ഐഎസ് ഭീകര സംഘടനയിൽ ചേരുന്നതിന് സിറിയയിലേക്ക് പോയ ഐഎസ് വധു എന്നറിയപ്പെടുന്ന ഷമീമ ബീഗത്തിന് തിരിച്ചടി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ തീരുമാനത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിൽ ഷമീമ പരാജയപ്പെട്ടു. ഇവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകാൻ ആകില്ലെന്ന് കോടതി വിധി എഴുതി. നവംബറിൽ നടന്ന അഞ്ച് ദിവസത്തെ ഹിയറിംഗിന് ശേഷം ബുധനാഴ്ചയാണ് ജഡ്ജി റോബർട്ട് ജെ കേസിൽ വിധി അറിയിച്ചത്.
അതേസമയം പൗരത്വം റദ്ദാക്കുന്നതിനു മുൻപ് ഷമീമ മനുഷ്യകടത്തിന്റെ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ യുകെ ഹോം ഓഫീസിന് ബാധ്യതയുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എങ്കിലും വിധി ഷമീമയ്ക്കെതിരെയാണ് വന്നത്. ഇതോടെ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരികെ ലഭിക്കില്ലെന്നും ബ്രിട്ടനിലേക്ക് തിരികെ പോകാൻ കഴിയില്ലെന്നും ഉറപ്പായിരിക്കുന്നു. 2015 ൽ ആയിരുന്നു ഷമീമ സ്കൂളിലെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഐഎസ് ഭീകരസംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയത്.
അന്ന് ഷമീമക്ക് 15 വയസ്സായിരുന്നു പ്രായം. അവിടെവച്ച് ഒരു തീവ്രവാദിയെ വിവാഹം കഴിക്കുകയും വർഷങ്ങളോളം റാഖയിൽ ഇവർ താമസിക്കുകയും ചെയ്തു. പിന്നീട് 39,000 പേരുള്ള സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയവേ ആണ് ഇവരെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. അത് 2019 ഫെബ്രുവരിയിൽ ആയിരുന്നു. അന്ന് 9 മാസം ഗർഭിണിയായിരുന്ന ഷമീമ കുഞ്ഞിന്റെ ജനനത്തിനായി സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് യുകെ സർക്കാരിനോട് അഭ്യർത്ഥന നടത്തി.
“ഐസ് വധു” എന്ന പേരിൽ ഷമീമ അപ്പോൾ അന്താരാഷ്ട്ര തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 2019 ഫെബ്രുവരി 19 ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി. അടുത്ത മാസം തന്നെ ഷമീമ ജന്മം നൽകിയ കുഞ്ഞ് അഭയാർത്ഥി ക്യാമ്പിൽ വച്ച് മരിച്ചു. എന്നാൽ ആ കുഞ്ഞിന് മുമ്പ് തനിക്ക് മറ്റ് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്നും അവർ പോഷകാഹാരക്കുറവ് മൂലം സിറിയയിൽ വച്ച് മരിച്ചുവെന്നും ആയിരുന്നു അവർ യുകെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
Also read-അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റിൽ മത്സരിക്കാൻ ആദ്യ വനിതാ ടീമിനെ അയച്ച് സൗദി അറേബ്യ
നേരത്തെ 2020 ജൂലായ് 16 ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി ഷമീമ നൽകിയ അപ്പീലിൽ അനുകൂല വിധിയുണ്ടായിരുന്നു. ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്ക് തിരികെ വരാന്‍ അനുവാദം നല്‍കികൊണ്ടായിരുന്നു അന്നത്തെ വിധി. എന്നാൽ ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഷമീമക്കെതിരായ ഇപ്പോഴത്തെ കോടതിവിധിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഇവരുടെ അഭിഭാഷകനും രംഗത്തെത്തി.
“വലിയ ഒരു തെറ്റ് തിരുത്താനുള്ള അവസരം നഷ്‌ടപ്പെട്ടു, അനീതി തുടരുന്നു.”എന്നായിരുന്നു വിധി വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ ഇത് വളരെ നിരാശാജനകമായ തീരുമാനമെന്നായിരുന്നു അവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വിധിയെ വിശേഷിപ്പിച്ചത്. എന്നാൽ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയ ആഭ്യന്തര സെക്രട്ടറി ജാവിദ് ബുധനാഴ്ചത്തെ ഈ വിധിയെ സ്വാഗതം ചെയ്തു.”ദേശീയ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കാനുള്ള എന്റെ തീരുമാനത്തെ വിധി ശരിവച്ചു” എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
Also read- ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ; നിയമത്തിന് അംഗീകാരം
കൂടാതെ ഇതൊരു സങ്കീർണ്ണമായ ഒരു കേസാണെന്നും നമ്മുടെ രാജ്യത്തിന് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്ന ആരെയും തടയാൻ ആഭ്യന്തര സെക്രട്ടറിമാർക്ക് അധികാരം ഉണ്ടായിരിക്കണം എന്നും ജാവിദ് കൂട്ടിച്ചേർത്തു. നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ആണ് ഇവർ കഴിയുന്നത്. ഇതിനിടെ ബിബിസി 10 ഭാഗങ്ങളുള്ള പോഡ്‌കാസ്റ്റ് സീരീസായി ഷമീമയുടെ കഥ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.