കണ്ണൂർ: കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ കൊട്ടിയൂർ മേപ്പനാം തോട്ടത്തിൽ അഗസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ നടന്നത്. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അഗസ്റ്റിൻ ഇന്നലെ രാവിലെയാണ് മരിച്ചത്.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നെത്തിയ കാട്ടാനയാണ് അഗസ്റ്റിനെ ആക്രമിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേലിക്കകത്ത് മാത്യുവിന്റെ കൃഷിയിടത്തിലാണ് കാട്ടാന ആദ്യമെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ആനയെ തുരത്തുകയും ചെയ്തു.
വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്തി ഓടിക്കുന്നതിനിടെ അയൽവാസിയായ ജോസഫിന്റെ വീട്ടിലേക്ക് വരികയായിരുന്ന അഗസ്റ്റിനെ കാട്ടാന ആക്രമിച്ചു. ജോസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങളും കാട്ടാന തകർത്തിരുന്നു.
നിരന്തരമായുണ്ടാകുന്ന കാട്ടാനയാക്രമങ്ങളിലും മരണങ്ങളിലും പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചു. പേരാവൂർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹർത്താൽ ആചരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.