'കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ': വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി
Last Updated:
തിരുവനന്തപുരം :അപകടം നടന്ന ദിവസം കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് മുഖ്യസാക്ഷി. അപകടം ഉണ്ടായ സമയം ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ആറ്റിങ്ങൽ മുതൽ തന്നെ ബാലഭാസ്കറിന്റെ ഇന്നോവ കാർ, ബസിന് മുന്നിലുണ്ടായിരുന്നു. അപകടം ഉണ്ടായ സമയത്ത് തന്നെ വാഹനത്തിന് സമീപം രക്ഷാപ്രവർത്തനത്തിനെത്തിയതായി അജി ന്യൂസ്18 നോട് പറഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്കർ ആണ് ഉണ്ടായിരുന്നത്.അക്കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും അജി വ്യക്തമാക്കി. രക്ഷാപ്രവർത്തന സമയത്ത് അത് ബാലഭാസ്കർ ആണെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് അത് മനസിലാക്കുന്നത്.
advertisement
കാറിന്റെ മുൻസീറ്റിൽ തന്നെ ലക്ഷ്മിയും മകളും ഉണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ആദ്യം പുറത്തെടുത്തത് മകൾ തേജസ്വിനി ബാലയെ ആയിരുന്നു. ഗിയറിനിടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു കുട്ടി. ലക്ഷ്മിയെയും സുഹൃത്തായ അർജുനെയും പുറത്തെടുത്ത് അവസാനമാണ് ബാലഭാസ്കറെ വാഹനത്തിന് പുറത്തെത്തിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും പരിക്ക് കുറവ് ബാലഭാസ്കറിനാണെന്ന് തോന്നിയിരുന്നുവെന്നും അജി പറയുന്നു.
കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴി ആശയക്കുഴപ്പമുണ്ടാക്കി. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവും പരാതിയുമായെത്തിയതോടെ പൊലീസ് വീണ്ടും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
advertisement
ഇക്കഴിഞ്ഞ സെപ്റ്റംബർ 25നാണ് സംഗീതജ്ഞനായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ച് അപകടത്തിൽ പെടുന്നത്. മകള്‍ തേജസ്വിനി ബാല സംഭവസമയത്തു തന്നെ മരിച്ചിരിന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ബാലഭാസ്കർ ഒക്ടോബർ 2നാണ് മരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 11:48 AM IST