തിരുവനന്തപുരം: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടുന്ന യുവാവ് അറസ്റ്റിൽ. കുറുപുഴ നന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻ ആണ് പിടിയിലായിരിക്കുന്നത്. സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സ്ത്രീകൾ താമസിക്കുന്ന വീട്ടിലെത്തുന്ന ഇയാൾ, അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളത് പൊലീസിന് ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്‍റെ അളവ് എടുക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അതിക്രമം.
ഇതിനായി സ്ത്രീകളുടെ കയ്യിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങും. അളവുകൾ എടുക്കുന്നതിനിടെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതായിരുന്നു രീതി. മാന്യമായ വേഷം ധരിച്ച് ഒറ്റനോട്ടത്തിൽ ആര്‍ക്കും സംശയത്തിനിട നൽകാത്ത രീതിയിലാണ് പെരുമാറ്റം. പാലോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തട്ടിപ്പ് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വലിയ ശ്രമങ്ങൾക്കൊടുവിലാണ് ദീപുവിനെ കണ്ടെത്തുന്നത്.
TRENDING: 'വേഗം സുഖം പ്രാപിക്കട്ടെ'; കോവിഡ് ബാധിച്ച ആരാധകന് ശബ്ദസന്ദേശവുമായി രജനീകാന്ത്[NEWS]വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പാചകക്കാരനുൾപ്പടെ 17 പേര്‍ക്ക് കോവിഡ്; വധുവും വരനും നിരീക്ഷണത്തിൽ[NEWS]ആറന്മുളയിൽ ആംബുലൻസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു[NEWS]
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഇരുപത്തി അയ്യായിരത്തിലധികം ഫോൺ രേഖകളും പരിശോധിച്ചു. ഇതിന് പുറമെ കേസിനാസ്പദമായ സംഭവം നടന്ന പ്രദേശത്തെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള സിസിറ്റിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തിയത്.
ഒളിവിൽ പോയ ഇയാളെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലും കരമന പൊലീസ് സ്റ്റേഷൻ പരിധിയിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രതി സമാനകുറ്റകൃത്യം നടത്തിയിരുന്നു. ഈ സംഭവങ്ങളിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുറച്ചുകാലം വിദേശത്തായിരുന്ന ദീപു, അവിടെ ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. വിദേശത്ത് എന്തോ തെറ്റിന് ജയിൽശിക്ഷ അനുഭവിച്ച ശേഷമായിരുന്നു മടക്കം. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sexual abuse, Sexual assault case