Israel-Palestine conflict | കരയുദ്ധ ഭീഷണിയുമായി ഇസ്രയേൽ; ഗാസ അതിര്‍ത്തിയിൽ സൈനിക വിന്യാസം
- Published by:Asha Sulfiker
- news18-malayalam
Last Updated:
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യോമാക്രമണം തുടർച്ചയായ അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇസ്രയേൽ-പാലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കരയുദ്ധ ഭീഷണി മുഴക്കി ഇസ്രയേൽ. ഇതിന് മുന്നോടിയായി ഗാസാ അതിർത്തിയിൽ വൻതോതിൽ സൈനിക വിന്യാസം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ് സിഎൻബിസി റ്റിവി 18 റിപ്പോർട്ട് ചെയ്യുന്നത്. ഈജിപ്റ്റിന്‍റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദശാബ്ദങ്ങളായി തുടരുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷം വീണ്ടും വഷളായത്. ഇതിന് പിന്നാലെ തന്നെ ഇരുകൂട്ടരും ശക്തമായ വ്യോമാക്രമണം ആരംഭിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യോമാക്രമണം തുടർച്ചയായ അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
സർക്കാർ കണക്കുകള്‍ അനുസരിച്ച് വ്യോമാക്രണത്തിൽ ഇതുവരെ 109 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 29 കുട്ടികളാണ്. ഏഴ് ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഇസ്രായേലിലെ പല നഗരങ്ങളിലും ജൂത ഇസ്രായേലികളും പലസ്തീൻ പൗരന്മാരും തമ്മിലുള്ള അക്രമപരമായ ഏറ്റുമുട്ടലുകളുടെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
advertisement
2014 ന് ശേഷം ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത് ഇതാദ്യമായാണ്. വ്യോമാക്രമണം കടുക്കുന്നതിനിടെയാണ് കരയുദ്ധത്തിനുമുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ ശക്തമാക്കിയിരിക്കുന്നത്. സൈന്യം ഇതുവരെ ഗാസയിലേക്ക് കടന്നുകയറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇവിടെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. സൗമ്യ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്കലോണിലെ താമസസ്ഥലത്ത് ഹമാസിൻ്റെ തുടരെയുള്ള ഷെല്ലുകൾ പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം ചിന്നി ചിതറി. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും കൊല്ലപ്പെട്ടു.
advertisement
ദിവസങ്ങളായി തുടരുന്ന സംഘർഷം ജെറുസലേമിലെ അല്‍ അഖ്സ പള്ളിയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് വഷളായത്. കഴിഞ്ഞ വെള്ളിയാഴ്ച ജഅൽ-അഖ്സാ പള്ളിയിൽ പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജറുസലെമിൽനിന്ന് പലസ്തീൻ വംശജരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പലസ്തീനികൾ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതിനാൽ ഇസ്രായേൽ പോലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 14, 2021 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Israel-Palestine conflict | കരയുദ്ധ ഭീഷണിയുമായി ഇസ്രയേൽ; ഗാസ അതിര്‍ത്തിയിൽ സൈനിക വിന്യാസം