തൃശ്ശൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനമേറ്റ് ; 40 പാടുകൾ, തലയിൽ ഗുരുതര ക്ഷതം
- Published by:Rajesh V
- news18-malayalam
Last Updated:
തലയിലേറ്റ ക്ഷതവും ക്രൂര മർദ്ദനവും വടിപോലുള്ള വസ്തുവും ഉപയോഗിച്ചുള്ള മർദ്ദനവും ഷെമീറിൻ്റെ മരണത്തിന് കാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൃശ്ശൂർ : തൃശ്ശൂരിൽ കസ്റ്റഡിയിലിരുന്ന കഞ്ചാവ് കേസ് പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിച്ച തിരുവനന്തപുരം സ്വദേശി ഷെമീറിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ 40 പാടുകളുണ്ട്. തലയിലേറ്റ ക്ഷതവും ക്രൂര മർദ്ദനവും വടി പോലുള്ള ഉപയോഗിച്ചുള്ള മർദ്ദനവും ഷെമീറിൻ്റെ മരണത്തിന് കാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിൽ ഏഴിടത്തും മുഖത്തും മർദ്ദനമേറ്റ പാടുകളുണ്ട്. നെറ്റിയിൽ മുറിവുണ്ട്. ദേഹമാസകലം രക്തം കട്ടയായിട്ടുണ്ട്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് പൊട്ടി രക്തം വാർന്നു പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
പത്ത് കിലോ കഞ്ചാവുമായി സെപ്റ്റംബർ 29 നാണ് തൃശ്ശൂരിലെ ശക്തൻ സ്റ്റാൻ്റിൽ വെച്ച് ഷെമീറും ഭാര്യയും രണ്ട് സുഹൃത്തുക്കളും പിടിയിലാവുന്നത്. കാറിൽ കഞ്ചാവുമായി പോകുന്നതിനിടെ തൃശ്ശൂർ ഈസ്റ്റ് പോലീസും ഷാഡോ പോലീസുമാണ് ഷെമീറിനെയും സംഘത്തെയും പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് പ്രതികളെ റിമാൻ്റ് ചെയ്തു.
advertisement

കോവിഡ് പരിശോധനക്ക് മുമ്പ് പ്രതികളെ പാർപ്പിക്കുന്ന വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് കെയർ സെൻ്ററിലേക്ക് ആണ് പ്രതികളെ മാറ്റിയത്. മുപ്പതാം തീയതി വൈകിട്ട് പരിക്കുകളോടെ ഷെമീറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. പിറ്റേന്ന്, ഒന്നാം തീയതി പുലർച്ചെ ഷെമീർ മരിക്കുകയായിരുന്നു.

advertisement
എന്നാൽ പൊലീസ് കസ്റ്റഡിയിലാണോ റിമാൻ്റിലിരിക്കെയാണോ ഷെമീറിന് മർദ്ദനമേറ്റതെന്ന് വ്യക്തമായിട്ടില്ല.
ഷെമീറിന് അപസ്മാര രോഗമുണ്ടായിരുന്നു എന്നും അക്രമാസക്തനായിരുന്നു എന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാാൽ അമ്പിളിക്കല കോവിഡ് കെയർ സെൻ്ററിൽ ഷെമീറിനോടൊപ്പമുണ്ടായിരുന്ന പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ എന്ന് എ സി പി വി കെ രാജു പ്രതികരിച്ചു.
advertisement
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷെമീറിൻ്റെ കുടുംബം നേരത്തെ രംഗത്ത് എത്തിയിരുന്നു .
Location :
First Published :
October 10, 2020 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശ്ശൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനമേറ്റ് ; 40 പാടുകൾ, തലയിൽ ഗുരുതര ക്ഷതം