സൗദി രാജാവും കിരീടാവകാശിയും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്
Last Updated:
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സമീപകാല നടപടികളിൽ സൗദി രാജാവ് ക്ഷുഭിതനെന്ന് റിപ്പോർട്ട്
ലണ്ടൻ: സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്. യെമനിലെ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏതാനും ദിവസങ്ങളായി ഇരുവർക്കുമിടയിൽ ഭിന്നതയുണ്ടെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖാഷോഗി കൊല്ലപ്പെട്ടതോടെയാണ് ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് സിഐഎ നിലപാട്. 83 കാരനായ സൗദി രാജാവ് ഈജിപ്ത് സന്ദർശിച്ചതോടെ ഭീന്നത രൂക്ഷമായി. രാജാവിനെതിരായ നീക്കം നടക്കുന്നുവെന്ന് ഉപദേശകർ അറിയിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തെ മാറ്റിയിരുന്നു. സുരക്ഷാ സംഘത്തിലെ ചിലർ മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തരെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇത്. രാജാവിന്റെ ഈജിപ്ഷ്യൻ സുരക്ഷാ ജീവനക്കാരെയും മാറ്റിയിരുന്നു. സന്ദർശനത്തിന് ശേഷം തിരികെ എത്തുന്ന രാജാവിനെ സ്വീകരിക്കുന്ന സംഘത്തിൽ മുഹമ്മദ് ബിൻ സൽമാനെ ഉൾപ്പെടുത്താത്തതും ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
സൗദി രാജാവ് ഈജിപ്ഷ്യൻ സന്ദർശനത്തിലായിരിക്കെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന് ചുമതല കൈമാറിയിരുന്നു. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ സൗദി രാജാവിന്റെ അഭാവത്തിൽ രണ്ട് സുപ്രധാന തീരുമാനങ്ങളാണ് രാജകുമാരൻ കൈക്കൊണ്ടത്. അമേരിക്കൻ അംബാസഡറായി രാജകുമാരിയായ റീമ ബിന്ദ് ബന്ദർ ബിൻ സുൽത്താനെ നിയമിച്ചതായിരുന്നു ആദ്യത്തേത്. സഹോദരൻ ഖാലിദ് ബിൻ സുൽത്താനെ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിച്ചതായിരുന്നു രണ്ടാമത്തേത്. രാജാവ് അറിയാതെയാണ് തീരുമാനങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഖാലിദ് ബിൻ സൽമാനെ ഉന്നതസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ രാജാവ് ക്ഷുഭിതനാണെന്നാണ് വിവരം.
advertisement
സാധാരണയായി രാജകീയ നിയമനങ്ങൾ രാജാവിന്‌റെ പേരിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ ഫെബ്രുവരി 23ന് ഇറക്കിയ ഉത്തരവ് ഡെപ്യൂട്ടി രാജാവിന്റെ പേരിലാണ്. പതിറ്റാണ്ടുകളായി ഉത്തരവുകളിൽ ഡെപ്യൂട്ടി രാജാവ് എന്ന് ഉപയോഗിക്കാറില്ലായിരുന്നു. രാജാവും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പുതിയ നിയമനങ്ങൾ സംബന്ധിച്ച് ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്ന് ഗാർഡിയൻ പറയുന്നു. ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിനുണ്ടായ പേരുദോഷം മറ്റാൻ ശ്രമിക്കുകയാണ് രാജാവ്. ഇതിനിടെ തീരുമാനങ്ങൾ എടുക്കുന്നകാര്യത്തിൽ പൂർണ അധികാരം ഉപയോഗിക്കാനും കിരീടാവകാശിയിലേക്ക് കൂടുൽ അധികാരങ്ങൾ എത്തുന്നത് തടയാനും ഉപദേശകർ രാജാവിൽ സമ്മർദം ചെലുത്തുകയാണെന്നാണ് വിവരം.
advertisement
എന്നാൽ ഇരുവർക്കും ഇടയിൽ ഭിന്നത രൂക്ഷമാണെന്ന ആരോപണങ്ങളെല്ലാം വാഷിംഗ്ടണിലെ സൗദി എംബസി വക്താവ് നിഷേധിക്കുന്നു. ഈജിപ്ത് സന്ദർശനത്തിനായി പോയപ്പോൾ അധികാരം കിരീടാവകാശിക്ക് കൈമാറിയത് സാധാരണ നടപടിക്രമം മാത്രമാണെന്നും ഇരുവർക്കുമിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും വക്താവ് പറയുന്നു. കഴിഞ്ഞ മാസം മെക്കയിലെ കാബയിൽ വച്ച് കിരീടാവകാശി ക്ഷുഭിതനായിരുന്നു. ചില മതപണ്ഡിതർ പരാതികൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇരുവരുടെയും വിദേശ നയങ്ങളിലും വൈരുദ്ധ്യമുണ്ട്. യെമനിലെ യുദ്ധതടവുകാരുടെ വിഷയത്തിലും സുഡാൻ, അൽജീരിയ വിഷങ്ങളിലും ഈ വൈരുധ്യം പ്രകടമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2019 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദി രാജാവും കിരീടാവകാശിയും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്