മരിച്ചത് തന്‍റെ കുഞ്ഞല്ല; മൃതദേഹം ഏറ്റെടുക്കാതെ പിതാവ്; ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഇത് തന്‍റെ മകനല്ലെന്നും മറ്റാരോ ആണെന്നും അറിയിച്ച മൊണ്ടാൽ മൃതദേഹം സ്വീകരിക്കാൻ വിസ്സമ്മതിക്കുകയായിരുന്നു. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചത്
കൊൽക്കത്ത: നവജാതശിശുവിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ഹൈക്കോടതി. പശ്ചിമ ബംഗാളിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിലാണ് കോടതി ഇടപെടൽ. മരിച്ചത് തന്‍റെ കുഞ്ഞല്ലെന്നും കുഞ്ഞിനെ ഹാജരാക്കണം എന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവായ ബബുൻ മൊണ്ടാൽ എന്നയാൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയത്.
സർക്കാരിന്‍റെ കീഴിലുള്ള എസ്എസ്കെഎം ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാകണം പോസ്റ്റുമോർട്ടമെന്നും കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ 13ന് റിപ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, അർജീത് ബാനർജി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
Also Read- 'വിശപ്പിന്റെ വിളി കേട്ടു'; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
മൊണ്ടാലിന്‍റെ അഭിഭാഷകന്‍റെ വാക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ ജൂൺ 13നാണ് ഇയാളുടെ കുഞ്ഞിനെ സര്‍ക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി.കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ് ആശുപത്രി പരിസരത്ത് തന്നെയുണ്ടായിരുന്നുവെങ്കിലും ഒരുതവണ പോലും കുഞ്ഞിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്ന് ആരോപിക്കുന്നുണ്ട്. കുട്ടി സുഖമായിരിക്കുന്നു എന്ന ഉറപ്പാണ് ആശുപത്രി അധികൃതർ നൽകിയത്. ഡോക്ടര്‍മാരുടെ നിർദേശപ്രകാരം ജൂൺ 23 മുതൽ 25 വരെ അമ്മയുടെ പാലും കുഞ്ഞിനെത്തിച്ച് നൽകിയിരുന്നു. എന്നാല്‍ ജൂൺ 25 വൈകിട്ടോടെ മൊണ്ടാലിനെ വിളിച്ചു വരുത്തി കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ജൂൺ 27ന് അദ്ദേഹത്തെ മോർച്ചറിയിലെത്തിച്ച് അഴുകിത്തുടങ്ങിയ മൃതദേഹവും കാണിച്ചു കൊടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
advertisement
എന്നാൽ ഇത് തന്‍റെ മകനല്ലെന്നും മറ്റാരോ ആണെന്നും അറിയിച്ച മൊണ്ടാൽ മൃതദേഹം സ്വീകരിക്കാൻ വിസ്സമ്മതിക്കുകയായിരുന്നു. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇതനുസരിച്ച് നടപടിയെടുത്ത കോടതി, മൃതദേഹം അഴുകിത്തുടങ്ങിയ കാരണം കൂടി വ്യക്തമാക്കുന്ന വിവരങ്ങൾ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ഉണ്ടാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2020 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മരിച്ചത് തന്‍റെ കുഞ്ഞല്ല; മൃതദേഹം ഏറ്റെടുക്കാതെ പിതാവ്; ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചു