കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജർ. തില്ലങ്കേരിയിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും ഇനി മോശമായി ചിത്രീകരിക്കരുത്. അങ്ങനെ ചെയ്താല്‍ പാര്‍ട്ടി എന്താണെന്ന് ആകാശ് അറിയുമെന്ന് ഷാജര്‍ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍മീഡിയയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തൃണമാണെന്നും ഷാജര്‍ തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.
”രക്തസാക്ഷിയുടെ സഹോദരിയെ പോലും പച്ചയ്ക്ക് അപമാനിക്കാൻ വന്ന ആകാശേ, കൊല നടത്തിയ ആർഎസ്എസിനെക്കാൾ ഞങ്ങൾക്ക് ശത്രു നിങ്ങളാണ്. തില്ലങ്കേരിയിലെ ഏതെങ്കിലും പാർട്ടി പ്രവർത്തകനെ അപഹസിക്കാനോ ആക്ഷേപിക്കാനോ മറ്റെന്തിനെങ്കിലും മുന്നോട്ടുവന്നാൽ എന്താണ് ഈ പ്രസ്ഥാനമെന്ന് ഈ നാട് കാട്ടിത്തരും. ഈ പ്രസ്ഥാനം പറഞ്ഞ ഒന്നിലും പങ്കെടുക്കാത്തവനാണ് നീ. തില്ലങ്കേരി പോലെ ഒരു സ്ഥലത്തെ പൊതുസമൂഹത്തിന് മുൻപാകെ, ക്വട്ടേഷൻ താവളം പോലെ അധിക്ഷേപിക്കുമ്പോൾ, മാധ്യമങ്ങൾക്ക് കൊത്തിവലിക്കുമ്പോൻ രോമാഞ്ചം കൊള്ളുകയാണ്. അതിന് തുല്യമായ നികൃഷ്ട ജീവികളായ മാധ്യമപട ഇവിടെയുണ്ട്”- പൊതുയോഗത്തിൽ ഷാജർ പറഞ്ഞു.
Also Read- ‘പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല; ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല’: പി. ജയരാജൻ
നേരത്തെ പൊതുയോഗത്തില്‍ ആകാശിനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജനും എം പി ജയരാജനും രംഗത്തെത്തിയിരുന്നു. ആകാശും സംഘവുമല്ല സിപിഎമ്മിന്റെ മുഖമെന്നും തില്ലങ്കേരിയിലെ പാര്‍ട്ടി നേതൃത്വവും അംഗങ്ങളുമാണ് പാര്‍ട്ടിയുടെ മുഖമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ആകാശാണ് പാര്‍ട്ടി മുഖമെന്ന് വരുത്തി തീര്‍ക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും പി ജയരാജന്‍ പറഞ്ഞു.
തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെങ്കില്‍ അത് അഭിമുഖീകരിക്കും. സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍കാരുടെ സഹായവും സേവനവും സിപിഎമ്മിന് വേണ്ട. ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് താന്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ്. ഷുഹൈബ് വധക്കേസില്‍ പ്രതികളായ എല്ലാവരെയും പാര്‍ട്ടി പുറത്താക്കിയതാണെന്നും വധത്തെ സിപിഎം നേരത്തെ തള്ളിപ്പറഞ്ഞതാണെന്നും പി ജയരാജന്‍ വ്യക്തമാക്കി.
ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ഇത്തരം സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ പാര്‍ട്ടി മുട്ട് മടക്കില്ലെന്നും എം വി ജയരാജന്‍ തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.
ആകാശിനെ വെല്ലുവിളിച്ച് തില്ലങ്കേരി പാർട്ടി ലോക്കല്‍ സെക്രട്ടറി ഷാജിയും രംഗത്തെത്തി. തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി ആഹ്വാനം ചെയ്തവ ഉണ്ടെങ്കില്‍ ആകാശ് പറയണമെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ നാട്ടുകാരോട് പാര്‍ട്ടി മാപ്പ് ചോദിക്കുമെന്ന് ഷാജി പറഞ്ഞു. ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് ആകാശ് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.