അങ്കാര: മനുഷ്യരും വളർത്തുനായ്ക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥകൾ ഒട്ടേറെ കേട്ടവരാണ് നമ്മൾ. ഇപ്പോൾ തുർക്കിയിലെ ബോൺകുക്ക് എന്ന വളർത്തുനായയുടെ സ്നേഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആശുപത്രിയുടെ മുൻപിൽ ബോൺകുക്ക് എന്ന വളർത്തുനായ ദിവസവും രാവിലെ കൃത്യം ഒൻപതുമണിക്ക് എത്തും. വൈകുന്നേരം വരെ ആശുപത്രി വാതിലിന് സമീപം സമയം ചെലവഴിക്കും. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കില്ല. വാതിൽ തുറന്നാൽ പതുക്കെ തല ഉയർത്തി അകത്ത് തന്റെ യജമാനനായ സെമൽ സെന്റർക്കിനെ തിരയും.
തുർക്കി സ്വദേശിയായ സെമൽ സെന്റർക്കിന്‍റെ വളർത്തുനായയാണ് ബോൺകുക്ക്. സെമലിന് അസുഖം ബാധിച്ചതോടെ ജനുവരി 14ന് ആംബുലൻസിൽ ട്രാബ്സോണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിന് പിറകെയോടി ബോൺകുക്കും ആശുപത്രിയിലെത്തി. ആശുപത്രിയുടെ പുറത്ത് തന്റെ യജമാനനെ കാത്ത് നായ പകൽ മുഴുവൻ ചെലവഴിക്കുകയായിരുന്നു. ബോൺകുക്കിനെ സെമലിന്റെ മകൾ അയ്നൂർ എഗേലി രാത്രി വീട്ടിലെത്തിക്കുമെങ്കിലും രാവിലെ കൃത്യം ഒമ്പതുമണിയാകുമ്പോൾ ബോൺകുക്ക് ആശുപത്രിക്ക് മുമ്പിലെത്തും.
'രാവിലെ ഒൻപതുമണിക്ക് നായ ആശുപത്രിയുടെ പുറത്തെത്തും. പിന്നീട് എവിടെയും പോകില്ല. അകത്തേക്ക് പ്രവേശിക്കുകയുമില്ല. വാതിൽ തുറന്നാൽ തല അകത്തേക്കിട്ട് യജമാനനെ തിരയും' -ആശുപത്രിയുടെ സുരക്ഷ ജീവനക്കാരൻ മുഹമ്മദ് അക്ഡെനിസ് പറഞ്ഞു. ഒരാഴ്ചയാണ് ബോൺകുക്ക് സെമലിനെ ആശുപത്രിയുടെ മുമ്പിൽ കാത്തിരുന്നത്. കടുത്ത വെയിൽ പോലും വകവെക്കാതെ ആശുപത്രിയുടെ വാതിലിന് മുന്നിൽ നിൽക്കുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രോഗം ഭേദമായ സെമൽ ബുധനാഴ്ച ആശുപത്രി വാസം അവസാനിപ്പിച്ചു. വീൽചെയറിൽ പുറത്തെത്തിയ സെമലിനെ ബോൺകുക്ക് സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. ആശുപത്രി വരാന്തയിൽ നായ്ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. 'അവൾക്ക് എന്നോട് വളരെ അടുപ്പമാണ്. അവളെ എനിക്കും വളരെയധികം മിസ് ചെയ്തിരുന്നു' -സെമൽ പറഞ്ഞു. വാഹനത്തിൽ ബോൺകുക്കിനെയും കൂട്ടിയായിരുന്നു സെമലിന്‍റെ വീട്ടിലേക്കുള്ള മടക്കയാത്ര.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.