'മോഡി' ബേക്കറിയിൽ 'ഹലാൽ' സ്റ്റിക്കർ; ഉടമയെ ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ
'മോഡി' ബേക്കറിയിൽ 'ഹലാൽ' സ്റ്റിക്കർ; ഉടമയെ ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ
കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്.
കൊച്ചി: എറണാകുളം കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ. ബേക്കറിയിൽ പ്രവർത്തക൪ നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ പരാതിയിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ മോഡി എന്ന് പേരുള്ള ബേക്കറിയുടെ മുമ്പിൽ ഒട്ടിച്ചിരുന്നു. ഇതോടെ രണ്ടാഴ്‌ച മുമ്പ് പ്രവർത്തനം തുടങ്ങിയ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവ൪ത്തക൪ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുളള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക൪ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് കത്ത് നൽകിയത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്ക൪ നീക്കി.
അതേസമയം, സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവ൪ക്കെതിരെയാണ് മതസ്‌പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ പേ൪ക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടക്കുകയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.