കൊല്ലം: സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവും ഗണേഷ്കുമാറിന്റെ ബന്ധുവുമായ ശരണ്യ മനോജ്. ''സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. രക്ഷിക്കണമെന്ന് ഗണേഷ്കുമാര് പറഞ്ഞതുകൊണ്ട് ഞാൻ ഇടപ്പെട്ടു. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണ്''- ശരണ്യ മനോജ് പറഞ്ഞു. പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.
''സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും''-ശരണ്യ മനോജ് പറഞ്ഞു.
''ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നു. അത് പിന്നീട് എഴുതി ചേര്‍ത്തതാണ്. ഗണേഷ് കുമാറാണ് ഇതിന് പിന്നിൽ'- ശരണ്യ മനോജ് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വന്തം പിതാവിനെ തള്ളിപറഞ്ഞ ഗണേഷിന് ആരോടും ആത്മര്‍ത്ഥതയില്ല. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നാണ് താന്‍ മനസ്സിലാക്കുന്നുവെന്നും ശരണ്യ മനോജ് പ്രതികരിച്ചു.
'പരാതിക്കാരിയും ഗണേഷ് കുമാറും ദീര്‍ഘകാലമായി ബന്ധമുണ്ട്. അവര്‍ വിവാഹം കഴിക്കാനൊരുങ്ങിയതാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സോളാര്‍ കേസില്‍ ഗണേഷിന്റെ പേര് പുറത്ത് വരരുത് എന്നാണ് താന്‍ പരാതിക്കാരിയോടും അഭിഭാഷകരോടും പറഞ്ഞത്' -ശരണ്യ മനോജ് പറഞ്ഞു. ഗണേഷ് കുമാര്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്നയാളാണ് പി.എ.പ്രദീപ്. അയാള്‍ക്ക് സിനിമ മേഖലയുമായിട്ടൊന്നും ബന്ധമില്ല. ഗണേഷിന് വേണ്ടിയാകും നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.