Explained: അടുത്ത 30 വർഷത്തിനുള്ളിൽ അരിയുടെ ലഭ്യത കുറയുമോ, പഠനം പറയുന്നത് ഇങ്ങനെ
Last Updated:
വിളവിന്റെ 30 ശതമാനത്തോളം വിളവെടുപ്പ് നടക്കുമ്പോഴും അതിന് ശേഷവും നഷ്ടപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഇത് കുറച്ച് കൊണ്ടു വരിക എന്നത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുമ്പോൾ പ്രധാനമാണ്.
അരി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഒരു ദിവസം പോലും അരി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് പലർക്കും പ്രയാസമായിരിക്കും. അടുത്ത മുപ്പത് വർഷത്തേക്ക് മുട്ടില്ലാതെ അരി നമ്മുക്ക് ലഭിക്കുമോ? ലോകത്തെ തന്നെ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ ഇന്ത്യയിൽ പഠനം നടത്തിയ അമേരിക്കയിലെ ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകരുടേതാണ് ചോദ്യം. അടുത്ത മൂപ്പത് വർഷത്തിനിടെയുണ്ടാകുന്ന അരിയുടെ ലഭ്യത കുറവ് പരിഹരിക്കണം എങ്കിൽ മണ്ണ് സംരക്ഷണ സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗപ്പെടുത്തണം എന്നും വിളവെടുപ്പിനിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ പരിമിതപ്പെടുത്തണം എന്നും ഗവേഷകർ പറയുന്നു.
വടക്കേ ഇന്ത്യയിലെ ബിഹാറിലുള്ള ബൊർലാഹ് ഇൻസ്റ്റിറ്റ്യൂട് ഫാമിലെ നെല്ല് പ്ലാന്റേഷൻ കേന്ദ്രീകരിച്ച് ആയിരുന്നു ഗവേഷണം. 2050 ഓടെയുള്ള നെല്ലിന്റെ വിളവും ജലത്തിന്റെ ആവശ്യകതയും കണ്ടെത്തുക, കാലവസ്ഥ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളോട് നെൽ കർഷകർക്ക് എത്രത്തോളം പൊരുത്തപ്പെടാനാകും എന്ന് വിലയിരുത്തുക തുടങ്ങിയവ മനസിലാക്കുകയാണ് ഗവേഷണം ലക്ഷ്യം വെച്ചത്.
advertisement
മഴ ലഭ്യത, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, താപനില എന്നിവ വിളകളുടെ വളർച്ചയിൽ പ്രത്യേകിച്ച് അരിയുടെ കാര്യത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നവയാണ്. എന്നാൽ, ഇവയെ കാലാവസ്ഥാ വ്യതിയാനം സാരമായി ബധിക്കുന്നു എന്ന് ഇല്ലിനോയിസ് സർവകലാശാലയിലെ കാർഷിക, ബയോളജിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറും പഠനത്തെ നയിക്കുകയും ചെയ്യുന്ന പ്രസാന്ത കലിത വിശദീകരിക്കുന്നു.
ഒരു കിലോ അരിയുടെ ഉത്പാദനത്തിനും അതിന് ശേഷമുള്ള മറ്റ് പ്രക്രിയകൾക്കുമായി ഏതാണ്ട് 4000 ലിറ്റർ വെള്ളം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്ല് ഉത്പാദനത്തിന് ആവശ്യമായ ജലത്തിന്റെ അളവും, വിളവ് ലഭ്യതയും, കാലാവസ്ഥയും സംഘം പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. അരി ഉത്പാദനം ഉറപ്പാക്കാനായി നടപ്പിലാക്കാവുന്ന ആശയങ്ങളും പഠനം വിശദീകരിക്കുന്നു.
advertisement
നിലവിലുള്ള രീതിയാണ് കർഷകർ തുടരുന്നത് എങ്കിൽ 2050 ഓടെ ക്യഷിയിൽ നിന്നും ലഭിക്കുന്ന വിളവ് നന്നായി കുറയുമെന്ന് ഗവേഷകർ പറയുന്നു. വിളകൾ വളർച്ചക്ക് എടുക്കുന്ന സമയം കുറഞ്ഞു വരികയാണെന്ന് പഠനത്തിൽ വ്യക്തമായി. വിത്തിടുന്നതിനും വിളവ് എടുക്കുന്നതിനും ഇടയിൽ ഉള്ള സമയം കുറയുകാണ്. വിള പെട്ടെന്ന് പാകമാകുമ്പോൾ അതിൽ നിന്നും ലഭിക്കേണ്ടതായുള്ള വിളവ് കുറയുന്നു - പ്രസാന്ത് കലിത പറഞ്ഞു.
advertisement
ഞാറ് പറിച്ച് നടുന്നതിന് പകരം നേരിട്ട് വിത്ത് വിതക്കുകയാണ് നല്ലതെന്ന് മുന്നോട്ട് വെക്കുകയാണ് ഗവേഷണം. പ്രകൃതി സൗഹൃദമായ ഈ രീതിക്ക് വെള്ളം കുറച്ച് മതി എന്ന് മാത്രമല്ല പറിച്ചു നടുമ്പോൾ ലഭിക്കുന്ന അതേ വിളവ് ലഭിക്കുകയും ചെയ്യും. വിളവിന്റെ അവശിഷ്ടങ്ങൾ നില നിർത്തുകയാണെങ്കിൽ മണ്ണ് , ജലം എന്നിവയുടെ സംരക്ഷണത്തിന് സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിളവിന്റെ 30 ശതമാനത്തോളം വിളവെടുപ്പ് നടക്കുമ്പോഴും അതിന് ശേഷവും നഷ്ടപ്പെടുന്നുണ്ടെന്നും പഠനം പറയുന്നു. ഇത് കുറച്ച് കൊണ്ടു വരിക എന്നത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുമ്പോൾ പ്രധാനമാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2021 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: അടുത്ത 30 വർഷത്തിനുള്ളിൽ അരിയുടെ ലഭ്യത കുറയുമോ, പഠനം പറയുന്നത് ഇങ്ങനെ