കോഴിക്കോട്: സിറ്റി കണ്ട്രോള് റൂമിലെ പൊലീസ് കോണ്‍സ്റ്റബിള്‍ യു ഉമേഷിന്റെ സസ്പെന്ഷന് വിവാദത്തില്‍. പ്രണയിച്ചതിന്റെ പേരിലാണ് പ്രതികാര നടപടിയെന്ന് ഉമേഷ് ന്യൂസ് 18നോട് പറഞ്ഞു. പൊലീസ് വീട്ടില്‍ കയറിവന്ന് അവഹേളിച്ചെന്ന് ഉമേഷിന്റെ കൂട്ടുകാരിയായ യുവതി വ്യക്തമാക്കി. സേനയ്ക്ക് കളങ്കമുണ്ടാക്കിയതിനാണ് നടപടിയെന്നാണ് സസ്പെന്ഷന് ഓര്‍ഡറില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ നിലപാട്.
ഉമേഷിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഈ മാസം 18നാണ് ഉത്തരവിറങ്ങിയത്. 2011 മുതല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഉമേഷ് യുവതിയുമായി അടുപ്പത്തിലാണ്. ഉമേഷ് യുവതിക്ക് വീട് വാടകയ്ക്കെടുത്ത് നല്‍കുകയും അവിടെ താമസിക്കുകയും ചെയ്യുന്നത് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നുമാണ് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് നല്കിയ സസ്പെന്ഷന് ഓര്‍ഡറിലുള്ളത്.
മുപ്പത്തൊന്നുകാരിയും ഉമേഷും ലിവിംഗ് ടുഗദറാണെന്നും ഇയാളില്‍ നിന്ന് മകളെ മോചിപ്പിക്കണമെന്നും കാണിച്ച് യുവതിയുടെ മാതാവ് പരാതി നല്‍കിയിട്ടുണ്ടെന്നും സസ്പെന്ഷന് ഓര്‍ഡറിലുണ്ട്. നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് യുവതിക്കൊപ്പം ഉമേഷ് കഴിയുന്നത്.
12 വയസ്സുള്ള കുട്ടിയുടെ പിതാവായ ഉമേഷ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയാതെ മറ്റൊരു യുവതിക്കൊപ്പം കഴിയുന്നത് അച്ചടക്ക ലംഘനമെന്നാണ് പൊലീസ് നിലപാട്.
യുവതിയുമായി അടുപ്പമുണ്ടെന്ന ഒറ്റക്കാരണംകൊണ്ട് നടപടിയെടുക്കാനും സസ്പെന്ഷന് ഓര്‍ഡറിലൂടെ ആക്ഷേപിക്കാനും സിറ്റി കമ്മീഷണര്‍ക്ക് അവകാശമില്ലെന്ന് ഉമേഷ് പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. എന്നാല്‍ തങ്ങളിപ്പോള്‍ ലിവിംഗ് ടുഗദറാണെന്ന കമ്മീഷണറുടെ വാദം ശരിയല്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലാണ്. പ്രണയിച്ചതാണോ ഞാന്‍ ചെയ്ത തെറ്റെന്നും ഉമേഷ് ചോദിക്കുന്നു.
അതേസമയം മൊഴിയെടുക്കാനായി വീട്ടിലെത്തിയ പൊലീസ് അവഹേളിച്ചെന്ന് കാണിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. ഫ്ളാറ്റിലെത്തിയ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് അധികാരികള്‍ താന്‍ പറഞ്ഞപോലെയല്ല മൊഴി രേഖപ്പെടുത്തിയത്. അക്കാര്യം ഞാന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു അവഹേളനം.
താന്‍ ഉമേഷിന്റെ കൂടെ ഇറങ്ങിവന്നതല്ലെന്നും മ്യൂസിക് പരിശീലനത്തിന്റെ ഭാഗമായി സ്വന്തം വീട്ടില്‍ നിന്ന് മാറിയതാണെന്നും തങ്ങള്‍ ഒരുമിച്ചല്ല കഴിയുന്നതെന്നും യുവതി പറഞ്ഞു.ഉമേഷിനെതിരെയുള്ള നടപടിയില്‍ പൊലീസ് സേനയില്‍ നിന്ന് തന്നെ കമ്മീഷണര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.