തിരുവനന്തപുരം: ഈ വർഷത്തെ
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന ഘട്ടത്തിലെത്തി. അവസാന റൗണ്ടിലെത്തിയ ചിത്രങ്ങൾ കാണുകയാണ് ജൂറി അംഗങ്ങൾ. 13നാണ് അവാർഡ് പ്രഖ്യാപനം. സൂപ്പർതാരങ്ങളുടെ
ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 ചിത്രങ്ങളാണ് മത്സരിക്കുന്നത്.
കടുത്ത പോരാട്ടം തന്നെയാണ് ഇത്തവണ.
കോവിഡ് മൂലം
അവാർഡ് സ്ക്രീനിംഗ് ഇത്തവണ വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ മാർച്ച് 18ന് ജൂറി അംഗങ്ങളെ സർക്കാർ തെരഞ്ഞെടുത്തെങ്കിലും കോവിഡ് മൂലം ജൂറിക്കു സ്ക്രീനിംഗ് നടത്താനായില്ല. ആദ്യം തിരഞ്ഞെടുത്ത ജൂറിയിലെ അംഗങ്ങളായ സംഗീത സംവിധായകൻ പി.ജെ.ബേർണി, നടി അർച്ചന, എഴുത്തുകാരൻ ടി. ഡി.രാമകൃഷ്ണൻ എന്നിവർ പിന്മാറുകയും ചെയ്തു.
പകരം പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരെ ഉൾപ്പെടുത്തി പുതിയ ജൂറിയെ തീരുമാനിച്ചു. ജൂറി ചെയർമാൻ മധു അമ്പാട്ട്, അംഗം എൽ.ഭൂമിനാഥൻ എന്നിവർ ചെന്നൈയിൽ നിന്ന് എത്തി നിശ്ചിത ദിവസം ക്വാറന്റീന്‍ പൂർത്തിയാക്കിയ ശേഷമാണ് സ്ക്രീനിംഗ് ആരംഭിച്ചത്.
മോഹൻലാലിൻറെ രണ്ട് വമ്പൻ ചിത്രങ്ങൾ ഇത്തവണ മത്സരത്തിനുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പൃഥ്വിരാജ്) എന്നിവയാണ്. എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കമാണ് മത്സര രംഗത്തുള്ള മറ്റൊരു വമ്പൻ ചിത്രം. കൂടാതെ മോഹൻ ലാൽ ചിത്രം ഇട്ടിമാണി, മമ്മൂട്ടി ചിത്രങ്ങളായ ഉണ്ട, പതിനെട്ടാംപടി എന്നിവയും മത്സരിക്കുന്നു.
തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജല്ലിക്കെട്ട്,വൈറസ്, വെയിൽ മരങ്ങൾ, കോളാമ്പി, പ്രതിപൂവൻകോഴി, ഉയരെ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അമ്പിളി, ഡ്രൈവിംഗ് ലൈസൻസ്, തെളിവ്, ജലസമാധാ, ഗ്രാമവൃക്ഷത്തിലെ കുയിൽ, ഫൈനൽസ്,അതിരൻ, പൊറിഞ്ചു മറിയം ജോസ്, വികൃതി, ഹാസ്യം, മൂത്തോൻ, സാറ്റാന്റ് അപ്പ് തുടങ്ങിയവയാണ് മത്സര രംഗത്തുള്ള മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.