മലപ്പുറത്ത് കൂടുതൽ സ്വതന്ത്രരെ മത്സരിപ്പിക്കാൻ സിപിഎം നീക്കം; എം.എസ്.പി മുൻ കമാൻഡർ യു ഷറഫലിയും പരിഗണനയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2016 ലാണ് സ്വതന്ത്ര പരീക്ഷണം ജില്ലയില്‍ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച ആറ് സ്വതന്ത്രരിൽ മൂന്ന് പേര്‍ ജയിച്ചു. പി.വി അൻവര്‍ നിലമ്പൂരും വി അബ്ദുറഹ്മാൻ താനൂരും പിടിച്ചെടുത്ത് ചരിത്രം രചിച്ചു. തിരൂരങ്ങാടിയും തിരൂരും ഇടത് സ്വതന്ത്രൻമാർ ലീഗിനെ വിറപ്പിച്ചു, ഭൂരിപക്ഷം കുറച്ചു.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ കൂടുതൽ സ്വതന്ത്രരെ സ്ഥാനാർത്ഥികളാക്കാനൊരുങ്ങി സി.പി.എം. കഴിഞ്ഞ തവണ ആറിടത്താണ് സ്വതന്ത്രരെ മത്സരിപ്പിച്ചതെങ്കിൽ ഇത്തവണ അതിലുമധികം സീറ്റുകളില്‍ സ്വതന്ത്രർക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. ജില്ലയിലെ ഇടത് എംഎൽഎമാരിൽ നാലില്‍ മൂന്ന് പേരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചു വിജയിച്ചവരാണ്.
2016 ൽ മലപ്പുറം, മങ്കട , പെരിന്തൽമണ്ണ, പൊന്നാനി, വേങ്ങര, വണ്ടൂർ മണ്ഡലങ്ങളിൽ മാത്രമാണ് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. നിലമ്പൂർ, തവനൂർ, തിരൂർ, കൊണ്ടോട്ടി , തിരൂരങ്ങാടി മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു. കോട്ടയ്ക്കൽ എൻ.സി.പിയും ഏറനാടും മഞ്ചേരിയിലും സി.പി.ഐയും വള്ളിക്കുന്ന് ഐ.എൻ.എൽ സ്ഥാനാർത്ഥികളും മത്സരിച്ചു.
മലപ്പുറം ജില്ലയിലെ യുഡിഎഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താൻ ഇടതു മുന്നണി കാലങ്ങളായി പ്രയോഗിക്കുന്ന ആയുധമാണ് സ്വതന്ത്യ സ്ഥാനാര്‍ത്ഥികളെന്നത്. 2001 ല്‍ മഞ്ഞളാംകുഴി അലി മങ്കടയിൽ കെ.പി.എ മജീദിനെ വീഴ്ത്തിയതു മുതലാണ് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പരീക്ഷണം ജില്ലയില്‍ വിജയിച്ചു തുടങ്ങിയത്.
advertisement
മഞ്ഞളാംകുഴി അലി 2006ലും ജയം തുടര്‍ന്നപ്പോള്‍ ഇടത് സ്വതന്ത്രനായി വന്ന കെ ടി ജലീൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തി. 2011 ലും 16 ലും ജലീല്‍ തവനൂരില്‍ ജയിച്ചതും ഇടത് സ്വതന്ത്രനായി തന്നെ. 2016 ലാണ് സ്വതന്ത്ര പരീക്ഷണം ജില്ലയില്‍ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച ആറ് സ്വതന്ത്രരിൽ മൂന്ന് പേര്‍ ജയിച്ചു. പി.വി അൻവര്‍ നിലമ്പൂരും വി അബ്ദുറഹ്മാൻ താനൂരും പിടിച്ചെടുത്ത് ചരിത്രം രചിച്ചു. തിരൂരങ്ങാടിയും തിരൂരും ഇടത് സ്വതന്ത്രൻമാർ ലീഗിനെ വിറപ്പിച്ചു, ഭൂരിപക്ഷം കുറച്ചു.
advertisement
Also Read കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം
ഇത്തവണയും സ്വതന്ത്രൻമാരെ നിര്‍ത്തിയുള്ള പോരാട്ടംതുടരാനാണ് സി.പി.എം നീക്കം. സി.പി.ഐ മത്സരിക്കുന്ന ഏറനാട് സീറ്റ് ഏറ്റെടുത്ത് പൊലീസില്‍ നിന്നും വിരമിച്ച ഫുട്ബോൾ താരം കൂടിയായ യു ഷറഫലിയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ സി പി എം സ്ഥാനാര്‍ത്ഥി മത്സരിച്ച വണ്ടൂരില്‍ ഇത്തവണ സ്വതന്ത്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. മലപ്പുറം മുൻ കളക്ടര്‍ കൂടിയായ എം.സി മോഹൻദാസിൻറെ പേരും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ഇക്കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാനുള്ള സമയം ആയിട്ടില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.
advertisement
മലപ്പുറത്ത് നേട്ടമുണ്ടാക്കാൻ സ്വതന്ത്രരെ വച്ചുള്ള പരീക്ഷണം കൊണ്ടേ സാധിക്കൂവെന്ന് സിപിഎമ്മിന് നന്നായി അറിയാം. യുഡിഎഫ് കോട്ടയില്‍ വിള്ളലുണ്ടാക്കാനും ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കാനും കഴിയുന്ന വ്യക്തികളെ അതുകൊണ്ട് തന്നെ ഇത്തവണയും സിപിഎം രംഗത്തിറക്കുമെന്ന് ഉറപ്പാണ്. അത് ഇനി ഘടകകക്ഷികളുടെ സീറ്റ് സമവായത്തിലൂടെ ഏറ്റെടുത്താകുമോ, അതോ പിടിച്ചെടുത്താകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് കൂടുതൽ സ്വതന്ത്രരെ മത്സരിപ്പിക്കാൻ സിപിഎം നീക്കം; എം.എസ്.പി മുൻ കമാൻഡർ യു ഷറഫലിയും പരിഗണനയിൽ


