ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും വർദ്ധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടാം സെറോ സർവേ ഫലം മുൻനിർത്തിയാണ് ജാഗ്രതാ നിർദേശം. രാജ്യത്ത് ഇതിനോടകം 15-ൽ ഒരാൾക്ക് കോവിഡ് ബാധിച്ചുവെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കണ്ടെത്തൽ. 10 വയസിന് മുകളിലുള്ളവരിൽ നടത്തിയ ആന്‍റി ബോഡി ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതിനോടകം 29082 പേരിലാണ് ആന്‍റിബോഡി പരിശോധന നടത്തിയത്. ഇതിൽ 6.6 ശതാനം പേരിലും ആന്‍റിബോഡി സാന്നിദ്ധ്യമുണ്ട്. ആദ്യ സെറോ സർവേയിൽ 0.73 ശതമാനം പേർക്ക്
കോവിഡ് വന്നുപോയെന്നാണ് കണ്ടെത്തിയിരുന്നത്. അന്ന് 18 വയസിന് മുകളിൽ പ്രായമുള്ളവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
വൈറസ് വ്യാപനം ഏറ്റവും കുടുതലുള്ള നഗരങ്ങളിലെ ചേരിപ്രദേശത്താണെന്ന് കണ്ടെത്തി. ഇവിടെ 15.6 ശതമാനമാണ് വൈറസ് വ്യാപന തോത്. നഗരങ്ങളിൽ 8.2 ശതമാനവും ഗ്രാമങ്ങളിൽ 4.4 ശതമാനവുമാണ് വൈറസ് വ്യാപിക്കുന്നത്. ആദ്യ ഘട്ട സർവേ നടന്ന 70 ജില്ലകളിലെ 700 നഗരങ്ങളിലും ഗ്രാമങ്ങളിലും തന്നെയാണ് രണ്ടാം ഘട്ട സർവേ നടത്തിയത്.
ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവാകുമ്പോൾ കോവിഡ് മാനദണ്ഡങ്ങളിൽനിന്ന് പുറത്തുകടക്കുന്നത് അപകടകരമാണെന്ന് രണ്ടാം സെറോ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്‍റിജൻ പരിശോധന നെഗറ്റീവായവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.
ലോകത്ത് ഏറ്റവുമധികം പേർ
കോവിഡ് മുക്തരായത് ഇന്ത്യയിലാണെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ഇന്ത്യയിൽ 51 ലക്ഷം പേർ ഇതുവരെ കോവിഡ് മുക്തരായി. ലോകത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.