മുംബൈ: ക്രിക്കറ്റ് കളത്തിലേക്ക് അടുത്ത വർഷം തിരിച്ചെത്തുമെന്ന സൂചന നൽകി ഞെട്ടിച്ചതിന് പിന്നാലെ ആരാധകരിൽ ആകാംക്ഷ വർധിപ്പിക്കുന്ന മറ്റൊരു പോസ്റ്റുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഇത്തവണയും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകർക്കായി ഒരു ‘സർപ്രൈസ്’ ഒരുങ്ങുന്നുണ്ടെന്ന സൂചന നൽകി യുവിയുടെ രംഗപ്രവേശം. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ സമയമായി എന്ന സൂചനകൾ നൽകുന്ന ഒരു ലഘു വിഡിയോയും യുവരാജ് പങ്കുവച്ചിട്ടുണ്ട്.
"ഇതാണ് ആ സമയം, എന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ സമയമായി, നിങ്ങൾക്കെല്ലാവർക്കും ഒരു വലിയ സർപ്രൈസ് വരുന്നുണ്ട്, കാത്തിരിക്കൂ." - വീഡിയോ പങ്കുവെച്ച് കൊണ്ട് യുവരാജ് കുറിച്ചു.
2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് സൂചന നൽകുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. 2017 ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 150 റണ്‍സ് നേടിയതിന്റെ സഹിതമുള്ള പോസ്റ്റിലാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന യുവി നൽകിയത്.
It's that time of the year. Are you ready? Do you have what it takes? Have a big surprise for all you guys! Stay tuned! pic.twitter.com/xR0Zch1HtU
— Yuvraj Singh (@YUVSTRONG12) December 7, 2021
''ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്!! ആരാധകരുടെ ആവശ്യപ്രകാരം ഞാന്‍ ഫെബ്രുവരിയില്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി! ഇന്ത്യയെ പിന്തുണയ്ക്കുന്നത് തുടരുക, ഇത് നമ്മുടെ ടീമാണ്, തന്റെ ടീമിനെ അവരുടെ താഴ്ച്ചകളിലും പിന്തുണയ്ക്കുന്നവരാണ് യഥാർത്ഥ ആരാധകർ.'' എന്നാണ് യുവി അന്ന് പോസ്റ്റ് ചെയ്തത്.
2011 ലോകകപ്പില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തിയ യുവരാജിന്റെ മികവിലായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. 90.50 ശരാശരിയില്‍ 362 റണ്‍സ് നേടിയ യുവരാജ് ആ സീരീസിൽ 15 വിക്കറ്റുകളും സ്വന്തമാക്കി. അന്നത്തെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് കിരീടവും യുവിക്കായിരുന്നു. 2011 ലോകകപ്പിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവി ക്യാന്‍സര്‍ ബാധിതനായി എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടിത്തരിച്ചുപോയിരുന്നു. 2019 ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.
17 വര്‍ഷം ഇന്ത്യന്‍ ടീമില്‍ കളിച്ച താരം, 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി20കളിലുമായി 17 സെഞ്ചുറികളും 71 അര്‍ധസെഞ്ചുറികളും സഹിതം 11,000 റണ്‍സ് തികച്ചിട്ടുണ്ട്. കൂടാതെ 148 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2000 ല്‍ നെയ്‌റോബിയിലെ ഐസിസി നോക്കൗട്ട് ട്രോഫിയിലായിന്നു ആദ്യ അന്താരാഷ്ട്ര മത്സരം. 2017 ജൂണ്‍ 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നോര്‍ത്ത് സൗണ്ടില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു യുവി അവസാനമായി ഇന്ത്യന്‍ കുപ്പായത്തിലെത്തിയത്. 2012-ല്‍ അര്‍ജുന അവാര്‍ഡും, 2014-ല്‍ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
2019ൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വന്റി20, ടി10 ലീഗുകളിൽ യുവി സജീവമായിരുന്നു. ജിടി20 ലീഗില്‍ ടൊറന്റോ നാഷണല്‍സിനെ പ്രതിനിധീകരിച്ച യുവരാജ് സിങ് അബുദാബി ടി10യില്‍ മറാഠ അറേബ്യന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2021 മാര്‍ച്ചില്‍ റോഡ് സേഫ്റ്റി സീരീസിനിടെയാണ് യുവരാജിനെ ഒടുവിൽ മൈതാനത്ത് കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Yuvraj Singh