വർക്ക് വിസ പുതുക്കൽ: ഡിസംബർ മുതൽ പുതിയ പദ്ധതിയുമായി അമേരിക്ക; ഇന്ത്യക്കാർക്ക് നേട്ടം
- Published by:Anuraj GR
- trending desk
Last Updated:
സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസ പദ്ധതിയാണ് എച്ച്-വണ്‍ ബി വിസ
ചില വിഭാഗങ്ങളിലെ എച്ച്-വണ്‍ ബി വിസകള്‍ ആഭ്യന്തരമായി പുതുക്കുന്നതിനുള്ള പദ്ധതി ഡിസംബറില്‍ നടപ്പാക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഐടി, സാങ്കേതികവിദ്യാ മേഖലകളില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇതു ഗുണം ചെയ്യും. സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസ പദ്ധതിയാണ് എച്ച്-വണ്‍ ബി വിസ.
ഓരോ വര്‍ഷവും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസിലെ ടെക് കമ്പനികള്‍ എച്ച്-വണ്‍ ബി വിസയെയാണ് ആശ്രയിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ച വേളയില്‍ വൈറ്റ് ഹൗസിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ക്കു ശേഷമാണ് ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയില്‍ 20,000 പേരെ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ വിസയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ആറ്, എട്ട്, അല്ലെങ്കില്‍ 12 മാസത്തെ കാത്തിരിപ്പ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ സര്‍വീസ് വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലി സ്റ്റഫ് പറഞ്ഞു.
advertisement
ഡിസംബറില്‍ തുടങ്ങുന്ന പദ്ധതി മൂന്ന് മാസം നീളും. യുഎസിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന 20000 വിദേശ പൗരന്മാര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ നല്‍കും.
''ആദ്യ ഘട്ടത്തില്‍ 20000 പേര്‍ക്കാണ് അവസരമൊരുക്കിയിരിക്കുന്നത്. അവയില്‍ ഏറിയ പങ്കും യുഎസില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരന്മാർക്കായിരിക്കും. പതിയെ പദ്ധതി വികസിപ്പിക്കും. യുഎസിലെ സ്കിൽഡ് ജീവനക്കാരില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ് എന്നതാണ് ഇതിന് കാരണം. ഈ പദ്ധതിയിലൂടെ ഇന്ത്യക്ക് ഏറെ മെച്ചമുണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ വിസ പുതുക്കുന്നതിനായി ജീവനക്കാര്‍ ഇന്ത്യയിലേക്ക് തിരികെപ്പോകേണ്ടതില്ല. പുതിയ അപേക്ഷകരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് കഴിയും,'' ജൂലി സ്റ്റഫ് വ്യക്തമാക്കി.
advertisement
റൊണാള്‍ഡ് റീഗന്‍ സെന്ററില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി നടത്തിയ സംയുക്ത പ്രസ്താനവയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. വിസ പുതുക്കല്‍ പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറപ്പെടുവിക്കുമെന്ന് സ്റ്റഫ് കൂട്ടിച്ചേര്‍ത്തു. അതില്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുമെന്നും അവര്‍ പറഞ്ഞു. ''ഈ നോട്ടീസിലായിരിക്കും പദ്ധതിയില്‍ യോഗ്യത നേടിയവരുടെ വിവരങ്ങളും പങ്കുവയ്ക്കുക. യുഎസില്‍ വെച്ചായിരിക്കും ഈ വിസയുടെ നടപടിക്രമങ്ങള്‍ നടത്തുക. യുഎസില്‍ നിന്ന് വാഷിങ്ടണിലേക്ക് വിസ മെയില്‍ ചെയ്യും. അതിനുശേഷം ഇത് പ്രിന്റ് എടുത്ത് ബാക്കി നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം പാസ്‌പോര്‍ട്ടിനൊപ്പം തിരിച്ച് അയക്കും, അവര്‍ പറഞ്ഞു. അതിനാല്‍ മെക്‌സിക്കോയിലും കാനഡയിലും ഇന്ത്യയിലുമുള്ളവര്‍ക്ക് വിസ പുതുക്കുന്നതിനായി ആ രാജ്യത്തേക്ക് മടങ്ങിപ്പോകേണ്ടതില്ല. ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തുവിട്ടു കഴിയുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കും,'' അവര്‍ പറഞ്ഞു.
advertisement
യുഎസിലെ ഇന്ത്യന്‍ സമൂഹം പദ്ധതിയെ സ്വാഗതം ചെയ്തു. ഇത് വളരെ പ്രധാനപ്പെട്ട നീക്കമാണെന്ന് ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റി നേതാവായ അജയ് ജെയിന്‍ ഭൂട്ടോറിയ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 30, 2023 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വർക്ക് വിസ പുതുക്കൽ: ഡിസംബർ മുതൽ പുതിയ പദ്ധതിയുമായി അമേരിക്ക; ഇന്ത്യക്കാർക്ക് നേട്ടം


