News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 20, 2021, 6:31 PM IST
പ്രതീകാത്മക ചിത്രം
കൊച്ചി: കേരള തീരത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 27 ന് കേരളത്തില്‍ തീരദേശഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപനം. കൊച്ചിയില്‍ പ്രതിപക്ഷ-സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.
അമേരിക്കന്‍ കമ്പനിയക്ക് മത്സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ച കേരള സേറ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ തോപ്പുംപടിയിലെ ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികള്‍ മറ്റന്നാള്‍ മാര്‍ച്ച് നടത്തും.
25 ന് സംസ്ഥാനത്തിന്റെ മൂന്നു തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മേഖലാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിയ്ക്കുമെന്നും സമിതി അറിയിച്ചു. എ.എല്‍.എമാരായ ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരാണ് സംരക്ഷണ സമിതിയുടെ രക്ഷാധികാരികള്‍.
ചാള്‍ഡ് ജോര്‍ജ് ജനറല്‍ കണ്‍വീനര്‍.കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിയ്ക്കുന്ന നടപടി പിന്‍വലിയ്ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. ഉദ്യാഗസ്ഥര്‍ സ്വന്തം നിലയിലാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ഫിഷറീസ് മന്ത്രി
മെഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.
ഏതെങ്കിലും ഉദ്യാഗസ്ഥര്‍ തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണം. കരാര്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഒരു വാക്കുപറഞ്ഞാല്‍ സമരസമിതി പിരിച്ചുവിട്ട് പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട കരാറിൽ തെറ്റായ ഒന്നുമില്ലെന്നായിരുന്നു കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ വിശദീകരണം. ജലയാനങ്ങളും ട്രോളറുകളും നിർമ്മിക്കാനുള്ള കരാറാണ് ഒപ്പിട്ടത്. മത്സ്യ ബന്ധനവുമായി കെ.എസ്.ഐ.എൻ.സിക്ക് ഒരു ബന്ധവുമില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
You may also like:'അമേരിക്കൻ കമ്പനി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി'; ഫോട്ടോകള്‍ പുറത്തുവിട്ട് ചെന്നിത്തല
കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന ജലയാനങ്ങള്‍ നീറ്റിലിറക്കുന്നവര്‍ നിലവിലുള്ള നിയമപരമായി എല്ലാവിധ ലൈസന്‍സുകളും സര്‍ക്കാര്‍ അനുമതികളും നേടേണ്ടതുണ്ട്. ഇഎംസിസി ഇതുവരെ വര്‍ക്ക് ഓര്‍ഡര്‍ പ്രകാരം അഡ്വാന്‍സ് തുക ഒടുക്കുകയോ യാനങ്ങളുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്.
എന്നാൽ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിയായാണ് കരാറിനെ നേരത്തെ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കൻ കമ്പനി ഇ.എം.സി.സി ഇൻറർനാഷണലുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും നേരത്തെ വിശദീരിച്ചിരുന്നു.
കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രമേശ് ചെന്നിത്തല തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
Published by:
Naseeba TC
First published:
February 20, 2021, 6:31 PM IST