പോര് മുറുകുന്നു: പാലാ തന്‍റെ 'ചങ്കെന്ന്' മാണി സി കാപ്പൻ; 'ഹൃദയവികാരം' എന്ന് ജോസ് കെ മാണി
- Published by:Asha Sulfiker
- news18-malayalam
Last Updated:
വൈകാരിക ബന്ധം പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട. കെഎം മാണി അല്ല ഇപ്പോൾ പാലായുടെ എംഎൽഎ. എൻസിപി വിജയിച്ച സീറ്റുകൾ മറ്റാർക്കും വിട്ടു നൽകേണ്ട എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നും മാണി സി കാപ്പൻ
കോട്ടയം: മുന്നണി പ്രവേശനം ഉടൻ പ്രഖ്യാപിക്കാനിരിക്കെ പാലാ സീറ്റിനെ ചൊല്ലി ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിൽ പോര് മുറുകുന്നു. പാലാ തന്റെ ചങ്കാണ് എന്നും സീറ്റ് വിട്ടുനൽക്കുന്ന പ്രശ്നമില്ലെന്നും മാണി സി കാപ്പൻ തുറന്നടിച്ചു. ജോസ് കെ മാണിക്ക് പാലായുമായുള്ള ഹൃദയബന്ധം ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു കാപ്പന്‍റെ മറുപടി.
വൈകാരിക ബന്ധം പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട. കെഎം മാണി അല്ല ഇപ്പോൾ പാലായുടെ എംഎൽഎ. എൻസിപി വിജയിച്ച സീറ്റുകൾ മറ്റാർക്കും വിട്ടു നൽകേണ്ട എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കും. ഒരു വർഷം കൊണ്ട് പാലായിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്തി എന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നതുകൊണ്ട് പാലായിൽ വലിയ ഗുണമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മാണി സി കാപ്പന്റെ പ്രതികരണത്തെ കുറിച്ച് കൂടുതൽ പറയാൻ ഇല്ല എന്നു പറഞ്ഞുകൊണ്ടാണ് ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടത്. എന്നാൽ പാലാ തനിക്ക് ഹൃദയവികാരം ആണെന്ന് ജോസ് കെ മാണി തിരിച്ചടിച്ചു. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ജോസ് കെ മാണി പറയുന്നു. അതേസമയം മുന്നണി പ്രവേശന പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാം എന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി ഒഴിഞ്ഞുമാറി. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
നാളെയോ മറ്റന്നാളോ ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ പാലാ കാഞ്ഞിരപ്പള്ളി സീറ്റുകളിൽ തീരുമാനം ആകാത്തതിനാൽ തർക്കം തുടരുമെന്ന് ഉറപ്പാണ്. കാഞ്ഞിരപ്പള്ളി സീറ്റ് നൽകാൻ തയ്യാറല്ല എന്നാണ് സിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകും സിപിഎം ശ്രമം. ഇടതു പ്രവേശനം പ്രഖ്യാപിച്ചാൽ ജോസ് കെ മാണി വിഭാഗത്തിൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോ എന്നതാണ് ഇനിയുള്ള ദിവസങ്ങളിൽ അറിയാനുള്ളത്.
advertisement
കൂടുതൽ നേതാക്കളെ ഒപ്പം എത്തിക്കാൻ പി ജെ ജോസഫ് വിഭാഗവും ശ്രമം തുടങ്ങി. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ പിടിച്ചെടുക്കുമെന്ന് ഇന്നലെ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പിജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച 15 സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നാണ് പി ജെ ജോസഫ് പറഞ്ഞിരിക്കുന്നത്.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയാൽ ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രധാനമാണ്. ആന്റണി രാജു ഉൾപ്പെടെയുള്ള ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ ഒപ്പം കൂട്ടാനാണ് സിപിഎം ജോസ് കെ മാണിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അങ്ങനെയെങ്കിൽ പതിമൂന്ന് സീറ്റുകൾ ലഭിക്കുമെന്നാണ് ജോസ് കെ മാണി വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആലത്തൂർ, തളിപ്പറമ്പ് ,പേരാമ്പ്ര ഉൾപ്പെടെയുള്ള സീറ്റുകൾ സിപിഎം വിട്ടു നൽകില്ല. അങ്ങനെ വന്നാൽ ജോസ് വിഭാഗത്തിന് ആകെ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോര് മുറുകുന്നു: പാലാ തന്‍റെ 'ചങ്കെന്ന്' മാണി സി കാപ്പൻ; 'ഹൃദയവികാരം' എന്ന് ജോസ് കെ മാണി