തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നതു സംബന്ധിച്ച വിവാദങ്ങളില്‍ മറുപടി പറയാനും പറയാതിരിക്കാനും പറ്റാത്ത സ്ഥിതിയിലാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര മന്ത്രി വി. മുരളീധരന്റെയും മറ്റു ബിജെപി നേതാക്കളുടെയും വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
"എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും- ഇതാണ് എന്റെയൊരു അവസ്ഥ. കേന്ദ്രമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തുമ്പോള്‍ അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനകള്‍ ഓര്‍ത്താല്‍ മതി. എന്തുകൊണ്ട് ആരാധനാലയം തുറക്കുന്നില്ല എന്നായിരുന്നു അന്ന് ചോദിച്ചിരുന്നത്. മദ്യശാലകള്‍ തുറക്കാം, ആരാധനാലയത്തിലേ കൊറോണ വരൂ എന്നാണോ കരുതുന്നത് എന്നാണ് അന്ന് ചോദിച്ചത്. അന്ന് ആ പ്രസ്താവനകള്‍ക്ക് ഞാന്‍ മറുപടി പറയാന്‍ പോയിട്ടില്ല''- മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മേയ് 30ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ആദ്യഭാഗത്തുതന്നെ പറഞ്ഞിരുന്നത് ജൂണ്‍ എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം എന്നായിരുന്നു. പിന്നീട് ജൂണ്‍ നാലാം തീയതി കേന്ദ്ര മന്ത്രാലയം നടപടിക്രമങ്ങളും പുറത്തിറക്കിയിരുന്നു. ഇതിന്റെയൊക്കെ ഭാഗമായാണ് സംസ്ഥാനസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ആരാധനാലയങ്ങള്‍ തല്ക്കാലം തുറക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? ചിലര്‍ അതാണ് പ്രതീക്ഷിച്ചതെന്നാണ് തോന്നുന്നത്. ഭക്തരുടെ വികാരം ഉള്‍ക്കൊള്ളാത്ത സര്‍ക്കാരാണ് ഇവിടെയുള്ളത് എന്നായിരിക്കും അപ്പോള്‍ ഇവര്‍ പറയുക. എല്ലാപ്രശ്നങ്ങളും വിശ്വാസി സമൂഹവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുടെ പ്രധാനികളെ വിളിച്ച് ചര്‍ച്ച ചെയ്താണ് തുറക്കാമെന്ന് തീരുമാനിച്ചത്. " മുഖ്യമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.