കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഷായുടെ വിമർശനങ്ങൾ. അഴിമതിയിൽ മുങ്ങിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആരോപിച്ച അമിത് ഷാ, ഇവിടെ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾക്കെതിരെയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
തൃണമൂല്‍ വിട്ട് വന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ളവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് മമതയ്ക്കെതിരെ ഷാ ആഞ്ഞടിച്ചത്. "ദീദി, ഇതൊരു തുടക്കം മാത്രമാണ്. കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കു. ബംഗാളില്‍ 'സുനാമി'യുണ്ടാകും. പാർട്ടിയിൽ നിങ്ങൾ തനിച്ചാകും" എന്നായിരുന്നു ഷായുടെ വാക്കുകൾ. സുവേന്ദു അധികാരിക്ക് പുറമെ വിവിധ പാര്‍ട്ടികളിൽ നിന്നുള്ള 9 എംഎൽഎമാരും തൃണമൂൽ എംപി സുനിൽ മൊണ്ടാലും ബിജെപിയിലേക്ക് കൂട് മാറിയിട്ടുണ്ട്.
ബിജെപിയില്‍ ചേർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരി അമിത് ഷായ്ക്കൊപ്പം
അടുത്ത് വരുന്ന തെരഞ്ഞെടുപ്പിൽ ബംഗാളില്‍ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. 294 അംഗ അസംബ്ലിയിൽ 200ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് അവകാശവാദം. 'സംസ്ഥാനത്ത് 200ൽ അധികം സീറ്റ് നേടി ബിജെപി സര്‍ക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുകയാണ്. തൃണമൂൽ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ അതിക്രമങ്ങളും ഭീഷണിപ്പെടുത്തലുമൊന്നും ഗുണം ചെയ്യില്ല' എന്നായിരുന്നു ഷാ പറഞ്ഞത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് നേരെ പശ്ചിമബംഗാളിൽ വച്ചുണ്ടായ ആക്രമണസംഭവത്തെയും കടുത്ത ഭാഷയിൽ ഷാ അപലപിച്ചു. തൃണമൂൽ അക്രമം കൂട്ടുന്തോറും ബിജെപിയുടെ കരുത്ത് കൂടുകയാണ് എന്നായിരുന്നു ഇതിൽ അദ്ദേഹത്തിന്‍റെ പ്രതികരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.