• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും സ്വർണ്ണമായി തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ': കെ.സുരേന്ദ്രൻ

'അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും സ്വർണ്ണമായി തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ': കെ.സുരേന്ദ്രൻ

സ്വർണ്ണക്കള്ളക്കടത്തുകാർക്ക് വേണ്ടി എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോ​ഗം ചെയ്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. യൂണിടാക്ക് എംഡി തന്നെ സ്വപ്നയ്ക്ക് കമ്മീഷൻ കൊടുത്തതായി സമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് ഭവനനിർമ്മാണത്തിന് കമ്മീഷൻ കിട്ടുന്നതെന്ന് ലൈഫിന്റെ ചെയർമാനായ മുഖ്യമന്ത്രി പറയണം.

പിണറായി വിജയൻ, കെ സുരേന്ദ്രൻ

പിണറായി വിജയൻ, കെ സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: കള്ളക്കടത്തുകാർക്ക് അഴിമതി പണം യു.എസ് ഡോളറാക്കി വിദേശത്തേക്ക് കടത്താനും അവിടുത്തെ ബാങ്കുകളിൽ നിക്ഷേപിച്ച് അത് സ്വർണ്ണക്കടത്തിനായി ഉപയോ​ഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിർഭാ​ഗ്യത്തിന് പ്രകൃതി ദുരന്തമായ പ്രളയത്തെ പോലും അഴിമതി നടത്താനുള്ള ഉപാധിയാക്കി സർക്കാർ മാറ്റിയതായി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

    സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കമ്മീഷൻ, പ്രളയത്തിന്റെ പേരിൽ വന്ന പണം എന്നിവയെല്ലാം യു.എസ് ഡോളറാക്കി മാറ്റി. ഇതിനായി ചില യു.എ.ഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥൻമാരുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് യു.എ.ഇ കോൺസുലേറ്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കോൺടാക്ട് പോയിന്റായി ശിവശങ്കരനെ നിർദ്ദേശിക്കുന്നത്. സ്വപ്നയ്ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തുന്നതും സ്പേസ് പാർക്കിൽ നിയമിക്കുന്നതും മുഖ്യമന്ത്രിയാണെന്ന് വ്യക്തമായിരിക്കുകയാണ്.

    ജൂലായ് 7,9 തിയ്യതികളിൽ നടന്ന വാർത്താസമ്മേളനങ്ങളിൽ താൻ ഈ കാര്യം പറ‍ഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് 2017 മുതൽ സ്വപ്നയുമായ് ബന്ധമുണ്ടെന്നും ഓഫീസിലും ഔദ്യോ​ഗിക വസതിയിലും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ എല്ലാവർക്കും മനസിലായി. ഇപ്പോൾ പുറത്തുവന്നത് ഒരു പ്രതിയുടെ വെറും മൊഴിയല്ല മറിച്ച് ഇഡിയുടെ അന്വേഷണത്തിൽ മനസിലായ കാര്യങ്ങളാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

    സ്വർണ്ണക്കള്ളക്കടത്തുകാർക്ക് വേണ്ടി എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോ​ഗം ചെയ്ത മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. യൂണിടാക്ക് എംഡി തന്നെ സ്വപ്നയ്ക്ക് കമ്മീഷൻ കൊടുത്തതായി സമ്മതിച്ചിരിക്കുന്നു. എങ്ങനെയാണ് ഭവനനിർമ്മാണത്തിന് കമ്മീഷൻ കിട്ടുന്നതെന്ന് ലൈഫിന്റെ ചെയർമാനായ മുഖ്യമന്ത്രി പറയണം.


    ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രി ഘോഷയാത്രയുടെ വി​ഗ്രഹങ്ങൾ ലോറിയിൽ കൊണ്ടുപോകുമെന്ന മന്ത്രി കടകംപള്ളിയുടെ നിലപാട് അം​ഗീകരിക്കാനാവില്ല. മന്ത്രിയുടെ വാശിയും ദാർഷ്ട്യവും കാണിക്കാനുള്ള സ്ഥലമല്ല നവരാത്രി ഘോഷയാത്ര. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടത്തെ ഒഴിവാക്കി ആചാരങ്ങൾ പാലിച്ച് വേണം ഘോഷയാത്ര നടത്താൻ. ശബരിമലയിൽ നെയ്യഭിഷേകം അനുവദിക്കില്ലെന്ന് പറയാൻ കടകംപള്ളിയാരാണ്? ശബരിമല തന്ത്രിയാണോ? തന്ത്രി പണിയല്ല മന്ത്രി പണിയാണ് കടകംപള്ളി ചെയ്യേണ്ടത്. തന്ത്രിസമാജത്തോടും വിശ്വാസി പ്രതിനിധികളോടും കൂടിയാലോചിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്. ആചാരങ്ങൾ ലംഘിക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ ബി.ജെ.പി ശക്തമായി പ്രതികരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
    Published by:Aneesh Anirudhan
    First published: