ചെങ്കിലും ഇയാളുടെ സഹപ്രവർത്തകയായിരുന്ന യുവതി ഇതിന് സമ്മതിച്ചില്ല.
advertisement
യുവതിയുടെ ഈ ആവശ്യം ഫ്ലൈറ്റിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്നായിരുന്നു ജീവനക്കാരിയുടെ വാദം. ഇതിനെ തുടർന്ന് ഇരു ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഫ്ലൈറ്റിലെ നിയമങ്ങളെക്കുറിച്ച് ഇരുവരും തർക്കിക്കാനും തുടങ്ങി. ഇതിനിടെ പുരുഷ ഫ്ലൈറ്റ് അറ്റൻഡർ സഹപ്രവർത്തകയോട് ആക്രോശിച്ചു. ഇതിനെ തുടർന്ന് ജീവനക്കാരി വിമാനത്തിന്റെ മുൻവശത്തേക്ക് ഓടിപ്പോയി അവിടെ നിന്ന് കരയാനും തുടങ്ങി. അങ്ങനെ സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് ഗേറ്റ് ജീവനക്കാരൻ വരെ സംഭവത്തിൽ ഇടപെട്ടു. അങ്ങനെ രണ്ടു ജീവനക്കാരെയും ഒഴിവാക്കിയാണ് വിമാനം പുറപ്പെട്ടത്. ഈ പ്രശ്നം ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. കൂടാതെ ഇവർക്ക് പകരം മറ്റൊരാൾ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
advertisement
യാത്രക്കാർക്ക് വേണ്ടി ആ സമയത്ത് ജോലിയ്ക്ക് കയറിയ പകരക്കാരനായ ആ ജീവനക്കാരന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബ്രൂവർ നന്ദി അറിയിക്കുകയും ചെയ്തു. ബ്രൂവർ പങ്കുവച്ച പോസ്റ്റ് വൈറൽ ആയതിന് പിന്നാലെ നിരവധി ആളുകൾ സംഭവത്തെക്കുറിച്ച് നിരവധി കമന്റുകൾ ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം പിന്നീട് അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തു.
അതേസമയം ഈ വിഷയത്തിൽ സ്കൈവെസ്റ്റ് വിമാനകമ്പനിയും പ്രതികരിച്ച് രംഗത്തെത്തി. തങ്ങളുടെ ജീവനക്കാരുടെ ഈ പ്രവൃത്തിയിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു. അതോടൊപ്പം ജീവനക്കാരിൽ നിന്ന് ഇത്തരത്തിലുള്ള വീഴ്ച ഇനി ഉണ്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 20, 2023 2:57 PM IST