Actress Attack Case| ദിലീപിനെതിരായ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ; ക്രൈംബ്രാഞ്ചിന് നൽകിയത് 20 ഓഡിയോ ക്ലിപ്പുകൾ; 'VIP'ക്ക് മന്ത്രിമാരുമായും അടുത്ത ബന്ധം
- Published by:Rajesh V
- news18-malayalam
Last Updated:
ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേതാണെന്നു തെളിയിക്കാൻ പ്രയാസമില്ലെന്നും അതിനു സഹായകമായ 20 ഓഡിയോ ക്ലിപ്പുകൾ കൈമാറിയതായും സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് പരാതി നൽകാൻ വൈകിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ (Balachandrakumar) മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. ദിലീപിനെതിരായ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. തെളിവുകൾ കൃത്രിമമല്ലെന്നും തന്നെ പൊലീസ് രംഗത്ത് ഇറക്കി എന്ന് പറയുന്നവർ തെളിവ് പുറത്തുവിടട്ടെയെന്നും ബാലചന്ദ്രകമാർ പറഞ്ഞു.
രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ആളാണ് കേസിലെ വി ഐ പി. തന്റെ സാന്നിധ്യത്തിലാണ് വി ഐ പി ഒരു മന്ത്രിയെ ഫോണിൽ വിളിച്ചു സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ട്. ഭാര്യ കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗറിൻ്റെ മൊഴി ഈ രീതിയിൽ മാറ്റിച്ചതാണ്. ഇതിനുള്ള എല്ലാ തെളിവുകളും താൻ കൈമാറിയിട്ടുണ്ട്. മസിൽ പവറും മണി പവറും ഉപയോഗിച്ചാണ് മൊഴി മാറ്റം നടത്തിക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
advertisement
കേസിലെ വിവരങ്ങൾ പുറത്ത് വിട്ടതിനു ശേഷവും തനിക്ക് ഭീഷണിയുണ്ടായി. ദിലീപിനോട് അടുപ്പമുള്ള ഒരു സിനിമ നിർമ്മാതാവ് തൻറെ വീടും അവിടേക്കുള്ള വഴിയും ചോദിച്ചു മനസ്സിലാക്കാൻ തൻ്റെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. അപകട ഭീഷണി മനസ്സിലായതിനെ തുടർന്ന് ഈ വിവരവും പോലീസിനെ അറിയിച്ചിരുന്നു. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേതാണെന്നു തെളിയിക്കാൻ പ്രയാസമില്ലെന്നും അതിനു സഹായകമായ 20 ഓഡിയോ ക്ലിപ്പുകൾ കൈമാറിയതായും സാങ്കേതിക കാരണങ്ങൾ കൊണ്ട് മാത്രമാണ് പരാതി നൽകാൻ വൈകിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
advertisement
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദിലീപിനെ കൂടാതെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും അടക്കം ആറ് പ്രതികളാണ് കേസിൽ ഉള്ളത്.
2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി കെ എസ് സുദര്‍ശന്‍, ഡിവൈഎസ്പി ബൈജു പൗലോസ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമിച്ചെന്നാണ് കേസ്. കേസിൽ മൊത്തം ആറു പ്രതികളാണ്. ദീലീപ്, അനുജൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് പിന്നെ ഇനിയും തിരച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരാളും പ്രതി പട്ടികയിലുണ്ട്. ഇയാളാണ് ദിലീപിന്റെ വീട്ടിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്.
advertisement
ഗൂഢാലോചന നടത്തിയതിന് തെളിവായി ബാലചന്ദ്രകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഓഡിയോ ക്ലിപ്പുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസില്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ചുമതല പെടുത്തുന്ന പുതിയ അന്വേഷണ സംഘമായിരിക്കും ഗൂഢാലോചന കേസ് അന്വേഷിക്കുക.
Location :
First Published :
January 11, 2022 6:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| ദിലീപിനെതിരായ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ; ക്രൈംബ്രാഞ്ചിന് നൽകിയത് 20 ഓഡിയോ ക്ലിപ്പുകൾ; 'VIP'ക്ക് മന്ത്രിമാരുമായും അടുത്ത ബന്ധം