മോള്‍ഡോവയില്‍ നിന്ന് വേര്‍പിരിഞ്ഞ വിഘടനവാദി മേഖലയായ ട്രാന്‍സ്‌നിസ്ട്രിയയെ ആക്രമിക്കാനുള്ള നീക്കത്തിലാണ് യുക്രൈനെന്ന് റഷ്യ. യുക്രൈയ്നില്‍ റഷ്യ നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതിന്റെ തലേന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ‘യുക്രൈൻ ഭരണകൂടം ട്രാന്‍സ്‌നിസ്ട്രിയന്‍ അധിനിവേശത്തിനുള്ള തയ്യാറെടുപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
ട്രാന്‍സ്‌നിസ്ട്രിയയുടെ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യം യുക്രൈന് എതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്നാണ് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. അതേസമയം, തന്റെ ഭരണകൂടത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ റഷ്യ ശ്രമം നടത്തുന്നതായും മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍, യുഎസ് ഉദ്യോഗസ്ഥരുമായും ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നും മോള്‍ഡോവ പ്രസിഡന്റ് മായ സന്ദു പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നീക്കം.
ബുധനാഴ്ച വാര്‍സോയില്‍ വച്ച് സന്ദു യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണുകയും അമേരിക്ക മോള്‍ഡോവക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മോള്‍ഡോവയിലെ നിലവിലെ സാഹചര്യം
യുക്രൈയ്‌നിലെ പ്രതിസന്ധി മോള്‍ഡോവയിലും പ്രതിസന്ധി സൃഷ്ടിച്ചു. ട്രാന്‍സ്‌നിസ്ട്രിയയിലെ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുമായുള്ള ദീര്‍ഘകാലമായുള്ള സംഘര്‍ഷങ്ങള്‍ തടയാന്‍ നിഷ്പക്ഷ പ്രതിരോധ നയം പാലിക്കുകയാണ് രാജ്യം. എന്നാല്‍, മോള്‍ഡോവയില്‍ നിന്ന് വേര്‍പിരിഞ്ഞ ട്രാന്‍സ്‌നിസ്ട്രിയയുടെ അതിര്‍ത്തിയില്‍ യുക്രൈയ്ന്‍ സൈന്യം തമ്പടിച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. യുക്രൈനിന്റെ ആസൂത്രിതമായ പ്രകോപനം ട്രാന്‍സ്‌നിസ്ട്രിയയില്‍ നിയമപരമായി വിന്യസിച്ചിരിക്കുന്ന റഷ്യന്‍ സമാധാന സേനയ്ക്ക് ഭീഷണിയാണെന്നും മോസ്‌കോ പറഞ്ഞു.
Also read- ആരാണ് അദാനി വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച ജോർജ് സോറോസ്?
മോള്‍ഡോവയുടെ പ്രതികരണം?
റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് മോള്‍ഡോവ സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം കണക്കിലെടുക്കണമെന്നും മോൾഡോവ അറിയിച്ചു.
റഷ്യയ്ക്കെതിരായ മോള്‍ഡോവയുടെ അവകാശവാദങ്ങള്‍
സര്‍ക്കാര്‍ വിരുദ്ധ സമരത്തിലൂടെ തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ റഷ്യ ഗൂഢാലോചന നടത്തുന്നുവെന്ന് മോള്‍ഡോവന്‍ പ്രസിഡന്റ് മായ സന്ദു ആരോപിച്ചു. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിച്ചു. റഷ്യയില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ തങ്ങള്‍ തയാറാണെന്ന് മോള്‍ഡോവയുടെ വിദേശകാര്യ മന്ത്രി ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘മോള്‍ഡോവയില്‍ അക്രമം അഴിച്ചുവിടാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തും. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രാധാന ലക്ഷ്യം. രാജ്യത്തുടനീളം സമാധാനം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ റിപ്പോര്‍ട്ടില്‍ സന്ദു പറഞ്ഞു.
എന്താണ് ട്രാന്‍സ്‌നിസ്ട്രിയ?
1992ലെ ഒരു ചെറിയ യുദ്ധത്തിനുശേഷം മോള്‍ഡോവയില്‍ നിന്ന് വേര്‍പിരിഞ്ഞ യുക്രൈയ്നുമായി അതിര്‍ത്തി പങ്കിടുന്ന ചെറിയ പ്രദേശമാണ് ട്രാന്‍സ്‌നിസ്ട്രിയ. അന്നുമുതല്‍ ഇവിടെ റഷ്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന്, ഡൈനസ്റ്റര്‍ നദിക്കും യുക്രെയ്ന്‍ അതിര്‍ത്തിക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ സംസാരിക്കുന്ന ട്രാന്‍സ്‌നിസ്ട്രിയയുടെ ഭൂരിഭാഗം പ്രദേശവും മോള്‍ഡോവയില്‍ നിന്ന് വേര്‍പെട്ടതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read- ഒരേയൊരു മുരളി; കുറേയധികം പ്രതിമകൾ; നടന്റെ പേരിലെ വിവാദം
1992-ല്‍, വിഘടനവാദികള്‍ മോള്‍ഡോവയുടെ പാശ്ചാത്യ അനുകൂല സര്‍ക്കാരിനെതിരെ യുദ്ധം ചെയ്തിരുന്നു. ഇത് നൂറുകണക്കിന് മരണങ്ങള്‍ക്കും ട്രാന്‍സ്‌നിസ്ട്രിയയില്‍ റഷ്യന്‍ സൈന്യത്തിന്റെ ഇടപെടലിനും കാരണമായി. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത 2006 ലെ ഒരു റഫറണ്ടത്തില്‍, ട്രാന്‍സ്‌നിസ്ട്രിയയിലെ 97.1% വോട്ടര്‍മാര്‍ റഷ്യയില്‍ ചേരുന്നതിനെ പിന്തുണച്ചു. ഇത് റൊമാനിയയുമായും മറ്റ് മുന്‍ കമ്മ്യൂണിസ്റ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള മോള്‍ഡോവയുടെ സാധ്യതകളാണ് ഇല്ലാതാക്കിയത്.
ട്രാന്‍സ്‌നിസ്ട്രിയ റഷ്യന്‍ അനുകൂല വിമതരുടെ അധികാരത്തിന്‍ കീഴിലുമാണ്. 1,500 റഷ്യന്‍ സൈനികരും കൂറ്റന്‍ ആയുധ സംഭരണശാലയും ഇവിടെയുള്ളതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, റഷ്യന്‍ ന്യൂനപക്ഷമുള്ള 26 ലക്ഷം ആളുകൾ മാത്രമുള്ള ഒരു ദരിദ്ര രാജ്യമായ മോള്‍ഡോവ സമീപ വര്‍ഷങ്ങളില്‍ പാശ്ചാത്യ അനുകൂല നടപടി സ്വീകരിച്ചത് മോസ്‌കോയെ ചൊടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.