'അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജി സുധാകരനെ വലിച്ചുകീറി' - വൈറലായി വീഡിയോ
Last Updated:
അമ്പലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പലയിടത്തും നിന്നും ചില കൗതുകകരമായ കാഴ്ചകൾ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്ത വകുപ്പുകളിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇത്തവണ സീറ്റു കിട്ടാത്തവരിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉൾപ്പെടും. തുടർച്ചയായി രണ്ടു തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഇത്തവണ മാറി നിൽക്കട്ടെയെന്ന സാങ്കേതികത്വം ആയിരുന്നു അതിനു കാരണം.
പക്ഷേ, അമ്പലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആദ്യഘട്ടത്തിൽ എച്ച് സലാമിന്റെ പോസ്റ്ററുകളിൽ ഒപ്പമുണ്ടായിരുന്നത് മന്ത്രി ജി സുധാകരന്റെ ചിത്രമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ ആ പോസ്റ്ററുകൾ അപ്രത്യക്ഷമാകുകയും പഴയ പോസ്റ്ററുകളുടെ സ്ഥാനത്ത് ജി സുധാകരനെ മാറ്റി എ എം ആരിഫ് എം പിക്ക് ഒപ്പം എച്ച് സലാമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ ഒരു മതിൽ മുഴുവൻ എച്ച് സലാമിന്റെ പോസ്റ്ററുകളാണ്. പോസ്റ്ററുകളിൽ എച്ച് സലാമിനൊപ്പം ഉള്ളത് ആരിഫ് എം പിയാണ്. എന്നാൽ, ഈ വീഡിയോയുടെ പ്രത്യേകത ഇതല്ല. മതിലുകളിലെ പോസ്റ്ററുകൾ കാണിച്ചതിനു ശേഷം ക്യാമറ നേരെ പോകുന്നത് മതിലുകളുടെ അപ്പുറത്തേക്കാണ്. അവിടെ എച്ച് സലാമിനൊപ്പം സുധാകരന്റെ ചിത്രമുള്ള പോസ്റ്ററുകൾ വലിച്ചു കീറിയ നിലയിലാണ്. ഏതായാലും വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് ഈ വീഡിയോ വഴി തുറന്നേക്കും.
advertisement
അതേസമയം, അമ്പലപ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എച്ച് സലാമിനെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചതിന് ആയിരുന്നു കേസ്. യു ഡി എഫ് നൽകിയ പരാതിയിൽ ആയിരുന്നു പൊലീസിന്റെ നടപടി.
advertisement
ശനിയാഴ്ച മുതൽ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശത്തിനും വിലക്കുണ്ട്. കോവിഡ് രോഗവ്യാപനവും ക്രമസമാധാനപ്രശ്നങ്ങളും പരിഗണിച്ച് ആയിരുന്നു ഈ തീരുമാനം.
അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴയിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. എ ഐ ടി യു സിയുടെ പേരിലാണ് ബോർഡ്. നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ എന്നായിരുന്നു ബോർഡിലുള്ളത്. എന്നാൽ, ഈ ആവശ്യങ്ങളൊന്നും സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജി സുധാകരനെ വലിച്ചുകീറി' - വൈറലായി വീഡിയോ