കൊല്ലത്തെ വിസ്മയയുടെ മരണത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം അണപൊട്ടുകയാണ്. സ്ത്രീധനം വാങ്ങുന്നതിനെതിരെയും കൊടുക്കുന്നതിനെതിരെയുമുള്ള പോസ്റ്റുകളാണ് അധികവും. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിനിടെ ഇത്തരം അഭിപ്രായങ്ങളിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകയായ തങ്കം തോമസ്.
കുറിപ്പിന്റെ പൂർണരൂപം
ഫേസ്ബുക്ക് പോസ്റ്റുകളിലെ ആത്മരോഷം കാണുകയായിരുന്നു. മകളെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്ന ഒരു അച്ഛനും അമ്മയും അത് നൂറുപവന്‍ കൊടുത്തവരാണേലും കൊടുക്കാത്തവരാണേലും ആ പെണ്‍കുട്ടിയുടെ ജീവിതം ദുരിതത്തിലാവണം എന്ന് ആഗ്രഹിക്കില്ല. പറയുമ്പോൾ കേള്‍ക്കാന്‍ നല്ല രസമാണ്, വിളിച്ചോണ്ട് വീട്ടില്‍ കൊണ്ടു വന്നു നിര്‍ത്തണമായിരുന്നു, ഡിവോഴ്സ് ചെയ്യിപ്പിക്കണമാരുന്നു. ഈ പറയുന്ന പലരും സ്വന്തം കുടുംബത്തിലും അയല്‍വക്കത്തും വിവാഹമോചിതരായി വീട്ടില്‍ വന്ന പെണ്‍കുട്ടികള്‍ക്ക് കിടക്കപ്പൊറുതി കൊടുത്തിട്ടുണ്ടോ എന്ന് ഒന്ന് ആത്മശോധന ചെയ്തേ.
വഴിയെ പോന്ന സകല അവനേയും ചേര്‍ത്ത് അപവാദം പറഞ്ഞും, കാണുന്നിടത്തെല്ലാം പരിഹസിച്ചും, കുത്തുവാക്കു പറഞ്ഞു നിങ്ങളൊക്കെ എത്ര തവണ ഭര്‍തൃഗൃഹത്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വന്ന പെണ്‍കുട്ടികളേം അവളുടെ കുടുംബത്തേയും കൊന്നിട്ടുണ്ട്.. മരണം പലപ്പോഴും നാട്ടുകാരുടെ ചൊറിയുടേയും കുത്തുവാക്കിന്റേയും അവസാനമാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരല്‍പം അലിവു കാണിക്കാത്ത എല്ലാ അലവലാതികളും അന്ന് ഫേസ്ബുക്കിലും അവിടേം ഇവിടേം പോസ്റ്റിട്ട് മരണം സഹതപിച്ച് ആഘോഷിക്കും.
ഈ പറയുന്ന സ്ത്രീധനം ഒന്നും കൊടുക്കാതെ വിട്ട പെണ്‍കുട്ടികളും പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടികളുമൊക്കെ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്, ആരും അന്വേഷിക്കാറില്ല, തന്തയ്ക്കും തള്ളയ്ക്കും എതിരെ മുദ്രാവാക്യോം വിളിക്കാറില്ല. സ്വത്തും പണവും മാത്രമല്ല വിദ്യാഭ്യാസവും ഉള്ള പെണ്‍കുട്ടിയാണ് വിസ്മയ. കാശുകൊടുത്ത് നടതള്ളിയതല്ലെന്ന് മനസിലാക്കാന്‍ അത് ധാരാളം മതി. ആദ്യം ഉപദ്രവിച്ചപ്പോള്‍ തന്നെ അവര്‍ അവളെ ഭര്‍തൃവീട്ടിലേക്ക് വിട്ടിട്ടില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. അവള്‍ സ്വമേധയാ പോയതാണെന്ന് അവളുടെ അച്ഛന്‍ പറയുന്നുണ്ട്. നിങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ മനസുവരില്ല. മകളെ കൊലയ്ക്ക് കൊടുത്ത അച്ഛന്‍ എന്ന പട്ടം ചാര്‍ത്ത് മറ്റൊരാളുടെ വേദനയില്‍ ഒരു സുഖം അല്ലേ.
