വിലയേറിയ കോഫി ബ്രാൻഡുകളിലൊന്നാണ് സ്റ്റാര്‍ബക്സ് എന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ രണ്ട് സ്റ്റാര്‍ബക്സ് കോഫിയ്ക്ക് 4,456.27 ഡോളര്‍ അതായത് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ (3,68,137) കൊടുക്കേണ്ടി വന്ന ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഒക്ലഹോമ സ്വദേശികളായ ജെസ് ഒ ഡെല്‍ എന്ന യുവാവിനും ഭാര്യയ്ക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.
രണ്ട് സ്റ്റാര്‍ബക്സ് കോഫി കഴിച്ചതിന് ശേഷം തന്റെ ബാങ്ക് അക്കൗണ്ട് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി എന്ന് യുവാവ് പറഞ്ഞു. അക്കൗണ്ട് ഏകദേശം കാലിയായിരുന്നുവെന്നാണ് ജെസ് വ്യക്തമാക്കിയത്. ജനുവരി ഏഴിനാണ് സംഭവം നടന്നത്. ഭാര്യയ്ക്കായി ഒരു ഐസ്ഡ് അമേരിക്കാനോ കോഫിയും തനിയ്ക്കായി വേന്റി കാരമല്‍ ഫ്രാപ്പുച്ചിനോ കോഫിയുമാണ് ഓര്‍ഡര്‍ ചെയ്തതെന്നും യുവാവ് പറഞ്ഞു.
എന്നാൽ ഇതിന് പത്ത് ഡോളറിൽ കൂടുതൽ വില വരില്ല. അതായത് ഏകദേശം 830 രൂപ. എന്നാല്‍ എത്രയാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കാപ്പിയ്ക്കായി നല്‍കിയതെന്ന് ആദ്യം ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഭാര്യയാണ് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയത്. ഒരു ഷോപ്പിംഗ് മാളിലെത്തി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയ അവസരത്തിലാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി മനസ്സിലായത്.
തുടര്‍ന്ന് ഇവര്‍ കോഫി ഔട്ട്ലെറ്റിലെത്തി അവിടുത്തെ അധികൃതരോട് ഇക്കാര്യം സംസാരിച്ചു. തുടര്‍ന്ന് സ്റ്റാര്‍ബക്സില്‍ നിന്നുള്ള പ്രതിനിധികള്‍ ഇവര്‍ക്ക് നഷ്ടപ്പെട്ട തുകയുള്‍പ്പെടുന്ന രണ്ട് ചെക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ രണ്ട് ചെക്കും മടങ്ങുകയായിരുന്നു. തുടര്‍ന്ന് തങ്ങളുടെ യാത്ര നിര്‍ത്തിവെക്കേണ്ടി വന്നുവെന്നും ദമ്പതികള്‍ പറയുന്നു. ആ ദിവസം 30-40 തവണയാണ് കമ്പനി അധികൃതരെ ഫോണില്‍ വിളിച്ചതെന്നും ജെസ് ഒ ഡെല്‍ പറഞ്ഞു.
Also read- സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്; വിചിത്ര വിശ്വാസങ്ങളും ആചാരവും
തുടര്‍ന്ന് ടുല്‍സയിലെ പൊലീസ് സ്റ്റേഷനിലെത്തി ദമ്പതികള്‍ കമ്പനിയ്ക്കെതിരെ പരാതി നല്കി. ശേഷം മറ്റുള്ളവരോടും തനിക്കുണ്ടായ ദുരനുഭവം ജെസ് പങ്കുവെയ്ക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം വെക്കേഷന് പോകാനായി സ്വരൂപിച്ച പണമാണ് ഈ വിധം നഷ്ടമായത്. ഇതോടെ മാനസികമായി തകര്‍ന്നുവെന്ന് ജെസ് ഒ ഡെല്‍ പറഞ്ഞു. തായ്ലന്റിലേക്കുള്ള നോണ്‍-റിഫണ്ടബിള്‍ ടിക്കറ്റാണ് വെക്കേഷനായി തങ്ങള്‍ എടുത്തതെന്നും അതെല്ലാം പാഴായി എന്നും അദ്ദേഹം പറഞ്ഞു.
”ഇനി ആര്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത്. ഇങ്ങനൊരു അനുഭവം ഞങ്ങള്‍ക്ക് ആദ്യമാണ്,’ എന്നും ജെസ് ഒ ഡെല്‍ പറഞ്ഞു. എന്നാൽ കോഫി ഔട്ട്ലെറ്റില് സംഭവിച്ച പിശകാണിതെന്ന് സ്റ്റാര്‍ബക്സ് വക്താവ് പറഞ്ഞു. ജെസ് ഒ ഡെലുമായി തങ്ങള്‍ സംസാരിച്ച് വരികയാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
സമാനമായ ഒരു അനുഭവം യുകെ സ്വദേശിയ്ക്കുമുണ്ടായിട്ടുണ്ട്. എഫിസ് കെബാബ് കിച്ചണില്‍ നിന്ന് ഈ യുവാവ് ഒരു ബര്‍ഗര്‍ വാങ്ങി കഴിച്ചിരുന്നു. അതിന് അദ്ദേഹത്തില്‍ നിന്നും ഈടാക്കിയത് 66000 രൂപയാണെന്നായിരുന്നു റിപ്പോര്‍ട്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് ഔട്ട്ലെറ്റില് നിന്ന് യുവാവ് ബര്‍ഗര്‍ വാങ്ങിയത്. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇത്രയധികം പണം നഷ്ടപ്പെട്ടതായി ഇദ്ദേഹത്തിന് മനസ്സിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.