CBI in Life Mission | ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐക്ക് മുന്നിൽ കൂടുതൽ തെളിവുകളുമായി അനിൽ അക്കര എം.എൽ.എ

Last Updated:

സർക്കാർ സെയിൻ വെഞ്ചേഴ്സിനെ മറച്ചുവയ്ക്കാനും സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അനിൽ അക്കര

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി സി.ബി.ഐക്ക് കൂടുതൽ തെളിവുകൾ കൈമാറി അനിൽ അക്കര എം.എല്.എ. വടക്കാഞ്ചേരിൽ ഫ്ലാറ്റ് നിർമ്മിക്കാൻ  പണം എത്തിയത് രണ്ട് രീതിയിലാണെന്നാണ് അനിൽ അക്കരെ സിബിഐയോട് വ്യക്തമാക്കിയത്. നിർമ്മാണ കമ്പനിയായ യുണിടാക്കിനെത്തിയ പണം ഫ്ലാറ്റ്,  ആശുപത്രി എന്നിവയുടെ നിർമ്മാണത്തിനാണ് വിനിയോഗിച്ചത്.  സഹകമ്പനിയായ  സെയിൻ വെഞ്ചേഴ്സിന് ലഭിച്ച പണം രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകാനാണ് ഉപയോഗിച്ചതെന്നും അനിൽ അക്കര വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ സർക്കാർ സെയിൻ വെഞ്ചേഴ്സിനെ മറച്ചുവയ്ക്കാനും സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അനിൽ അക്കര പറഞ്ഞു. സെയിൻ വെഞ്ചേഴ്‌സിന് പണം ലഭിച്ചതിന്റെ പണത്തിൻ്റെ രേഖകളും യൂണിടാക്കുമായി സർക്കാർ നടത്തിയ കത്തിടപാടുകളുടെ പകർപ്പുകളും സിബിഐക്ക് കൈമാറിയതായി അനിൽ അക്കരെ വ്യക്തമാക്കി.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നെന്ന പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വിദേശത്തുനിന്നെത്തിയ പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചെന്ന ആരോപണത്തിന്മേലാണ് കേസ്.
advertisement
ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് നടന്നെന്നു ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എയാണ് സി.ബി.ഐക്ക് പരാതി നൽകിയത്.  റെഡ് ക്രസന്റുമായി ഉണ്ടാക്കിയ  കരാറുകൾ നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിക്കു വേണ്ടി പണം നൽകിയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫ്ലാറ്റ് നിർമാണക്കരാർ ഒപ്പിട്ടത് യു.എ.ഇ. കോൺസുലേറ്റും യൂണിടാകും തമ്മിലാണെന്ന രേഖയും പുറത്തുവന്നിരുന്നു. ലൈഫ് മിഷൻ സി.ഇ.ഒ.യും റെഡ് ക്രസന്റ് പ്രതിനിധികളും ചേർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രത്തിൽ പറഞ്ഞതു പ്രകാരമല്ല ഉപകരാറുണ്ടാക്കിയത്. സംസ്ഥാന സർക്കാരോ സർക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിർമാണക്കരാറിൽ ഉൾപ്പെടാത്തതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
advertisement
കേന്ദ്രാനുമതിയില്ലാതെയാണ് കരാർ ഒപ്പിട്ടതെന്നതും വിവാദമായി. ഇതിനുപിന്നാലെ,  ഇ.ഡി. ലൈഫ് മിഷൻ സി.ഇ.ഒ.യിൽനിന്നും ചീഫ് സെക്രട്ടറിയിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ യു.വി. ജോസിൽനിന്ന് ഇ.ഡി. മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ തിരുവനന്തപുരം കരമന ശാഖയിൽ യു. എ. ഇ കോൺസുലേറ്റ് ആരംഭിച്ച വിവിധ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആക്സിസ് ബാങ്ക് അധികൃതർ സി ബി ഐയ്ക്ക് കൈമാറി. അക്കൗണ്ടുകളിൽ ചിലത് വ്യാജരേഖകൾ ഉപയോഗിച്ച് സ്വപ്ന തുറന്നതാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കമ്മീഷൻ സ്വപ്നയ്ക്കും സന്ദീപിനും കൈമാറിയത് ഈ അക്കൗണ്ട് വഴിയാണെന്നും കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission | ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐക്ക് മുന്നിൽ കൂടുതൽ തെളിവുകളുമായി അനിൽ അക്കര എം.എൽ.എ
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement