വരുന്നൂ പറക്കും ടാക്‌സികൾ; ഇന്ത്യൻ നഗരങ്ങളിൽ ഊബർ എയർ ടാക്‌സികൾ എത്തും
- Published by:Vishnupriya S
- news18-malayalam
Last Updated:
ട്രാഫിക് ജാമുകൾ ഭാവിയിൽ ഒരു പഴങ്കഥ മാത്രമായി മാറുമെന്ന് സൂചിപ്പിക്കുകയാണ് എയർ ടാക്‌സികൾ
ട്രാഫിക് തിരക്കുകളില്ലാത്ത ഒരു നഗരം സങ്കല്പിക്കാൻ പോലും പ്രയാസമാണ്. മെട്രോ നഗരങ്ങളുടെ അടയാളം തന്നെ തിരക്കേറിയ നിരത്തുകളും ബ്ലോക്കുകളും വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, ട്രാഫിക് ജാമുകൾ ഭാവിയിൽ ഒരു പഴങ്കഥ മാത്രമായി മാറുമെന്ന് സൂചിപ്പിക്കുകയാണ് ലോകത്ത് വിവിധയിടങ്ങളിലായി പറന്നുയരാൻ പോകുന്ന എയർ ടാക്‌സികൾ. ഇസ്രയേലാണ് എയർ ടാക്‌സികളുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കുന്ന ഏറ്റവും പുതിയ രാജ്യം.
യാത്രക്കാരുമായി പറക്കാനും ചരക്കുനീക്കത്തിനും സഹായിക്കുന്ന ഓട്ടോണോമസ് ഡ്രോണുകളുടെ പരീക്ഷണപ്പറക്കൽ ഇസ്രയേലിൽ ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേൽ ഡ്രോൺ ഇനിഷ്യേറ്റീവ് (ഇൻഡി) എന്ന സർക്കാർ നേതൃത്വത്തിലുള്ള പ്രോജക്ടിന്റെ ഭാഗമായാണ് എയർ ടാക്‌സികളുടെ പരീക്ഷണപ്പറക്കൽ നടക്കുന്നത്. 2019ൽ സ്ഥാപിക്കപ്പെട്ട ഇൻഡിയുടെ പ്രധാന ലക്ഷ്യം രാജ്യത്തെയാകെ കൂട്ടിയിണക്കുന്ന ഒരു ഡ്രോൺ ശൃംഖല ഉണ്ടാക്കിയെടുക്കുക എന്നതാണ്. ട്രാഫിക് കുരുക്കുകളിൽ അകപ്പെടാതെ യാത്രയും ചരക്കുനീക്കവും സുഗമമാക്കുക എന്നതാണ് പദ്ധതിയ്ക്കു പിന്നിലെ ഉദ്ദേശം.
‘ലോകത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. ആദ്യം ചരക്ക് കടത്താനുള്ള സാധ്യതകളും, പിന്നീട് യാത്രക്കാരെ കൊണ്ടുപോകാനുള്ള സാധ്യതകളും പരിശോധിക്കും.’ ഇസ്രയേൽ ഗതാഗത മന്ത്രി മിരി റെഗെവ് വിശദീകരിച്ചതായി ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തു നടന്ന പരീക്ഷണപ്പറക്കലിൽ പതിനൊന്ന് ഡ്രോൺ ഓപ്പറേറ്റിംഗ് കമ്പനികളാണ് കൈകോർത്തത്. ഒരു ഓട്ടോണോമസ് പറക്കും വാഹനത്തിന്റെയും, ദീർഘദൂരം പറക്കാവുന്ന ഒരു ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ് എയർക്രാഫ്ടിന്റെയും പരീക്ഷണപ്പറക്കലാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
advertisement
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. 220 കിലോഗ്രാം വരെ ഭാരം താങ്ങാനാകും. 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും കഴിയും. മടക്കിവയ്ക്കാവുന്ന ചിറകുകളാണ് ഈ വാഹനത്തിനുള്ളത്. ഇത് പാർക്കിംഗും ടേക്ക് ഓഫും എളുപ്പമാക്കും. ‘ഇപ്പോൾ പരീക്ഷണത്തിലിരിക്കുന്ന എയർക്രാഫ്ടിന് ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ചരക്കു നീക്കം ഇതുവഴിയായാൽ, റോഡുകളിൽ നിന്നും കാറുകളും ട്രക്കുകളും ഇല്ലാതെയാകും. മികച്ച വ്യോമഗതാഗത നിയന്ത്രണ മാർഗ്ഗങ്ങൾ നിലവിൽ വരണമെന്നു മാത്രം.’ അയാലോൺ ഹൈവേസിന്റെ സിഇഒ ഒർലി സ്‌റ്റേൺ പറയുന്നു.
advertisement
ഗതാഗതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇസ്രയേൽ സർക്കാരിന്റെ സ്ഥാപനമാണ് അയാലോൺ ഹൈവേസ്. ഇസ്രയേലിനു പുറമേ, യുഎഇയും എയർ ടാക്‌സി പദ്ധതിയ്ക്കു പിന്നാലെയാണ്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ദുബായിൽ എയർ ടാക്‌സി സേവനം നടപ്പിൽ വരുമെന്നാണ് കണക്കുകൂട്ടൽ. എയർ ടാക്‌സികളിൽ യാത്രക്കാർക്ക് കയറാനുള്ള വെർട്ടിപോർട്ടുകളുടെ രൂപരേഖ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം അംഗീകരിച്ചത്.
നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉൾക്കൊള്ളുന്നതാണ് ഈ എയർ ടാക്‌സികൾ. മണിക്കൂറിൽ 300 കിലോമീറ്ററാണ് പരമാവധി വേഗം. 241 കിലോമീറ്റർ വരെ തുടർച്ചയായി പറക്കാനാകും. മലിനീകരണത്തിന് കാരണമാകുന്ന അപകടകരമായ വസ്തുക്കളൊന്നും പുറന്തള്ളുന്നുമില്ല. അമേരിക്കയും ചൈനയും എയർ ടാക്‌സി പദ്ധതിയിൽ ഇവർക്കൊപ്പം തന്നെയുണ്ട്. പറക്കും ടാക്‌സികൾ അടക്കമുള്ള ആധുനിക വ്യോമ ഗതാഗത സംവിധാനങ്ങളെ സംബന്ധിക്കുന്ന ദേശീയ നയരൂപീകരണത്തിനായി അമേരിക്കൻ സർക്കാർ മേയിൽ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
advertisement
നാസ, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ് എ എ), ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ എന്നിവർ അടങ്ങുന്നതാണ് ഈ പ്രത്യേക സംഘം. എയർ ടാക്‌സികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരട് എയർസ്‌പേസ് രേഖകൾ എഫ് എ എ പുറത്തുവിട്ടിട്ടുണ്ട്. ആദ്യത്തെ വാഹനം 2024 അവസാനത്തോടെയോ 2025ന്റെ തുടക്കത്തിലോ പറന്നു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയ്ക്കും സമാനമായ പദ്ധതികളുണ്ട്. ചെറിയ ദൂരം സഞ്ചരിക്കുന്ന വാഹനങ്ങൾ 2025ലും മധ്യ ദൂര വാഹനങ്ങൾ 2030ലും ദീർഘ ദൂര വാഹനങ്ങൾ 2035ലും പുറത്തിറക്കാനാണ് പദ്ധതി.
advertisement
എയർ ടാക്‌സി ബിസിനസ്സിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓൺലൈൻ ടാക്‌സി സ്ഥാപനമായ ഊബറും. ലോകത്തെ വിവിധ നഗരങ്ങളിൽ എയർ ടാക്‌സി സേവനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് 2018ൽ ജപ്പാനിൽ വച്ച് ഊബർ പ്രഖ്യാപിച്ചിരുന്നു. ടോക്കിയോ, ഒസാക്ക, സിഡ്‌നി, മെൽബൺ, റിയോ ഡി ജനീറോ, പാരീസ്, ഡാല്ലസ്, ലോസ് ആഞ്ചലസ് എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള മൂന്നു നഗരങ്ങളിലും ഊബർ എയർ ടാക്‌സി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, ബംഗളൂരു എന്നീ മെട്രോ നഗരങ്ങളിലാണ് ഊബർ എലവേറ്റ് എന്ന പേരിൽ എയർ ടാക്‌സി പദ്ധതി പ്രഖ്യാപിച്ചിരുന്നത്.
advertisement
‘ഇന്ന് കാറുകളുള്ള പോലെയായിരിക്കും ഭാവിയിൽ എയർ ടാക്‌സികൾ. നാളെയുടെ പ്രധാന ഗതാഗത മാർഗ്ഗം അതായിരിക്കും. കാറുകൾ ഉപയോഗിക്കുന്നതു പോലെ ഇ-വിടിഒഎൽ ഉപയോഗിക്കുന്നത് 2045ഓടെ നമുക്ക് തീർത്തും സാധാരണമായി മാറും.’ ജർമൻ ഇലക്ട്രിക് എയർ ടാക്‌സി നിർമാതാക്കളായ ലിലിയം സിഇഒ ഡാനിയൽ വൈഗാന്റ് പറയുന്നു.
പ്രമുഖ വാഹനക്കമ്പനികളായ ടൊയോട്ട, ഹ്യൂണ്ടായി, എയർബസ്, ബോയിംഗ് എന്നിവരും എയർ ടാക്‌സി വിപണിയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. വരും കാലങ്ങളിൽ എയർ ടാക്‌സി മേഖല പരിധിയിൽക്കവിഞ്ഞ് വളരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നമ്മുടെ യാത്രാശീലങ്ങളെത്തന്നെ മാറ്റിമറിയ്ക്കാൻ കെൽപ്പുള്ളതാണ് ഈ വളർച്ച.
advertisement
പുതിയ കാലത്തിന്റെ ഗതാഗത മാർഗ്ഗം വായുമാർഗ്ഗമായിരിക്കുമെന്ന് ഉറപ്പിക്കുമ്പോഴും, സുരക്ഷാപരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. യാത്രക്കാർക്കും താഴെ നിൽക്കുന്നവർക്കും അപടകസാധ്യതയുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഹാക്കർമാരുടെ ഇടപെടൽ മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളും വിലയിരുത്തണം. വ്യോമ ഗതാഗത സുരക്ഷ, ഗതാഗത നിയന്ത്രണം, ശബ്ദ മലിനീകരണം എന്നിങ്ങനെ പല കാര്യങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവന്നേക്കും.
യാത്രാനിരക്കുകളാണ് മറ്റൊരു പ്രതിസന്ധി. സമ്പന്നർക്കു മാത്രം താങ്ങാനാകുന്ന ഒരു ഗതാഗതമാർഗ്ഗമായി എയർ ടാക്‌സികൾ മാറും എന്ന് പ്രവചിക്കുന്നവരുമുണ്ട്. ഹെലികോപ്റ്റർ യാത്രകൾക്ക് നിലവിൽ ചെലവാകുന്ന നിരക്കിന്റെ എൺപതു ശതമാനം കിഴിവിലെങ്കിലും യാത്ര ചെയ്യാൻ സാധിച്ചെങ്കിൽ മാത്രമേ ഇത്തരം അർബൻ എയർ മൊബിലിറ്റി വാഹനങ്ങൾ വിജയിക്കൂ എന്നാണ് മക്കിൻസി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാലേ, റോഡുമാർഗ്ഗമുള്ള ഗതാഗതത്തോട് വ്യോമ ഗതാഗതത്തിന് മത്സരിച്ചു നിൽക്കാനാകൂ.
എയർ ടാക്‌സികൾക്ക് ലാൻഡ് ചെയ്യാനാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതും പ്രധാനമാണ്. പോർട്ടുകൾ എണ്ണത്തിൽ കുറവാണെങ്കിൽ, നിലവിൽ ഹെലികോപ്റ്റർ ഗതാഗതം പിന്തുടരുന്ന വഴി തന്നെ എയർ ടാക്‌സികളും പിന്തുടരേണ്ടിവരുമെന്നും, അത് യാത്രയുടെ ലക്ഷ്യസ്ഥാനങ്ങൾ പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
എയർ ടാക്‌സി പുറപ്പെടുന്നയിടങ്ങളിലേക്ക് എത്തിച്ചേരാൻ അധിക സമയം എടുക്കുമെങ്കിൽ, യാത്രക്കാർ റോഡു ഗതാഗതത്തിനു തന്നെ മുൻഗണന നൽകും.വെല്ലുവിളികൾ അനവധിയാണെങ്കിലും, നിലവിൽ വരാൻ പ്രതീക്ഷിക്കുന്നതിനേക്കാൾ സമയം കൂടുതൽ എടുത്താലും, നാളെയുടെ ഗതാഗത മാർഗ്ഗം ഇതാണെന്നതിൽ തർക്കമില്ല. നഗരങ്ങളിൽ ആകാശപ്പാതകളിലൂടെ എയർ ടാക്‌സികൾ പറന്നുയരുന്ന കാലം വിദൂരമല്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 08, 2023 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വരുന്നൂ പറക്കും ടാക്‌സികൾ; ഇന്ത്യൻ നഗരങ്ങളിൽ ഊബർ എയർ ടാക്‌സികൾ എത്തും