പിന്നെ കുറെ ചേട്ടന്‍മാരുണ്ട്, ഫേസ്ബുക്ക് പോസ്റ്റിട്ട് പരിതപിക്കുന്നവര്‍ കാശും പണവും പ്രതാവും ഒക്കെ നോക്കിയാണ് പെൺള്ളാരുടെ അച്ഛനമ്മമാര്‍ കെട്ടിച്ചു കൊടുക്കുന്നത് അതുകൊണ്ടാണത്രേ ആ കുട്ടികള്‍ സ്ത്രീധനപീഡനത്തിന് ഇരയായി മരിക്കുന്നത്. പാവപ്പെട്ട നമുക്ക് തന്നിരുന്നേല്‍ പൊന്നുപോലെ നോക്കിയേനേ എന്നാവും വിലാപം.
Also Read- വിസ്മയയുടെ മരണം; ഭർത്താവ് കിരണ്‍ അറസ്റ്റിൽ; മാതാപിതാക്കളെ ചോദ്യം ചെയ്യും
പൊന്നു ചേട്ടന്‍മാരെ അടികൊടുത്താല്‍ ഭാര്യ നന്നാവുമെന്ന് വിചാരിക്കുന്ന നിങ്ങളെ പോലുള്ള ആള്‍ക്കാരു തന്നെയാണ് ഈ നല്ല ജോലിയും, കാശുമുള്ള ചെക്കന്‍മാരും. പക്ഷെ കല്യാണം അലോചിച്ചു വരുമ്പോ ഇവനൊക്കെ മാലാഖയാ, എത്ര ചുഴിഞ്ഞുനോക്കിയാലും ഉള്ളിലെ ചെകുത്താനെ കാണില്ല. ആദ്യം ഉപദ്രവിക്കുന്നതിന് പോലും പറയും ന്യായീകരണം. പെണ്ണുങ്ങളെ തല്ലുന്നത് എനിക്കിഷ്ടമല്ല, നീ എന്നെ കൊണ്ട് ചെയ്യിച്ചതാണെന്ന്. പെൺകുട്ടി യ്യോ പാവം ചേട്ടൻ എന്ന് വിചാരിക്കും. കൊച്ചീർക്കിൽകൊണ്ട് പൊലും അടിച്ചിട്ടില്ലാത്ത മാതാപിതാക്കൾ പോലും അവന്റെ അഭിനയത്തിൽ വീഴും.
എന്റെ മകള്‍ ഏറ്റവും നല്ല നിലയില്‍, എല്ലാ സൗകര്യങ്ങളോടെയും ജീവിക്കണം എന്നാണ് സാധാരണക്കാരായ മാതാപിതാക്കള്‍ പോലും ആഗ്രഹിക്കുന്നത്. അല്ലാതെ ജോലിം കൂലിം ഇല്ലാത്ത ഒരുത്തന് കെട്ടിച്ചുകൊടുത്ത് അവള്‍ നരകിക്കട്ടെ എന്നല്ല. നല്ലോണം പഠിച്ച് നല്ല ജോലി വാങ്ങ് അപ്പോ നിങ്ങക്കും കിട്ടും നല്ല പെണ്‍കുട്ടിയെ. അന്ന് സ്ത്രീധനം വേണ്ടാ സ്ത്രീ മാത്രം മതിയെന്ന് എടുത്ത് പറയണം. പറ്റുമെങ്കില്‍ പെണ്‍വീട്ടുകാര്‍ക്ക് അങ്ങോട്ട് കാശും കൊടുക്കണേ..
ഇനി പറയാനുള്ളത് പെണ്‍കുട്ടികളോടാണ്, നിങ്ങളുടെ ജീവിതത്തിലെ ദുരിതം അവസാനിപ്പിക്കാന്‍ മരണം ഒരു നല്ല വഴി അല്ല, ആദ്യം നിങ്ങള്‍ക്ക് നേരെ കൈ ഉയര്‍ത്തുമ്പോൾ തന്നെ ഒരെണ്ണം പൊട്ടിച്ചേക്കണം. എന്നിട്ട് റാറ്റാ ബൈബൈ പറഞ്ഞ് ഇറങ്ങിപ്പോരണം. നമ്മളെ ബഹുമാനിക്കാത്ത ഒരുത്തന്റേയും കൂടെ ജീവിക്കാനുള്ളതല്ല നമ്മള്‍, അവന്‍ കാരണം മരിക്കാനും. അച്ഛനേയും അമ്മയേയും ആങ്ങളേയും നോക്കിയിരിക്കരുത്. നിങ്ങളുടെ അച്ഛന്‍ വിവാഹസമയത്ത് തരുന്നതെല്ലാം നിങ്ങളുടേതാണ്, സ്വര്‍ണ്ണവും പണവും വണ്ടിയും എല്ലാം, അല്ലാതെ നിങ്ങളെ വിവാഹം ചെയ്യാന്‍ വരുന്നവനുള്ളതല്ല.
