കാമുകനെ മർദിക്കാൻ ക്വട്ടേഷൻ; യുവതിയും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതമിനെ മര്‍ദിക്കുന്നതിനായി 40000 രൂപയ്ക്കാണ് ലെൻസി ക്വട്ടേഷൻ നൽകിയിരുന്നത്.
കൊല്ലം: കാമുകനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ. മയ്യനാട് സ്വദേശി ലെൻസി ലോറൻസ് (ചിഞ്ചുറാണി-30) ആണ് അറസ്റ്റിലായത്. ഇവർ ക്വട്ടേഷൻ നൽകിയ സംഘത്തിലെ അംഗങ്ങളായ വർക്കല കണ്ണബ പുല്ലാനിയോട് സ്വദേശി അനന്ദു (21), അയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരും പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് കേസിനാസ്പദമായ സംഭവം.കാമുകനായ ശാസ്താംകോട്ട സ്വദേശി ഗൗതമിനെ മര്‍ദിക്കുന്നതിനായി 40000 രൂപയ്ക്കാണ് ലെൻസി ക്വട്ടേഷൻ നൽകിയിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച് ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഗൗതം. ഔദ്യോഗിക ആവശ്യത്തിന് പരിചയപ്പെട്ട ലിൻസുമായി ഇയാൾ അടുപ്പത്തിലാവുകയായിരുന്നു.
എന്നാൽ കുറച്ചു നാൾ മുമ്പ് ഗൗതവുമായി പിണങ്ങിയ ലിൻസി ഇയാളുടെ സുഹൃത്ത് വിഷ്ണുവുമായി അടുത്തു. ഇതിന് പിന്നാലെയാണ് ഗൗതമിനെ അപായപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിനായി വിഷ്ണുവിന്‍റെ സഹോദരൻ അനന്ദു പ്രസാദിനാണ് ക്വട്ടേഷൻ നൽകിയത്. അഡ്വാൻസ് ആയി പതിനായിരം രൂപയും നല്‍കി.
advertisement
തുടർന്ന് തന്‍റെ കൂട്ടുകാർ കാണാനെത്തുമെന്നും അവരോടൊപ്പം പോയി കിട്ടാനുള്ള പണം വാങ്ങിവരണമെന്നും വിഷ്ണുവിനോട് ലെൻസി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ പതിനാലിന് ക്വട്ടേഷൻ സംഘം വിഷ്ണുവിനെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഗൗതമിനെ വിളിച്ചു വരുത്താൻ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി വിഷ്ണുവിനെ മര്‍ദിച്ചു. പിന്നാലെ ഗൗതമിനെയും വിളിച്ചു വരുത്തി സംഘം മർദിക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും തട്ടിയെടുത്തു.
advertisement
മനുഷ്യാവാകശ സംരക്ഷണസംഘം സംസ്ഥാന പ്രസിഡന്‍റ് ഹലീമയുടെ സഹായത്തോടെയാണ് വിഷ്ണുവും ഗൗതവും ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയത്.ചികിത്സയുടെ പേരിൽ ആശുപത്രിയിൽ ഒളിവില്‍ക്കഴിഞ്ഞ ലെൻസി മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. മറ്റ് പ്രതികളെയും വിവിധ ഒളികേന്ദ്രങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻഡ് ചെയ്തു.
ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ. അനീഷ്, എസ്.ഐ.മാരായ ഷിബു, ഷീന, ജി.എസ്.ബാല, എ.എസ്.ഐ.മാരായ രാജേഷ്കുമാർ, അനിൽ, ജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Location :
First Published :
June 21, 2021 12:23 PM IST


