മുംബൈ: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ഏറ്റവും ആശങ്കയായി നിന്നത് മുംബൈയിലെ ധാരാവി ആയിരുന്നു. ലക്ഷകണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചേരിപ്രദേശത്ത് രോഗവ്യാപനമുണ്ടായാൽ അത് നിയന്ത്രണാതീതമാകുമെന്നായിരുന്നു മുഖ്യഭീതി. എന്നാൽ കൃത്യമായി പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഈ മേഖലയില്‍ രോഗവ്യാപനം തടയാനായി എന്നാണ് റിപ്പോർട്ടുകൾ.
Also Read-Dharavi | ധാരാവിയിൽ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്നത് മൗലവിമാരുടെ നേതൃത്വത്തിലെ 180 അംഗസംഘം
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഈ പ്രദേശത്ത് ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകർന്നിരിക്കുകയാണ്. ഏപ്രിൽ ഒന്നിനാണ് ധാരാവി മേഖലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ എട്ട് മാസത്തിനിടെ ഇത് ആദ്യമായാണ് ഇവിടെ നിന്നും ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്.
Also Read-Covid 19 | കോവിഡ് പ്രതിരോധത്തിലെ 'ധാരാവി മോഡൽ'; പ്രശംസിച്ച് ലോകാരോഗ്യസംഘടന
520ഏക്കറോളം (2.1സ്ക്വയർ കിമീ) പരന്നു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ, ലോകത്തിലെ തന്നെ വലിയ ചേരികളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന മേഖലയാണ് ധാരാവി.
ഇവിടെ ഇതുവരെ 3788 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,464 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ പന്ത്രണ്ട് സജീവ കേസുകൾ മാത്രമാണ് പ്രദേശത്തുള്ളത്. ഇവരിൽ എട്ടു പേർ വീട്ടിൽ തന്നെ ഐസലേഷനിൽ കഴിയുകയാണ്. നാല് പേർ കോവിഡ് കെയർ സെന്‍ററിലും.
Also Read-ഏഴ് ഭൂഖണ്ഡങ്ങളിലും പടർന്ന് കൊറോണ വൈറസ്; അന്റാർട്ടിക്കയിൽ 58 കോവിഡ് കേസുകൾ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും മുൻപന്തിയിൽ നില്‍ക്കുന്ന സംസ്ഥാനം. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 19,09,951 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 18,04,871 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 56022 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 49058 കോവിഡ് മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Dharavi Model, India