Also Read-വിസ്മയയുടെ മരണം; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരണിനെ ജോലിയിൽ നിന്ന് നീക്കിയേക്കും
സ്വര്‍ണ്ണവും പണവും എല്ലാം നിങ്ങളുടെ ജീവിതത്തിന്റെ സുരക്ഷയ്ക്കാണ് അത് നിങ്ങളുടെ കയ്യില്‍ തന്നെ ഇരിക്കണം. സഹിക്കാന്‍ പറ്റില്ല എന്ന് തോന്നിയാല്‍ സ്വന്തം വീട്ടുകാരെ പോലും ആശ്രയിക്കരുത് കൈയ്യിലോ കഴുത്തിലോ ഉള്ളത് ഊരി പണയം വച്ചോ വിറ്റോ, ഒരു താമസസ്ഥലം കണ്ടെത്തി അവിടെ നില്‍ക്കുക. ജോലി കണ്ടുപിടിക്കുക. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമാണ്, വേറെ ആരും നിങ്ങളെ സഹായിക്കില്ല. നമ്മള്‍ ആര്‍ക്കും ബാധ്യതയാവില്ലെന്ന് ഉറച്ച് തീരുമാനിക്കുക. നമ്മുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി കണ്ടുപിടിക്കുക, ഒരു പട്ടിയേയും ആശ്രയിക്കരുത്.. ഇതൊക്കെ പറയാന്‍ എളുപ്പമാണെന്ന് തോന്നും. തോറ്റുകൊടുക്കാതെ പൊരുതി നിന്ന ഒത്തിരി സ്ത്രീകളെ കണ്ടിട്ടുള്ളതു കൊണ്ടാണ്, ഞാന്‍ അവരിലൊരാളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്.
സ്ത്രീ സ്വാതന്ത്ര്യം ശാക്തീകരണം എന്നോക്കെ പറഞ്ഞിട്ട് എന്നെ എന്റെ ആങ്ങളയോ അപ്പനോ അമ്മയോ വന്ന് രക്ഷിക്കോ എന്നൊക്കെ നിലവിളിക്കുന്നത്, നാണം കെട്ട പണിയാണ്. നമ്മളെ ബഹുമാനിക്കാത്തിടത്ത് നില്‍ക്കരുത് ഒരു നിമിഷം പോലും, ഒരു രക്ഷകനേയും പ്രതീക്ഷിക്കരുത് നമ്മളാണ് നമ്മുടെ രക്ഷക. കുഞ്ഞുങ്ങളുണ്ടെന്നത് ഒരു എക്സ്ക്യൂസ് അല്ല. മലിനമായ ഒരു കുടുംബം പുതിയ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരെ കൂടെ സൃഷ്ടിക്കുകയെ ഉള്ളു. അതിലും ഭേദം അച്ഛന്റെ പീഡനത്തെ അതിജീവിച്ച അമ്മ ഒറ്റയ്ക്ക് വളര്‍ത്തുന്ന കുട്ടികളാണ്. കാരണം സമാധാനവും സ്നേഹവും ഉള്ള ഒരു ജീവിതം അവരെ കുറേ കൂടി ശക്തരും നല്ലവരും ആക്കും.
ജീവിക്കണം, മരണം തോല്‍വിയാണ്,എളുപ്പവുമാണ്. മരിക്കാനും തോല്‍ക്കാനും മനസില്ലാത്തോണ്ട്, ഭര്‍തൃഗൃഹത്തിലെ പീഡനത്തിന്റെ മുഴുവന്‍ ദുരിതവും അതിജീവിച്ച് രക്ഷപെട്ടതിന് 6 കൊല്ലത്തോളം നാട്ടുകാരും വീട്ടുകാരും, സഹപ്രവര്‍ത്തകരും അടക്കമുള്ളവരുടെ തുടര്‍പീഡനം അനുഭവിച്ച ഒരാളാണ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dowry, Dowry death, Kollam, Sasthamkotta, Vismaya Death