'ലൈഫ് മിഷൻ' പൂർത്തീകരണം പ്രഖ്യാപിക്കാനുള്ള പരിപാടിക്ക് മാറ്റിവച്ചത് 30 ലക്ഷം രൂപ; ചെലവായത് 33 ലക്ഷം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ട് ലക്ഷം ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത് 33 ലക്ഷം രൂപ ചെലവഴിച്ച്. 2020 ഫെബ്രുവരി 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ചടങ്ങ്.
തിരുവനന്തപുരത്തെ ജില്ലാ തല കുടുംബസംഗമവും അന്ന് സംഘടിപ്പിച്ചിരുന്നു. പരിപാടിക്ക് പ്രതീക്ഷിച്ചിരുന്ന ചെലവ് 30 ലക്ഷമായിരുന്നെങ്കിലും 33 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വന്നു.
പന്തൽ, സ്റ്റേജ്, മേശകൾ, കസേരകൾ, കാർപെറ്റ്, ഡിജിൽ പ്ലാറ്റ്ഫോം , സൗകര്യം ക്രമീകരിക്കൽ, ഫ്രണ്ട് ഗേറ്റും ബാക് ഡ്രോപ്പും സജ്ജീകരിക്കൽ, ഡിജിറ്റൽ ഡിസ്പ്ലേ ലൈറ്റ് ആന്റ് സൗണ്ട് എന്നിവക്കാണ് ഇത്രയും തുക ചിലവായത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകൻ. ഗുണഭോക്തൃ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി മികച്ച രീതിയിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞെന്നായിരുന്നു സർക്കാരിന്റെയും വിലയിരുൽ. എന്നാൽ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇത്തരം ധൂർത്ത് ഒഴിവാക്കാമായിരുന്നില്ലേയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
advertisement
പരിപാടിയുടെ സംഘാടനത്തിനുള്ള ചെലവിനത്തിൽ പ്രതീക്ഷിച്ചിരുന്ന 30 ലക്ഷം രൂപ യിൽ 20 ലക്ഷം ലൈഫ് മിഷനും 5 ലക്ഷം രൂപ വീതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തും, കോർപ്പറേഷനുമാണ് നൽകിയത്. എന്നാൽ ചെലവ് കണക്കുകൂട്ടലുകൾക്കപ്പുറമായി. സർക്കാർ ഏജൻസികളുടെ സഹായത്തോടെ നിർവ്വഹണം സാധ്യമല്ലാത്ത ചില പ്രവർത്തികൾ സമയപരിമിതി കണക്കിലെടുത്ത് നേരിട്ട് നിർവ്വഹണം നടത്തിയെന്നാണ് വിശദീകരണം. ഇതോടെ ചെലവ് മുപ്പത്തി മുന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന് രൂപയായി. പ്രതീക്ഷിച്ച ചെലവിനെക്കാൾ മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന് രൂപ അധിക. ഒടുവിൽ ഈ ഈ തുകയും ലൈഫ് മിഷൻ ഫണ്ടിൽ നിന്നെടുത്തു.
advertisement
പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പ് മന്ത്രി ചെയർമാനും, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജനറൽ കൺവീനറുമായ കമ്മിറ്റിയാണ്പരിശോധിച്ച് അംഗീകരിച്ചത്. 3,21,223 രൂപ ലൈഫ് മിഷൻ ഫണ്ടിൽ നിന്നും ചെലവ് ചെയ്ത നടപടിക്ക് സർക്കാരിൽ നിന്നും അംഗീകാരം വാങ്ങുന്നതിനും യോഗം തീരുമാനിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന പരിപാടി ആയതിനാൽ പണം അനുവദിക്കുന്നെന്നാണ് വിശദീകരണം. പ്രധാന കാര്യങ്ങൾ പത്രപരസ്യം നല്കി ക്വട്ടേഷൻ ക്ഷണിച്ച് മാനദണ്ഡ പ്രകാരം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും ഉത്തരവിൽ പറയുന്നു.
advertisement
അധികം തുക ചെലവഴിച്ച ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നടപടി സാധുകരിക്കുന്ന ഉത്തരവിൽ ഇത്തരം കാര്യങ്ങൾക്ക് അനുമതി ലഭിച്ചശേഷമേ തുക ചിലവഴിക്കുവാൻ പാടുള്ളൂവെന്ന മുന്നറിയിപ്പുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2020 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈഫ് മിഷൻ' പൂർത്തീകരണം പ്രഖ്യാപിക്കാനുള്ള പരിപാടിക്ക് മാറ്റിവച്ചത് 30 ലക്ഷം രൂപ; ചെലവായത് 33 ലക്ഷം