IPL 2020| സൗരവ് ഗാംഗുലി ദുബായിലേക്ക്; ഐപിഎൽ മുന്നൊരുക്കം വിലയിരുത്തും
- Published by:Rajesh V
- news18-malayalam
Last Updated:
ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ സ്റ്റേഡിയങ്ങളിലേക്ക് ആരാധകർക്ക് പ്രവേശനമുണ്ടാകില്ല.
ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദുബായിലേക്ക് തിരിച്ചു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്.
Also Read- കോഹ്ലിയുടെ 'ഹോട്ട് ഡോഗ്സും' ഡിവില്ലേഴ്സിന്റെ 'കൂൾ ക്യാറ്റ്സും'; കാൽപന്ത് കളിയിൽ ഏറ്റുമുട്ടിയപ്പോൾ
''ആറുമാസത്തിനിടെയുള്ള ആദ്യ വിമാനയാത്ര ഐപിഎല്ലിനായി ദുബായിലേക്ക്.... ജീവിതം മാറുകയണ്'- ഇൻസ്റ്റാഗ്രാമിൽ മാസ്കും മുഖാവരണവും ധരിച്ചുള്ള ചിത്രത്തിനൊപ്പം ഗാംഗുലി കുറിച്ചു.
ഒക്ടോബർ- നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടത്താൻ വഴിതുറന്നത്. സാധാരണ ഏപ്രിൽ- മെയ് മാസങ്ങളിൽ നടത്തുന്ന ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവന്നിരുന്നെങ്കിൽ ബോർഡിന് 4000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമായിരുന്നു. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അടക്കമുള്ള പ്രമുഖർ ദുബായിലെത്തിയിട്ടുണ്ട്.
advertisement
കളിക്കാർ ഉൾപ്പെടെ ഏതാനുംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഐപിഎൽ നടത്തുന്നത്. കോവിഡ് മഹാമാരി ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തിയത് ചെന്നൈ ടീമിനാണ്. രണ്ട് കളിക്കാർ ഉൾപ്പെടെ 13 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വറന്റീനിൽ കഴിയുന്നത്.
advertisement
ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ സ്റ്റേഡിയങ്ങളിലേക്ക് ആരാധകർക്ക് പ്രവേശനമുണ്ടാകില്ല. എന്നാൽ കോവിഡ് വ്യാപനം നിരീക്ഷിച്ചശേഷം, അവസാന മത്സരങ്ങളിൽ കാണികളെ പ്രവേശിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.
Location :
First Published :
September 09, 2020 1:33 PM IST